കൊച്ചി: ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സാഹിത്യ വിമര്‍ശകന്‍ പ്രൊഫ. ജോസഫ് മുണ്ടശേരി ‘വിപ്ലവത്തിന്റെ ശുക്ര നക്ഷത്ര’മെന്ന് വിശേഷിപ്പിച്ച മഹാകവി കുമാരനാശാന്റെ ചരമ വാര്‍ഷികം അനുസ്മരിക്കാന്‍ പോലുമാകാത്ത ‘ദുരവസ്ഥ’യില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. നവോത്ഥാനത്തിന്റെ സ്വയം പ്രഖ്യാപിത ചാമ്പ്യന്മാരായ സംസ്ഥാന സര്‍ക്കാരിന് സാഹിത്യ-സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ നവോത്ഥാന നായകന്‍ കുമാരനാശാനെ ഓര്‍മിക്കാനായില്ല. കവിയുടെ 96 -ാം ചരമ വാര്‍ഷിക ദിനമായിരുന്നു ജനുവരി 16.
ആധുനിക കവിത്രയത്തില്‍ മൂവരും തുല്യരായിരുന്നെങ്കിലും ഉള്ളൂര്‍ എസ്. പരമേശ്വരയ്യരേയും വള്ളത്തോള്‍ നാരായണ മേനോനെയും നീക്കി നിര്‍ത്തി കുമാരനാശാനെ പ്രകീര്‍ത്തിക്കാന്‍ ചിലര്‍ മുന്‍കൈ എടുത്തിരുന്നു. ഉള്ളൂര്‍ അയ്യരും രാജഭക്തനും പുരാണ ഇതിഹാസ വിഷയങ്ങള്‍ കവിതയാക്കുന്നയാളുമാണെന്ന് ആക്ഷേപിക്കുന്നവരും ഉണ്ടായിരുന്നു. വള്ളത്തോളിന്റെ ‘മേനോന്‍ വാലും’ കഥകളിക്കമ്പവും മൂലം ക്ലാസിക്- വരേണ്യ വര്‍ഗ സംസ്‌കാര പുനഃസ്ഥാപകനെന്ന വിമര്‍ശനങ്ങളും പരന്നു. എന്നാല്‍, കുമാരനാശാനെ കവിതക്കുപരി മറ്റ് പല പട്ടങ്ങളും ചാര്‍ത്തി പുകഴ്‌ത്തുന്നതിലും ചിലര്‍ മത്സരിച്ചിരുന്നു. പുരോഗമന കലാ സാഹിത്യ പ്രസ്ഥാനം നിയന്ത്രിച്ചിരുന്ന കമ്യൂണിസ്റ്റ് നേതാവ് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് അതിന് ഒരുകാലത്ത് താത്ത്വിക പരിവേഷവും നല്‍കിയിരുന്നു.
‘ചണ്ഡാല ഭിക്ഷുകി’യും ‘ദുരവസ്ഥ’യും അടക്കമുള്ള ആശാന്‍ കൃതികളുടെ ഉള്ളടക്കത്തിലെ ‘വിപ്ലവ’ത്തോട് പില്‍ക്കാലത്ത് കണ്ണടച്ച ഇഎംഎസ്, ആശാനെ ബൂര്‍ഷ്വാ കവിയെന്നു വിളിച്ചതും ഇന്ന് ആശാനെ കമ്യൂണിസ്റ്റുകള്‍ തമസ്‌കരിക്കുന്നതും ഒറ്റക്കാരണത്താലാണ്, ആശാന്റെ ‘ദുരവസ്ഥ’ എന്ന കൃതി. ‘ദുരവസ്ഥ’യുടെ ഇതിവൃത്തം ചാത്തന്‍ എന്ന പുലയന്‍ സാവിത്രി എന്ന അന്തര്‍ജനത്തിന് സാമൂഹ്യാഭയം കൊടുക്കുന്നതും അവര്‍ വിവാഹിതരായി ജീവിതം നയിക്കുന്നതുമാണ്. കമ്യൂണിസ്റ്റുകള്‍ അവരുടെ നവോത്ഥാന നയങ്ങളില്‍ പറയുന്ന ഈ വിപ്ലവ സങ്കല്‍പ്പം 1922-ല്‍ 98 വര്‍ഷം മുമ്പ് ആശാന്‍ അവതരിപ്പിച്ചിട്ടും ആശാനെ അംഗീകരിക്കാത്തത് പാര്‍ട്ടിയുടെ മുസ്ലിം വോട്ടുബാങ്ക് രാഷ്‌ട്രീയം കൊണ്ടാണ്.
അമ്പതാം വയസില്‍, 1924ല്‍, ബോട്ടപകടത്തില്‍ മുങ്ങിമരിച്ച കവി കുമാരനാശാന്‍, 1922 ല്‍ എഴുതിയ ദുരവസ്ഥയുടെ ഇതിവൃത്തം അതാണെങ്കിലും അതിന്റെ സാമൂഹ്യ പശ്ചാത്തലം 1921ലെ മാപ്പിള ലഹളയാണ്. 1921 -ല്‍ മലപ്പുറത്തും മലബാറിലാകെയും നടന്ന മാപ്പിള ലഹളയില്‍, നമ്പൂതിരി ഇല്ലങ്ങളും ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദു വീടുകളും ആക്രമിക്കപ്പെട്ടു. ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. സ്ത്രീകള്‍ കൂട്ട ബലാല്‍ക്കാരങ്ങള്‍ക്കിരയായി. അങ്ങനെ മുസ്ലിം തെമ്മാടികളില്‍നിന്ന് രക്ഷപ്പെട്ട് ഓടി, സാവിത്രി എന്ന അന്തര്‍ജനം ചാത്തന്റെ കുടിയില്‍ എത്തിയതായി ആശാന്‍ ദുരവസ്ഥയില്‍ എഴുതുന്നു. 1921 ലെ മാപ്പിള ലഹളയുടെ യഥാര്‍ഥ ചരിത്രം അപ്പാടെയുണ്ട് ദുരവസ്ഥയില്‍.
”ക്രൂരമഹമ്മദര്‍ ചിന്തിയ ഹൈന്ദവച്ചോരയാല്‍ ചോപ്പെഴും ഏറനാട്ടില്‍… അമ്മമാരില്ലേ സഹോദരിമാരില്ലേ, ഇമ്മൂര്‍ഖര്‍ക്കീശ്വര ചിന്തയില്ലേ” എന്നിങ്ങനെയുള്ള വരികളും ആക്രമണത്തിന്റെ ക്രൂരതയുടെ ചിത്രണവുമുണ്ട്. എന്നാല്‍, മാപ്പിള ലഹളയെ, അതിന്റെ ഇരയായി നാടുവിടേണ്ടിവന്ന ഇഎംഎസ്തന്നെ, മലബാറില്‍ കമ്യൂണിസ്റ്റുകള്‍ക്ക് മുസ്ലിം രാഷ്‌ട്രീയ പിന്തുണ നേടാന്‍, കാര്‍ഷിക വിപ്ലവമായി വ്യാഖ്യാനിച്ചു. അതോടെ ആശാന്റെ ദുരവസ്ഥയേയും ആശാനെത്തന്നെയും തള്ളിപ്പറയുന്ന ‘ദുരവസ്ഥ’ പാര്‍ട്ടിക്ക് വന്നു ചേരുകയായിരുന്നു. കുമാരനാശാനെയും ആശാന്റെ സാഹിത്യ രചനകള്‍ക്കും പ്രേരകനായിരുന്ന ശ്രീ നാരായണ ഗുരുവിനേയും ഇഎംഎസ് ബ്രിട്ടീഷുകാരുടെ സേവകരും ബൂര്‍ഷ്വകളുമായി വിശേഷിപ്പിക്കുകയായിരുന്നു.
കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ എന്ന കാവ്യത്തില്‍ സീത ശ്രീരാമനെ വിമര്‍ശിക്കുന്നുണ്ട്. അത് രാമനിന്ദ ആവര്‍ത്തിക്കാനും ഹിന്ദു അധിക്ഷേപത്തിനുമുള്ള അവസരമായി വിനിയോഗിക്കാനും ലക്ഷ്യമിട്ട് ആശാന്റെ സീതയുടെ നൂറാം വാര്‍ഷികം കഴിഞ്ഞ വര്‍ഷം ആഘോഷിച്ചവര്‍ക്ക് 1921 ലെ മാപ്പിള ലഹളയെ പേടിച്ച്, ആശാനെ അനുസ്മരിക്കാനാവാത്ത ദുരവസ്ഥയാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: