ബിജെപി നേതാക്കള്‍ സമയം കിട്ടുമ്പോള്‍ ചരിത്രം പഠിക്കണമെന്ന് ഉപദേശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്വന്തം പാര്‍ട്ടിയുടെ ചരിത്രത്താളുകള്‍ പിന്നോട്ട് മറിച്ചുനോക്കാന്‍ സമയം കണ്ടെത്തണം. രണ്ടാം ഇന്റര്‍നാഷണലിന്റെ പരാജയത്തോടെ വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ റഷ്യയുടെയും ചൈനയുടെയും നേതൃത്വത്തില്‍ ഇരുചേരികളിലായി. ഇന്ത്യയിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി. റഷ്യന്‍ നിലപാടിനെ പിന്‍പറ്റിയ ഡാങ്കേ ഗ്രൂപ്പിനെ പരാജയപ്പെടുത്താന്‍ ചൈനീസ് പക്ഷപാതികളായ രണദിവേ ഗ്രൂപ്പ് കാര്‍ഷിക സായുധ കലാപത്തിന് ആഹ്വാനം നല്കി. ഈ തീസ്സിസിന്റെ പ്രയോഗമായി പാര്‍ട്ടിയുടെ സ്വാധീനമേഖലകളില്‍ കൊലപാതകങ്ങളും അക്രമങ്ങളും അരങ്ങേറി. ഇതേ കാലയളവില്‍ ക്യാബിനറ്റ് മിഷന് പദ്ധതിയുടെ വ്യവസ്ഥകളനുസരിച്ച് 1946 ഫെബ്രുവരിയില്‍ ഭരണഘടനാ നിര്‍മ്മാണ സമിതിയിലേക്ക് തെരഞ്ഞെടുപ്പുകള്‍ നടന്നു. 1946 ഡിസംബര്‍ 9 ന് ന്യൂദല്‍ഹിയിലുള്ള പാ
ര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഭരണഘടനാ നിര്‍മ്മാണസഭയുടെ ആദ്യയോഗം ചേര്‍ന്നു. കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലി ചെയര്‍മാനായി ഡോ. രാജേന്ദ്രപ്രസാദിനേയും ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റി ചെയര്‍മാനായി ഡോ.അംബേദ്കറേയും യോഗം തെരഞ്ഞെടുത്തു. അല്ലാടി കൃഷ്ണസ്വാമി അയ്യര്‍, ആര്. ഗോപാലസ്വാമി അയ്യങ്കാര്‍, സെയ്ദ് മുഹമ്മദ് സാദുള്ള, കെ.എം. മുന്‍ഷി, ബി.എല്‍. മിത്തല്‍, ഡി.പി.ഖെയ്ത്താന്‍ എന്നിവരായിരുന്നു ഡ്രാഫ്റ്റിംഗ് കമ്മറ്റി അംഗങ്ങള്‍. മിത്തലിന്റെ മരണത്തെ തുടര്‍ന്ന് എന്‍. മാധവറാവുവും, ഖെയ്ത്താന്റെ മരണത്തെ തുടര്‍ന്ന് ടി.ടി. കൃഷ്ണമാചാരിയും ഡ്രാഫ്റ്റിംഗ് കമ്മറ്റിയില്‍ നിയമിതരായി. വിവിധ തുറകളില്‍ പ്രഗത്ഭരും പ്രശസ്തരുമായ 300 പേര് ജനറല്‍ അസംബ്ലിയില്‍ ഉണ്ടായിരുന്നു. കേരളത്തില്‍ നിന്നും പി.ടി. ചാക്കോ, ദാമോദരമേനോന്‍, ദാക്ഷായണി വേലായുധന്, ആര്.ശങ്കര്‍ തുടങ്ങിയവര്‍ ജനറല്‍ അസംബ്ലി അംഗങ്ങളായിരുന്നു. ദേശീയപാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിനായിരുന്നു അസംബ്ലിയില്‍ ഭൂരിപക്ഷം. അന്ന് ജനസംഘം രൂപപ്പെട്ടിരുന്നില്ല. അഖണ്ഡ ഭാരതമെന്ന നിശ്ചയവുമായി ഹൈന്ദവപ്രാതിനിധ്യം വഹിച്ചത് ഹിന്ദുമഹാസഭ ആയിരുന്നു. കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയില്‍ വ്യാവസായിക മണ്ഡലമുള്‍പ്പെടെ വിവിധ താത്പര്യങ്ങള്‍ക്കും പ്രാതിനിധ്യമുണ്ടായിരുന്നു. ന്യൂനപക്ഷ കമ്മറ്റിയില്‍ ഡോ.അംബേദ്കറും, റാവു ബഹദൂര്‍ ശ്രീനിവാസനും പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങളെ പ്രതിനിധീകരിച്ചു. മതന്യൂനപക്ഷങ്ങളെ പ്രതിനിധീകരിച്ചത് സി.എഫ്. ആന്‍ഡ്രൂസും രാജ്കുമാരി അമൃത്കൗറുമായിരുന്നു. പാക്കിസ്ഥാനല്ലെങ്കില്‍ നാശമടയുക എന്ന വിഘടനവാദ മുദ്രാവാക്യമുയര്‍ത്തിയ മുസ്ലിം ലീഗിന്റെയോ ക്വിറ്റ് ഇന്ത്യാസമരത്തെ ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയോ പ്രതിനിധികള്‍ ആരും ഡ്രാഫ്റ്റിംഗ് കമ്മറ്റിയിലോ ജനറല്‍ അസംബ്ലിയിലോ ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യം വെളുത്ത മുതലാളിമാരില്‍ നിന്നും കറുത്ത മുതലാളിമാരിലേക്കുള്ള അധികാര കൈമാറ്റമാണെന്ന വിലയിരുത്തലില്‍ കമ്മ്യൂണിസ്റ്റുകാര്‍ 1947 മുതല്‍ സ്വാതന്ത്ര്യദിനം കരിദിനമായി ആഘോഷിച്ചുപോന്നു. അവര്‍ക്ക് ഗാന്ധിജി ബൂര്‍ഷ്വാ നേതാവും, അംബേദ്കര്‍ ബ്രിട്ടീഷ് ചാരനുമായിരുന്നു.
ഇന്ത്യന്‍ ഭരണകൂടം ടാറ്റാ – ബിര്‍ളാ കോണ്‍സ്റ്റിറ്റിയൂഷന്‍ ആണെന്നായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ പ്രഖ്യാപിത നിലപാട്. ഭരണഘടനയുടെ അലകും പിടിയും മാറണമെന്നായിരുന്നു എ.കെ. ഗോപാലനെപ്പോലുള്ള സമുന്നത നേതാക്കളുടെ പരസ്യമായ പ്രതികരണങ്ങള്‍. 1967 ല്‍ മുഖ്യമന്ത്രി ആയിരിക്കെ ഭരണഘടനയെയും കോടതിയേയും വിമര്‍ശിച്ചതിന് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെതിരെ കേരളാ ഹൈക്കോടതി, കോടതി അലക്ഷ്യം ചുമത്തിയത് അനുതാപത്തോടെ ഇത്തരുണത്തില്‍ സ്മരിക്കാം. ഭരണഘടനാ സമിതിയില്‍ ഒരു പങ്കും വഹിക്കാത്ത കമ്യൂണിസ്റ്റുകളുടെ ഭരണഘടനാ സംരക്ഷണസമിതി അവരുടെ അവസരവാദ നിലപാടുകളുടെ തുടര്‍ച്ചയാണ്.
വ്യാജ ആശങ്കകള്‍ക്കും ഒരു രാഷ്ട്രീയ പരിസരമുണ്ടെന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ യുള്ള പ്രക്ഷോഭം തെളിയിച്ചു. പാക്കിസ്ഥാനെ പിതൃഭൂമിയായി സ്വപ്നംകണ്ടു നടന്ന മൈക്രോ മൈനോറിറ്റീസിന്റെ ആശങ്കകള്‍ക്ക് രാഷ്ട്രീയ പരിവേഷം നല്കി ന്യൂനപക്ഷ സമൂഹത്തിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് അവര്‍ ദളിതുകളെ തേടി ഇറങ്ങിയത്. ദളിതുകളുടെ സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെ മരുപ്പച്ചയായി അവര്‍ തെറ്റിദ്ധരിച്ചു. ഒരു ദളിതന് രൂപകല്‍പ്പന ചെയ്ത ഭരണഘടന അട്ടിമറിച്ച് മനുസ്മൃതി പുനഃസ്ഥാപിക്കുമെന്നും, സംവരണം ഉള്‍പ്പെടെയുള്ള സാമൂഹിക പരിരക്ഷ ഇല്ലാതാക്കുമെന്നും, പൗരത്വനിയമം നടപ്പാക്കുന്നതിലൂടെ ദളിതുകളുടെ പ്രതിഷേധങ്ങള്‍ റദ്ദുചെയ്യപ്പെടുമെന്നും, അവരെ രാജ്യത്തുനിന്നും പുറംതള്ളുമെന്നും പ്രചണ്ഡമായ പ്രചരണങ്ങള്‍ നടത്തി. എന്നാല്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ഭരണ പങ്കാളിത്തമുണ്ടെന്നും പാര്‍ലമെന്റില്‍ അവരുടെ എംപിമാരുടെ കൂടി പിന്തുണയോടെയാണ് ഈ ബില്‍ പാസ്സായതെന്നും തീവ്രവാദികള്‍ സൗകര്യപൂര്‍വ്വം വിസ്മരിച്ചു. മായാവതിയെപ്പോലും അവര്‍ക്ക് കൂട്ടായി ലഭിച്ചില്ല. ഇതില്‍ കുപിതനായ രാഹുല്‍ഗാന്ധി ബിഎസ്പിയെ തകര്‍ക്കാന്‍ കണ്ടെത്തിയ കോടാലിക്കൈയ്യാണ് അക്രമകാരിയും ഇടത് തീവ്രവാദിയുമായ ചന്ദ്രശേഖര ആസാദ്. 90കള്‍ മുതല്‍ ചെല്ലും ചെലവും നല്കി വളര്‍ത്തിയെടുത്ത ഏതാനും തീവ്ര ദളിത് മുസ്ലിം ആക്ടിവിസ്റ്റുകളുടെ പിന്തുണയ്ക്കപ്പുറം പട്ടികജാതി സമൂഹത്തിലേക്ക് കടന്നുകയറാന്‍ അയാള്‍ക്കായില്ല.
ബംഗ്ലാദേശ് പോലുള്ള മുസ്ലിം മതരാഷ്ട്രങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നതും, വംശഹിംസയ്ക്ക് വിധേയമാക്കപ്പെടുന്നതും ന്യൂനപക്ഷമായ ദളിതുകളും ഗോത്രസമൂഹങ്ങളുമായിരിക്കും. അഭയാര്‍ത്ഥിയാകാന്‍ വിധിക്കപ്പെട്ട പാക്കിസ്ഥാന് മുന്‍ നിയമമന്ത്രി യോഗേന്ദ്രനാഥ് മണ്ഡലിന്റെ ജീവിതം തന്നെ ഇതിന് നേര് സാക്ഷ്യമാണ്. തങ്ങളുടെ നിലനില്‍പ്പിന് ആധാരമായ സ്വത്വത്തിനും സാംസ്കാരിക തനിമയ്ക്കും നേരേയുള്ള കടന്നാക്രമണങ്ങളും വംശഹത്യകളും നേരിട്ടാണ് പിറന്ന നാടും വീടും ഉപേക്ഷിച്ച് അവര്‍ അഭയാര്‍ത്ഥികളായത്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായി സിപിഎം ഉയര്‍ത്തിക്കാട്ടിയ സദ്ദാം ഹുസൈന് ഒന്നരലക്ഷം ഗോത്രവംശജരായ കുര്‍ദിഷുകളെയാണ് വംശഹത്യ ചെയ്തത്. ആസ്സാമില്‍ പൗരത്വം കാത്തുകഴിയുന്ന 14 ലക്ഷം പേരില്‍ 80 ശതമാനവും വിവിധ കാലയളവുകളില്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്ത നാമശൂദ്ര, കത്രിയ, പോണ്ട്ര, മത്ഡി തുടങ്ങിയ 13 ഹിന്ദുപട്ടികജാതി ഗോത്ര സമൂഹങ്ങളാണ്. ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് ചില ഇളവുകള്‍ നല്‍കുന്നതാണ് പൗരത്വ നിയമ ഭേദഗതി. എന്നാല്‍ ഇവരുടെ ജീവിതം ചവിട്ടിയരയ്ക്കാനാണ് അര്‍ബന്‍ മാവോയിസ്റ്റുകളും, മുസ്ലിം തീവ്രവാദികളും, കമ്മ്യൂണിസ്റ്റുകളും, കോണ്‍ഗ്രസ്സും പാവനസഖ്യം രൂപപ്പെടുത്തി ഇതിന് തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്നത്.
ആസ്സാമിനു പിന്നാലെ കേരളത്തിലെ ദരിദ്ര ജനതയില്‍ നിന്നാവും പൗരത്വ രജിസ്റ്ററിനുവേണ്ടി മുറവിളി ഉയരുക. 3.25 കോടി ജനങ്ങള്‍ അധിവസിക്കുന്ന കേരളം ജനസാന്ദ്രതയില്‍ ഒന്നാമതാണ്. കൂടാതെ 30 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളും ബംഗ്ലാദേശുകാരും. ഇവരില്‍ പലരും അനധികൃത കുടിയേറ്റക്കാരാണ്. ഇപ്പോള്‍തന്നെ 5.5 ലക്ഷം ഭവനരഹിതരുണ്ട്. ആവശ്യമായ ഭക്ഷ്യസാധനങ്ങളുടെ ആറ് ശതമാനം മാത്രമേ ഉത്പ്പാദനമുള്ളൂ. എന്‍.പി.ആര്. പോലും നടപ്പാക്കാന്‍ തയ്യാറാകാത്ത പിണറായി സര്‍ക്കാര്‍ കേരളം കുറ്റവാളികളായ അനധികൃത കുടിയേറ്റക്കാരുടെ സുരക്ഷിത താവളമാക്കുന്നു. ഇത് ഭാവി കേരളത്തെ സംഘര്‍ഷാത്മകമാക്കും.
തീവ്രവാദികള്‍ക്ക് വേരോട്ടമുള്ള കേരളമായിരുന്നു പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രം. ജിന്നയുടെ വിഭജന രാഷ്ട്രീയത്തിന്റെ തിരുശേഷിപ്പുകളാണ് പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ അന്തഃസത്ത. രാജ്യത്തെ ശിഥിലീകരിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന അര്‍ബന്‍ മാവോയിസ്റ്റുകളും, മുസ്ലിം മതരാഷ്ട്രവാദികളുമാണ് വിഭജനം എന്ന സംജ്ഞ ഉയര്‍ത്തിക്കൊണ്ടുവന്നത്. അഖണ്ഡത, ദേശസുരക്ഷ, പരമാധികാര രാഷ്ട്രം എന്നീ രാഷ്ട്രീയ പരികല്പ്പനകളോട് പ്രകടിപ്പിക്കുന്ന ഹാലിളക്കം ജിന്ന രാഷ്ട്രീയത്തോടുള്ള ഇവരുടെ പ്രതിപത്തിയാണ്. മുസ്ലീം വോട്ടുബാങ്ക് ലക്ഷ്യമാക്കി കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും അത് പിന്‍പറ്റുകയായിരുന്നു. ജെഎന്‍യു, ജാമിയ മില്ലിയ, അലിഗഡ് യൂണിവേഴ്സിറ്റികളില്‍ ദേശദ്രോഹികളുടെ മുന്‍കൈയ്യില്‍ അരങ്ങേറിയ അക്രമസമരങ്ങളെ 1967 ല്‍ ഫ്രാന്‍സില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തോടാണ് സിപിഎം ഉപമിച്ചത്. ദേശീയതലത്തിലും കേരളത്തിലും ഐക്യപ്പെട്ട് സമരം ചെയ്ത കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ഇന്ന് സമരത്തിന്റെ ക്രെഡിറ്റിനുവേണ്ടിയുള്ള പതിവ് വാദപ്രതിവാദങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ട്ടികളിലെ ഈ മാവോയിസ്റ്റ്-മൗദീദിസ്റ്റ് ആശയസ്വാധീനം വരുംനാളുകളില്‍ കേരളത്തിന്റെ പൊതുരാഷ്ട്രീയ മണ്ഡലത്തെ അതീവ സങ്കീര്‍ണ്ണമാക്കും.
(ബി.ജെ.പി. സംസ്ഥാന
സമിതിയംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: