തിരൂര്‍(മലപ്പുറം): പൗരത്വ നിയമ ഭേദഗതിയുടെ സത്യാവസ്ഥ മനസ്സിലാക്കിയിട്ടും കേരളാ സര്‍ക്കാരും മുഖ്യമന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി സോംപ്രകാശ്. തിരൂരില്‍ ജനജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പൗരന്മാരെ ബാധിക്കുന്ന നിയമമല്ല ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. ഇതുമനസ്സിലാക്കിയിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരും ബിജെപിയും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളും പരാജയപ്പെടുത്താനാണ് കേരളത്തിലെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. തെറ്റിദ്ധാരണ പരത്താന്‍ ഒരുവിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നു. രാജ്യത്തെ മതേതരത്വം കാത്തുസൂക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ്, അദ്ദേഹം പറഞ്ഞു.
തിരൂര്‍ മണ്ഡലം പ്രസിഡന്റ് കെ.പി. പ്രദീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍, ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, കെ.സി. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.
















