മലപ്പുറം : പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്‌ക്കുന്നവര്‍ക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവേശനമില്ലെന്ന് വൈസ് പ്രസിഡന്റ്. ഇരു സഭകളും പാസാക്കുകയും രാഷ്‌ട്രപതി ഒപ്പുവെച്ച് നിയമമാക്കുകയും ചെയ്ത ബില്ലിനെ എതിര്‍ത്ത് എടരിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈര്‍ തങ്ങളിന്റേതാണ് ഈ പ്രഖ്യാപനം. വൈസ് പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങള്‍.
പഞ്ചായത്തിലെ തന്റെ ഓഫീസ് മുറിക്ക് മുന്നില്‍ സിഎഎയെ പിന്തുണയ്‌ക്കുന്നവര്‍ക്ക് പ്രവേശനം ഇല്ലെന്ന് നോട്ടീസ് ഓട്ടിക്കുകയും സമൂഹ മാധ്യമങ്ങളില്‍ ലൈവായി വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും സുബൈറിന്റെ ഈ പ്രവര്‍ത്തിക്കെതിരെ നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
പഞ്ചായത്ത് ഓഫീസ് സ്വന്തം വീടും സ്വകാര്യ സ്ഥാപനമോ ഒന്നുമല്ല. ഇവിടെ പ്രവേശിക്കാന്‍ പാടില്ലെന്ന് പ്രഖ്യാപനം നടത്താന്‍ സുബൈറിന് സാധിക്കില്ലെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ആരോപണം ഉയരുന്നത്. സുബൈറിന്റേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ആരോപിക്കുന്നുണ്ട്.
എന്തിന്റെ പേരിലായാലും പൊതു സ്ഥാപനത്തില്‍ ജനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരു ജനപ്രതിനിധിക്കും അവകാശമില്ല. സുബൈര്‍ നടത്തിയിരിക്കുന്നത് ഭരണഘടനാ ലംഘനമാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നു ഇയാള്‍ രാജിവെയ്‌ക്കുകയാണ് വേണ്ടത്. എല്ലാവര്‍ക്കും തുല്യ അവകാശമുള്ള സര്‍ക്കാര്‍ സ്ഥാപനത്തില്‍ സുബൈര്‍ കടുത്ത വിവേചനമാണ് കാണിച്ചിരുക്കുന്നതെന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
















