സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. കമ്മീഷന്റേതാണ് അന്തിമ നിലപാടെന്ന് മന്ത്രിമാരായ ജയരാജനും മൊയ്തീനും പറഞ്ഞുകഴിഞ്ഞു. എങ്ങനെയുണ്ട് ബുദ്ധി! കണ്ടാലും കൊണ്ടാലും പഠിക്കാത്ത നേതാവാണോ ചെന്നിത്തല?
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം തലപ്പാവും ഓവര്‍കോട്ടും കമ്പിളി പുത്തപ്പുമെല്ലാം അണിഞ്ഞ് ദല്‍ഹിയിലാണ്. ‘പാപി ചെന്നേടം പാതാളം’ എന്ന് പറയാറുണ്ടല്ലോ. കേരളത്തിലെ തണുത്തുറഞ്ഞ പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍ ദല്‍ഹിയിലെത്തിയപ്പോള്‍ അനുഭവപ്പെട്ട കൊടുംതണുപ്പുകൊണ്ടാണ് കോട്ടിനുള്ളില്‍ ചൂടുകണ്ടെത്താന്‍ ശ്രമിച്ചത്.
കെപിസിസി പുനഃസംഘടനാ ചര്‍ച്ചയാണ് ദല്‍ഹിയിലെ ദൗത്യം. പ്രസിഡന്റ് മാത്രം ചെന്ന് ഹൈക്കമാന്‍ഡിനെ ധരിപ്പിക്കേണ്ട വിഷയത്തിനായി നേതാക്കളുടെ ദല്‍ഹി നെട്ടോട്ടം. എന്തുകൊണ്ടാണിത്. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കാമ്പുള്ള ഗ്രൂപ്പുകള്‍ക്കൊന്നും വിശ്വാസമില്ല. പ്രസിഡന്റിനെ തള്ളി ഗ്രൂപ്പ് താല്പര്യം വച്ച് അഭിപ്രായം കാച്ചുന്നവരാണ് കേരളത്തില്‍ ബഹുഭൂരിപക്ഷം നേതാക്കളും. പൗരത്വനിയമത്തിലെ കൂട്ടായ പ്രതിഷേധത്തെക്കുറിച്ച് അദ്ദേഹം നടത്തിയ അഭിപ്രായം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഒട്ടും ദഹിച്ചില്ല.
കേരള സര്‍ക്കാരുമായി ഒട്ടിനിന്ന് കേന്ദ്രവിരുദ്ധ പ്രക്ഷോഭത്തിന്റെ നായകനാണല്ലൊ ചെന്നിത്തല. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച് വിജ്ഞാപനമായതോടെ പൗരത്വ നിയമ ഭേദഗതി ഭരണഘടനയുടെ ഭാഗമാണ്. അതിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് പ്രമേയം പാസാക്കാന്‍ നിര്‍ദ്ദേശിച്ചത് പ്രതിപക്ഷ നേതാവാണ്. ചെന്നിത്തല പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറയാന്‍ പിണറായി വിജയനാകുമോ? നിയമം മുസ്ലിം വിരുദ്ധമെന്ന എരിപൊരി കയറ്റി ലീഗിനും കോണ്‍ഗ്രസിനും ഒപ്പം എക്കാലവും നിന്ന മുസ്ലിം സമൂഹത്തെയും ഭീകരഗ്രൂപ്പുകളെയും സ്വാധീനിക്കാന്‍ കിട്ടിയ നല്ലകാലാവസ്ഥയാണല്ലോ. കാറ്റുള്ളപ്പോള്‍ തൂറ്റണമെന്ന തത്വം കോണ്‍ഗ്രസിനെ പോലെ സിപിഎമ്മും തിരിച്ചറിഞ്ഞിരിക്കുന്നു. തൂറ്റാന്‍ മത്സരിക്കുകയാണ്. ആ മത്സരത്തില്‍ ക്ഷീണം കോണ്‍ഗ്രസിനാകുമെന്ന് മുല്ലപ്പള്ളി തിരിച്ചറിഞ്ഞിരിക്കുന്നു. ഒപ്പം ശശി തരൂരിനും ബോധ്യമായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ആദ്യവും തുടര്‍ന്ന് നിയമസഭയിലേക്കും തെരഞ്ഞെടുപ്പാണ്. കണ്ണുമടച്ച് ഇടതിനെ പിന്തുണച്ചാലുണ്ടാകുന്ന ദുരന്തം ചിലര്‍ക്ക് ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാണ്. അതുകൊണ്ടാണ് കൂട്ടായ സമരം വേണ്ട ഒറ്റക്കൊറ്റക്ക് സമരം മതിയെന്ന കോണ്‍ഗ്രസുകാരുടെ വാദം. ഒടുവില്‍ ചെന്നിത്തലയ്ക്കും അപകടം ബോധ്യപ്പെട്ടു. ഇനി കൂട്ടായ സമരമില്ലെന്നാണ് ഇന്നലെ രമേശ് ദല്‍ഹിയില്‍ പറഞ്ഞത്.
ദല്‍ഹിയില്‍ തങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ജാമിയ മിലിയ, ജെഎന്‍യു സമരവീരന്മാരെ സന്ദര്‍ശിക്കാനും നിശ്ചയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ അവര്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമാണ് സര്‍വകലാശാലകളില്‍ എത്തിയത്. ചെന്നിത്തലയ്ക്കൊപ്പം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന് എന്നിവരും കോണ്‍ഗ്രസ് സംഘത്തിലുണ്ടായിരുന്നു.
ഐഷി ഷോഷ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ദല്‍ഹി പോലീസ് ജെഎന്‍യു ക്യാമ്പസില്‍ ചോദ്യം ചെയ്യുമ്പോഴായിരുന്നു ചെന്നിത്തല എത്തിയത്. തുടര്‍ന്ന് ജാമിയയില്‍ എത്തിയ പ്രതിപക്ഷ നേതാവും സംഘവും വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു.
പാര്‍ട്ടി കാര്യങ്ങള്‍ക്ക് മാത്രമായി ദല്‍ഹിയില്‍ ചെന്നവരുടെ വിദ്യാര്‍ഥികള്‍ക്കായുള്ള അഭിവാദ്യം ആട്ടുന്ന കൈകൊണ്ടൊരു സല്യൂട്ട് എന്ന മട്ടിലുമായി. ഇനി ഒരിക്കലും നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ലെന്നും, അമിത്ഷായുടെ നിഴല്‍പോലും ആഭ്യന്തര മന്ത്രാലയത്തില്‍ പതിയില്ലെന്നുമാണ് ചെന്നിത്തല പ്രവചിച്ചത്. അധികാരമില്ലെങ്കില്‍ ഉറക്കം ലഭിക്കാത്ത നേതാക്കളല്ല നരേന്ദ്രമോദിയും അമിത്ഷായും. നരേന്ദ്രമോദി കേരളത്തേക്കാള്‍ നാലിരട്ടി വലുപ്പമുള്ള സംസ്ഥാനത്ത് നാലുതവണ മുഖ്യമന്ത്രിയായിരുന്നു. രണ്ടുതവണയായി പ്രധാനമന്ത്രിയും. അതും വ്യക്തമായ ഭൂരിപക്ഷത്തോടെ! നാലരവര്‍ഷം കഴിഞ്ഞാലേ ഇനി ലോക്സഭയിലേക്ക് പൊതുതെരഞ്ഞെടുപ്പുള്ളൂ. കേരളത്തില്‍ അടുത്തവര്‍ഷം തെരഞ്ഞെടുപ്പാണ്. ആ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് തന്നെയാകുമോ രമേശ് ചെന്നിത്തല മത്സരിക്കുക. ജയിക്കാമെന്ന് നേരിയ പ്രതീക്ഷയെങ്കിലുമുണ്ടോ? ചെന്നിത്തല ചെവിനുള്ളിക്കോളൂ. അവിടെ എട്ടുനിലയ്ക്ക് പൊട്ടും. ലോക്സഭാ തെരഞ്ഞെടുപ്പിലെ നേട്ടം തെറ്റിദ്ധാരണ കൊണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തെറ്റ് തിരുത്തും. കേരളത്തിലെ താക്കോല്‍ സ്ഥാനം പ്രതീക്ഷിച്ച് കഴിയുന്ന രമേശ് ചെന്നിത്തല മുഖ്യമന്ത്രിസ്ഥാനത്തെന്നല്ല പ്രതിപക്ഷ നേതൃസ്ഥാനത്തുപോലും എത്തില്ലെന്ന് ഉറപ്പിച്ചോളൂ.
അങ്ങോട്ട് നല്കിയ സഹകരണം സിപിഎമ്മില്‍ നിന്ന് തിരിച്ചുകിട്ടില്ലെന്നതിന്റെ സൂചനയാണ് വോട്ടര്‍ പട്ടിക തര്‍ക്കത്തിലായത്. 2019 പട്ടിക തദ്ദേശ സ്ഥാനങ്ങളിലേക്ക് മതി എന്ന് പ്രതിപക്ഷത്തോടൊപ്പം നിര്‍ദ്ദേശിച്ച സിപിഎം ഇപ്പോള്‍ മലക്കം മറിഞ്ഞു. 2019 ലേത് വേണ്ട 2015 ലേത് മതി എന്നാക്കി. 2015 വോട്ടര്‍ പട്ടിക ഇടതിന് നേട്ടമുണ്ടാക്കിയതാണ്. 2019 ലേത് നഷ്ടവും. സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. കമ്മീഷന്റേതാണ് അന്തിമ നിലപാടെന്ന് മന്ത്രിമാരായ ജയരാജനും മൊയ്തീനും പറഞ്ഞുകഴിഞ്ഞു. എങ്ങനെയുണ്ട് ബുദ്ധി ! കണ്ടാലും കൊണ്ടാലും പഠിക്കാത്ത നേതാവാണോ ചെന്നിത്തല?
പ്രതികരിക്കാൻ ഇവിടെ എഴുതുക: