Categories: Samskriti

കാവുകള്‍ വിശുദ്ധവനങ്ങള്‍…

Published by

പ്രകൃതിയിലെ ചരാചരങ്ങളെ ഈശ്വരചൈതന്യമായി അവരോധിക്കുമ്പോള്‍ സുവ്യക്തമായൊരു ലക്ഷ്യമുണ്ടായിരുന്നു ഋഷിവര്യന്മാര്‍ക്കും നമ്മുടെ പൂര്‍വികര്‍ക്കും. മനുഷ്യകുലത്തെ കാത്തുപോരാന്‍ പ്രകൃതിയെ പോറലേല്‍ക്കാതെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത അവര്‍ മുന്‍കൂട്ടികണ്ടു. ഇൗശ്വരനോടുള്ള ആരാധനയും പ്രതിബദ്ധതയും പ്രകൃതിയോടും ഉണ്ടാവണമെന്ന നിഷ്‌കര്‍ഷ. കാലാന്തരത്തില്‍ അത് ആചാരനുഷ്ഠാനങ്ങളായി രൂപാന്തരപ്പെട്ടു. തരുക്കളിലും താരകളിലും നദിയിലും മലമേടുകളിലുമെല്ലാം ഈശ്വരചൈതന്യത്തെ കാണാന്‍ അവര്‍ പഠിപ്പിച്ചു. 

ഒരു കാലത്ത് വീടിനോട് ചേര്‍ന്നൊരു കാവും കുളവും നമ്മുടെ ആവാസവ്യവസ്ഥയുടെ ഭാഗമായിരുന്നു. നാഗവും തേവരും കാവിന് കാവലാളായി. വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മളതിനെ അനാചാരങ്ങളുടെ പട്ടികയില്‍ പെടുത്തി. അപ്പോഴും, വിശ്വാസത്തോളം പ്രധാന്യമുള്ള കാവിന്റെ ശാസ്ത്രീയത അടുത്തറിയാന്‍ ആരും ശ്രമിച്ചിരുന്നില്ല. ഇന്ന് ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ പ്രകൃതി സംരക്ഷണത്തിന് ഉദാഹരിക്കുകയാണ് കാവുകളെ.

നിറഞ്ഞു തിങ്ങിയ വൃക്ഷങ്ങളും നാഗങ്ങളും പക്ഷികളും പരാഗങ്ങളുമെല്ലാം ഒന്നിനൊന്ന് തുണയായി നിന്ന കാവുകള്‍ കാലഹരണപ്പെട്ടു. അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്രം കാവെന്ന സംരക്ഷിത ‘മൈക്രോഫോറസ്റ്റുകള്‍’ ബാക്കിയായി. 

മനുഷ്യനന്മയ്‌ക്ക് ആധുനികശാസ്ത്രം മുന്നോട്ടു വെയ്‌ക്കുന്ന ഒട്ടേറെ ധര്‍മങ്ങള്‍ കാടുകള്‍  നിര്‍വഹിച്ചു. കാവുകളിലെ ചിതല്‍പ്പുറ്റുകള്‍ നല്ലൊരു ഇടിമിന്നല്‍ പ്രതിരോധകമായിരുന്നു. ഔഷധസസ്യങ്ങളുടെ കേദാരമായിരുന്നു കാവ്. വയലുകളോട് ചേര്‍ന്നുള്ള കാവുകള്‍ക്കുമുണ്ടായിരുന്നു തനതായൊരു ധര്‍മം. വയലുകളിലേക്ക് ജലം അരിച്ചിറങ്ങുന്ന പ്രക്രിയ ത്വരിതപ്പെടുത്താന്‍ കാവുകള്‍ക്ക് കഴിഞ്ഞു. കാവിലെ വൃക്ഷവൈവിധ്യങ്ങള്‍ പാഴ്മരങ്ങളെന്ന പേരില്‍ വെട്ടിമാറ്റിപ്പോഴും പിഴവു പറ്റിയത് മനുഷ്യനാണ്. ആല്‍മരവും മറ്റും ക്ഷേത്രങ്ങളില്‍ മതിയെന്ന് അവര്‍ തീരുമാനിച്ചു. അശോകവും ആര്യവേപ്പുമൊക്കെ വേണ്ടെന്നു വച്ചു. 

വിഷവാതകങ്ങളുടെ പട്ടികയിലുള്ള ഓസോണ്‍ വാതകം ചെറിയ അളവില്‍  ലഭ്യമായാലത് നല്ലൊരു അണുനാശിനിയാണ്. ആരോഗ്യത്തിനും നല്ലത്. അവശ്യമായ തോതില്‍ ഓസോണ്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന വൃക്ഷങ്ങളാണ് ആല്‍മരവും തുളസിയും. പുലര്‍വേളകളില്‍ ഇത് ശ്വസിക്കാന്‍ കൂടിയാണ് ആല്‍മരത്തെ ഏഴുതവണ വലം വെയ്‌ക്കണമെന്നു പറയുന്നത്. 

ഗ്രാമങ്ങളിലെ ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നു പോകാതെ കാത്തിരുന്നത് കാവുകളോട് ചേര്‍ന്നുള്ള കുളങ്ങളായിരുന്നു. ‘കാവുതീണ്ടിയാല്‍ കുളം വറ്റും’  എന്ന പഴമൊഴിയൊന്നു മതി പ്രകൃതിയെ കാക്കുന്നതില്‍ പൂര്‍വികര്‍ എത്ര ശ്രദ്ധാലുക്കളായിരുന്നു എന്നതറിയാന്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by