കോഴിക്കോട്: നന്ദുവിന് ഇന്ന് മൂന്നാമത്തെ കീമോ. എന്നാല്‍, അര്‍ബുദം ചെറുക്കാനുള്ള അതിജീവന യാത്രയില്‍ കീമോതെറാപ്പിയും വേദനയും പാര്‍ശ്വഫലങ്ങളും ഒന്നും ബാധിക്കുന്നില്ലെന്ന് നന്ദു മഹാദേവന്റെ പുഞ്ചിരി പറയുന്നു. ഒരു മനുഷ്യായുസ്സ് സഹിക്കാവുന്നതിലപ്പുറം വേദന സഹിച്ച യുവാവ് ഇപ്പോള്‍ കോഴിക്കോട് ചൂലൂരിലെ എംവിആര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയിലാണ്.
തിരുവനന്തപുരത്ത് നിന്നെത്തിയ സുഹൃത്ത് താജുദ്ദീനുമായി കളിതമാശകളോടെ നിറഞ്ഞുനില്‍ക്കുകയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ക്യാന്‍സര്‍ രോഗികള്‍ക്ക് അതിജീവനത്തിന്റെ പാത പരിചയപ്പെടുത്തിയ നന്ദു. ക്യാന്‍സര്‍ ബാധിച്ച് രണ്ടര വര്‍ഷം മുമ്പ് ഒരു കാല് നഷ്ടപ്പെട്ടിട്ടും ഇച്ഛാശക്തിയോടെ ജീവിതം മുന്നോട്ടു നയിക്കുന്ന നന്ദു മഹാദേവന്റെ വാക്കുകളില്‍ ഊര്‍ജ പ്രവാഹം. ശ്വാസകോശത്തിലേക്ക് പടര്‍ന്ന ട്യൂമര്‍ ചികിത്സയ്ക്കാണ് ആശുപത്രിയില്‍ കഴിയുന്നത്. ദൂരയാത്ര പാടില്ലാത്തതിനാല്‍ ആശുപത്രിക്ക് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് കട്ടാങ്ങലില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം വാടക വീട്ടിലാണ് താമസം.
ട്യൂമറിന്റെ ഒരു ഭാഗം തിരുവനന്തപുരം ശ്രീചിത്രയില്‍ ഡോ. ശിവനേഷിന്റെ നേതൃത്വത്തില്‍ നീക്കി. എന്നാല്‍, ഒരു ഭാഗം നീക്കാന്‍ സാധിക്കാത്ത നിലയിലാണ്. കൂടുതല്‍ ചികിത്സയ്ക്കായി മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കൊണ്ടുപോകാനാണ് നിര്‍ദേശിച്ചത്. എന്നാല്‍, അതേ ചികിത്സ ലഭിക്കുമെന്നതിനാല്‍ എംവിആര്‍ ആശുപത്രിയില്‍ എത്തി. ഇവിടെ വന്നശേഷം രണ്ട് കീമോ കഴിഞ്ഞു. സാധാരണ കീമോ കഴിഞ്ഞാല്‍ 21 ദിവസം കഴിഞ്ഞേ അടുത്ത കീമോ ചെയ്യാന്‍ സാധിക്കൂ. മനശ്ശക്തിയാല്‍ വളരെ പെട്ടെന്ന് ശരീരം സാധാരണ നിലയിലേക്ക് വരുന്നതിനാല്‍ ഇപ്പോള്‍ 15 ദിവസം കഴിയുമ്പോള്‍ കീമോ നടത്താനാണ് തീരുമാനം. സ്കാന്‍ ചെയ്ത് ട്യൂമറിന്റെ വലിപ്പം മനസ്സിലാക്കി ഓപ്പറേഷനിലൂടെ കളയാന്‍ സാധിക്കുമോയെന്നാണ് ഡോ. നാരായണന്‍കുട്ടി വാര്യര്‍, ഡോ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിക്കുന്നത്.
ഒരു കീമോ ചെയ്യാന്‍ 90,000 രൂപ വരെ ചെലവ് വേണ്ടി വരും. സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം സഹായിക്കാറുണ്ട്. ഓപ്പറേഷന് പണം നല്‍കിയത് ഫിറോസ് കുന്നുംപറമ്പില്‍ ഫൗണ്ടേഷനാണ്. ഏറ്റവും കൂടുതല്‍ ആത്മവിശ്വാസം വേണ്ടത് രോഗികള്‍ക്കാണെന്ന് നന്ദു പറയുന്നു. എന്നാലേ ചികിത്സ ഫലിച്ച് ജീവിതത്തിലേക്ക് മടങ്ങി വരാനാകൂ. തന്റേത് ഒന്നുമല്ല. ഒരു കാല് പോയെന്നല്ലെയുള്ളൂ. ഇപ്പോള്‍ വലതുവശത്ത് ഹൃദയത്തിലേക്ക് പോകുന്ന വാല്‍വിലാണ് ട്യൂമര്‍. എപ്പോഴും എനിക്ക് കൈത്താങ്ങായി ഭഗവാന് എത്താറുണ്ട്. കോഴിക്കോട്ടേക്ക് കൊണ്ടുവരുമ്പോള്‍ വലതുവശത്തും മുഖത്തും നീരു വന്നു. വൈകിയെങ്കില്‍ സ്ട്രോക്ക് വരാനുള്ള സാധ്യതയുണ്ടായിരുന്നു. അപ്പോഴും ഭഗവാന് തുണയായെത്തി.
ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള തങ്ങളുടെ ഗ്രൂപ്പില്‍ ഇപ്പോള്‍ പതിനോരായിരം പേരുണ്ട്. രോഗം ബാധിച്ച് കാല് നഷ്ടമായവരും അല്ലാത്തവരുമായ 150 പേരുടെ മറ്റൊരു വാട്സ്ആപ്പ് ഗ്രൂപ്പുമുണ്ട്. ഒമാനില്‍ ഉള്‍പ്പെടെ നൂറിലേറെ പൊതുപരിപാടികളില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തിട്ടുണ്ട്. നിരവധി മോട്ടിവേഷന്‍ ക്ലാസ്സുകളുമെടുത്തു. നന്ദുവിന് താങ്ങുംതണലുമായി അച്ഛന് ഹരിയും അമ്മ ലേഖയും അനുജന് അനന്തുവും അനുജത്തി സായികൃഷ്ണയും. തിരുവനന്തപുരം ഭരതന്നൂരിലെ സായികൃഷ്ണയില്‍ സന്തോഷത്തിന്റെ പഴയ നാളുകള്‍ തിരിച്ചുവരുമെന്ന ഉറച്ച വിശ്വാസമാണ് അവര്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: