കോഴിക്കോട്: ഡി സി കിഴക്കേമുറി ഫൗണ്ടേഷന്‍, ഡിസി ബുക്ക്‌സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകിട്ട് തുടങ്ങാനിരിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ വിവാദത്തിലേക്ക്. അവസാന നിമിഷം എസ്എസ്എഫുകാര്‍ പരാതിപ്പെട്ടതിനാല്‍ പരിപാടികളില്‍ സമഗ്രമായ മാറ്റം വരുത്തിയിട്ടുണ്ട്. ഇതു എസ്എസ്എഫുകാര്‍ പരാതിപ്പെട്ടതിനാലാണെന്ന് ഫെസ്റ്റിവെല്‍ ഡയറക്ടര്‍ സച്ചിദാനന്ദന്‍ തുറന്നു സമ്മതിച്ചതോടെയാണ് ഫെസ്റ്റിവെല്‍ വിവാദത്തിലായത്.
മത ജീവിതം മതരഹിത ജീവിതം എന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് നാടകകലാകാരന്‍ റഫീഖ് മംഗലശ്ശേരി, ജസ്ല മാടശ്ശേരി എന്നിവര്‍ വ്യക്തമാക്കിയതോടെയാണ് സംഘാടക സമിതി മത വര്‍ഗീയ സംഘടനകള്‍ക്ക് കീഴടങ്ങിയ വിവരം പുറത്തായത്. മതമൗലികവാദ സംഘടനകള്‍ പരിപാടിക്കെതിരെ രംഗത്തുവന്നതോടെയാണ് ഉള്ളടക്കത്തില്‍ സംഘാടകര്‍ മാറ്റം വരുത്തിയത്. പരിപാടിയില്‍ മുജീബ് റഹ്മാന്‍ കിനാലൂര്‍, മുഹമ്മദ് ശമീം എന്നിവരെ ഉള്‍പ്പെടുത്തിയതോടെയാണ് റഫീഖ് മംഗലശ്ശേരി സംവാദത്തില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി വിട്ടു നില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്.
കാലങ്ങളായി നമ്മുടെ നാട്ടിലുള്ള പൊതുബോധ പൈങ്കിളി മതേതരത്വത്തിന്റെ തൂക്കമൊപ്പിച്ച്, ഹിന്ദു മതത്തില്‍ നിന്നൊന്ന്, ക്രിസ്തുമതത്തില്‍ നിന്നൊന്ന്, ഇസ്ലാം മതത്തില്‍നിന്നൊന്ന് എന്ന പൊറാട്ട് മതേതര നാടക രീതിയിലെങ്കിലും ഒരു തിരുത്ത് വരുമെന്ന് പ്രതീക്ഷിച്ചു വെന്ന് റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു.
ജമാഅത്ത് ഇസ്ലാമിയെ ഭയപ്പെട്ടുകൊണ്ട്, ജമാഅത്തുകാരനായ മുഹമ്മദ് ഷമീമിനേയും മുജാഹിദ് പ്രഭാഷകനായ മുജീബ് റഹ്മാന്‍ കിനാലൂരിനേയും ഉള്‍പ്പെടുത്തിക്കൊണ്ട് ‘മത ജീവിതത്തില്‍ നിന്ന് മതരഹിര ജീവിതത്തിലേക്ക് ‘ എന്ന സെഷന്‍ ‘മത ജീവിതം മതരഹിത ജീവിതം’ എന്ന് പേര് മാറ്റിക്കൊണ്ട് പുതിയ പോസ്റ്റര്‍ ഇറക്കുകയാണ് ഡിസിയും ഫെസ്റ്റിവല്‍ ഡയറക്ടറായ സച്ചിദാനന്ദനും ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും സച്ചിദാനന്ദനില്‍ നിന്ന് ഇങ്ങിനെയൊക്കെത്തന്നെയേ നമ്മള്‍ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നും റഫീഖ് ആഞ്ഞടിച്ചു.
മുസ്ലീം തീവ്രവാദികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിച്ച എന്റെ ‘കിതാബ് ‘ നാടകത്തെ പിന്തുണച്ച് ഒപ്പിടുകയും, ഒപ്പിട്ട മഷി ഉണങ്ങുന്നതിന് മുന്‍പ് പിന്‍വലിക്കുകയും ചെയ്ത ആളാണ് ഈ സച്ചിദാനന്ദന്‍. സംഘ് പരിവാറിനെതിരെ നിരന്തരം കവിതയും കഥയും എഴുതി, അത് ജമാഅത്ത് ഇസ്ലാമിയുടെ മാധ്യമം പോലെയുള്ള പ്രസിദ്ധീകരണങ്ങളില്‍ അച്ചടിക്കാന്‍ കൊടുക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടിലെ എഴുത്തുകാര്‍ ചിലപ്പോള്‍ ഞാന്‍ ഈ പറയുന്നതിനെ പുച്ഛിച്ച് തള്ളുമെന്നറിയാമെന്നും റഫീഖ് കുറ്റപ്പെടുത്തുന്നു. ‘ബാലന്‍സ് ‘ കുറവാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് പരിപാടിയില്‍ മാറ്റം വരുത്തിയതെന്നാണ് സച്ചിദാനന്ദന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: