പ്രപഞ്ചബോധവുമായി താദാത്മ്യപ്പെട്ട് അതിന്റെ പ്രതിനിധിയായിനിന്നുകൊണ്ട് ഇന്ത്യയോടും ലോകത്തോടും വിവേകാനന്ദന്‍ സംവദിച്ചത് തികച്ചും പ്രായോഗികമായും ആധുനികവുമായാണ്. തന്റെ ഉള്‍ക്കാമ്പില്‍ നിറഞ്ഞുനിന്നിരുന്ന വിശ്വപൗരത്വത്തെയാണ് സ്വാമിജി ലോകത്തിന്റെ ഏതു കോണിലായിരുന്നപ്പോഴും ആവിഷ്‌ക്കരിച്ചുകൊണ്ടിരുന്നത്.
പാശ്ചാത്യദേശത്തുവച്ചുതന്നെ അവരുടെ രീതികളെ ഇത്രയും പുകഴ്‌ത്തുകയും അതേപോലെ വിമര്‍ശിക്കുകയും ചെയ്ത മറ്റൊരാള്‍ പാശ്ചാത്യരില്‍പ്പോലുമുണ്ടോയെന്ന് സംശയമാണ്. ശാസ്ത്ര സാങ്കേതിക ഭൗതികനേട്ടങ്ങളെയും പാശ്ചാത്യര്‍ ആര്‍ജ്ജിച്ച ബാഹ്യതലത്തിലെ ഗംഭീരപുരോഗതികളെയും വാചാലമായി വാഴ്‌ത്തുമ്പോഴും, അവര്‍ക്കു നഷ്ടപ്പെട്ടതായ ജീവിതമൂല്യങ്ങളെ ഓര്‍ത്തെടുത്തുകൊണ്ട് തങ്ങളുടെ ആന്തരിക ദാരിദ്ര്യത്തെ അകറ്റുവാന്‍ പരിശീലനം നല്കിയ സ്വാമിജിയില്‍ ലോകമായി വികസിച്ച ഒരു ജീവന്റെ താദാത്മ്യപ്പെടലാണ് കണ്ടെത്താനാവുന്നത്.
ഇത്രയധികം ദേശഭക്തനായ ഒരാളെയും നമുക്ക് ചൂണ്ടിക്കാണിക്കാനാവില്ലെന്നതുംകൂടി ഓര്‍ക്കണം. ശ്രദ്ധേയമാണ്. ലോകത്തിനാവശ്യമായ ആന്തരികവിദ്യാഭ്യാസം പകര്‍ന്നുനല്കാനുള്ള ചുമതല ആദ്ധ്യാത്മികതയുടെ ഈറ്റില്ലമായ ഭാരതത്തിനാണെന്നു ലോകത്തോടു തുറന്നുപറഞ്ഞതും ഭാരതീയരെ പറഞ്ഞുപഠിപ്പിച്ചതും വിവേകാനന്ദനാണ്. ലോകത്തിന്റെ പൂജാമുറിയായ ഭാരതം ഇക്കാര്യത്തെ സ്വയം വിസ്മരിച്ചതുകൊണ്ടുണ്ടായ കെടുതികളെ വിമര്‍ശിക്കുന്ന രംഗങ്ങള്‍, ഭാരതീയരെ ഇത്രയും പൊളിച്ചുകാട്ടി വിമര്‍ശിച്ച മറ്റൊരാളില്ലെന്നതിന് സാക്ഷ്യപത്രങ്ങളാണ്. നാവുകൊണ്ട് അദ്വൈതം പറഞ്ഞിട്ട് ജാതിലിംഗവ്യത്യാസങ്ങളെ സ്വകാര്യമായി ആചരിക്കുകയും മറ്റുള്ളവരോട് മ്ലേച്ഛത വെച്ചുപുലര്‍ത്തുകയും ചെയ്ത സ്വന്തം നാട്ടുകാരെ അദ്ദേഹം ശകാരിക്കുന്നതിനു കണക്കില്ല. പാശ്ചാത്യരുടെ ഭൗതിക-ശാസ്ത്ര നേട്ടങ്ങളെ സ്വായത്തമാക്കണമെന്നു നമ്മെ പഠിപ്പിച്ച അവിടുന്ന്, ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്കുള്ള യഥാര്‍ത്ഥ പരിഹാരം നേടേണ്ടത് ആദ്ധ്യാത്മികതയില്‍നിന്നുതന്നെയാകണമെന്ന ഗംഭീരസത്യംകൂടി കാട്ടിത്തന്നു. ഡോ. പല്‍പ്പു കേരളത്തിലെ പ്രശ്‌നങ്ങള്‍ സ്വാമിജിയുടെ മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ ഭാരതദേശത്തിന്റെ സിരകളിലോടുന്ന രക്തം ആദ്ധ്യാത്മികതയാണെന്നും അതിനെ മാനിച്ചുകൊണ്ടേ ഇന്ത്യന്‍ മണ്ണില്‍ ഏതൊരു മാറ്റവും സംഭവിക്കൂവെന്നുമാണ് സ്വാമിജി പറഞ്ഞുകൊടുത്തത്.
ദേശീയബോധത്തിലൂടെ വിശ്വപൗരത്വത്തിലേക്കെത്തുന്ന നേരായവഴി പകര്‍ന്നുനല്കിയ സ്വാമിജിയെ സിസ്റ്റര്‍ നിവേദിത ‘ഖനീഭവിച്ച ഇന്ത്യ’ എന്നു വിളിച്ചതിന്റെ ആഴം ഇത്തരം കാര്യങ്ങള്‍ക്കൊണ്ട് വെളിപ്പെട്ടുകിട്ടുന്നുണ്ട്. 1897ലാണ് ഇനിയും ഒരമ്പതുവര്‍ഷത്തേയ്‌ക്കു ഇന്ത്യയായിരിക്കണം നമ്മുടെ ഉപാസ്യദേവത എന്നു സ്വാമിജി ഇന്ത്യക്കാരെ ആഹ്വാനം ചെയ്തത്, കൃത്യം 50-ാം വര്‍ഷത്തിനുശേഷം ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്തു. ആയിരത്തോളം വര്‍ഷം അടിമത്തത്തിലാണ്ടു സ്വത്വം നശിച്ച ഇന്ത്യയ്‌ക്കും, നാസ്തികത്വത്തിലേക്കാണ്ടു മുടന്തിനീങ്ങിയ പടിഞ്ഞാറിനും ഒരുപോലെ ഔഷധം നല്‍കാന്‍ വിവേകാനന്ദനായി.
പാശ്ചാത്യചിന്തയ്‌ക്കും പൗരസ്ത്യപാരമ്പര്യത്തിനും ഒരുപോലെ, സ്വന്തം കുറവുകളെ കണ്ടെത്തി വെളിച്ചത്തിലേക്കു മുന്നേറാനുള്ള പാലമാണ് അവിടുന്നൊരുക്കിവെച്ചത്. ‘ഏകലോക’മെന്ന നടുനിലയില്‍ നിന്നുകൊണ്ട് ഓരോ ജീവനും, അതു ബന്ധപ്പെട്ടത്
പാശ്ചാത്യദേശത്തോടോ,
പൗരസ്ത്യദേശത്തോടോ ഏതായാലും – അവര്‍ക്കാവശ്യമായ മാനസിക, ബൗദ്ധിക, ആദ്ധ്യാത്മിക തലങ്ങളെ ഒരമ്മയെപ്പോലെ ഊട്ടിക്കൊടുക്കാനുള്ള ത്വരയാണ് വിവേകാനന്ദശിക്ഷണങ്ങളില്‍ തെളിഞ്ഞുനില്ക്കുന്നത്. ലോകത്തുള്ള ഓരോ ജീവനും അവരവരുടെ ചേതനയെ തിരിച്ചറിഞ്ഞു പ്രപഞ്ചചൈതന്യമായി വികസിക്കാനുള്ള രഹസ്യത്തെ വിതരണം ചെയ്യലായിരുന്നു അവിടുത്തെ ജീവിതവ്രതം. ശ്വാസോച്ഛ്വോസം കണക്കെ ഓരോ ജീവനും വെമ്പുന്നതും അനിവാര്യമായ ഈ വികാസത്തിനും പൂര്‍ണതയ്‌ക്കും വേണ്ടിയാണല്ലോ.
(അവസാനിച്ചു)
9526132929
പ്രതികരിക്കാൻ ഇവിടെ എഴുതുക: