ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കടുത്ത വര്‍ഗീയതയ്ക്ക് വഴിമാറുന്നു. മുസ്ലിം തീവ്രവാദികള്‍ പ്രതിഷേധത്തിന്റെ നേതൃത്വം കൈയടക്കി. കഴിഞ്ഞ ദിവസം അമ്പലപ്പുഴ വളഞ്ഞവഴിയില്‍ ബിജെപി ജനജാഗ്രത സദസ് സംഘടിപ്പിച്ചപ്പോള്‍ മതതീവ്രവാദ സംഘടനകള്‍ പ്രദേശത്തെ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ച് ഹര്‍ത്താലാചരിച്ചു. നേരത്തെ കശ്മീരില്‍ പെണ്‍കുട്ടി പീഡനത്തിരയായി കൊല്ലപ്പെട്ടതിന്റെ പേരില്‍ വാട്സ്ആപ്പ് ഹര്‍ത്താല്‍ നടത്തിയ അതേ രീതിയിലായിരുന്നു മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വളഞ്ഞവഴിയിലെ വ്യാപാരി ഹര്‍ത്താല്‍.
ബിജെപി ഇവിടെ പരിപാടി പ്രഖ്യാപിച്ചപ്പോള്‍ തന്നെ വളഞ്ഞവഴി കൂട്ടായ്മ എന്ന പേരില്‍ ചിലര്‍ സംഘടിച്ച്, പരിപാടി നടക്കുമ്പോള്‍ ഹര്‍ത്താല്‍ ആചരിക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചാരണം നടത്തിയിരുന്നു. കൂടാതെ കടകളിലെത്തി അടയ്ക്കണമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ മറ്റു മതവിഭാഗത്തില്‍പ്പെട്ടവരും ഭയന്ന് കടകള്‍ അടയ്ക്കാന്‍ നിര്‍ബന്ധിതരായി. ഒരു വിഭാഗം സിപിഎമ്മുകാരും ഇവര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ നല്കി. കടകള്‍ അടച്ചിടുക മാത്രമല്ല, വൈദ്യുതി വിളക്കുകള്‍ അണയ്ക്കണമെന്നും ഇക്കൂട്ടര്‍ നിര്‍ദേശിച്ചു. ഇതോടെ സംഘര്‍ഷവും സാമൂഹികമായ ഒറ്റപ്പെടലും ഭയന്ന് മറ്റു മതവിഭാഗങ്ങളില്‍പ്പെട്ടവരും കടകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതരായി.
ബിജെപിയുടെ പരിപാടി നടക്കുമ്പോള്‍ പ്രദേശവാസികള്‍ റോഡുകളില്‍ പോലും ഇറങ്ങരുതെന്നും മതതീവ്രവാദികള്‍ ഭീഷണിപ്പെടുത്തി. സംഘര്‍ഷം ഉണ്ടാകുമെന്ന് സംശയിച്ച് വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചതോടെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാന്‍ തയാറായില്ല. ഇതോടെ ബിജെപിയെ ജനം ഒറ്റപ്പെടുത്തിയെന്ന പ്രചാരണവുമായി കമ്യൂണിസ്റ്റ്, ജിഹാദി മാധ്യമങ്ങളും സമൂഹമാധ്യമ കൂട്ടായ്മകളും രംഗത്തെത്തി. വളഞ്ഞവഴി ജങ്ഷന് മുതല്‍ ഇജാബ പള്ളി വരെയുള്ള ഒരു വിഭാഗം വ്യാപാര സ്ഥാപനങ്ങളാണ് അടച്ചത്. ഇതില്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് പണം ഉള്‍പ്പെടെ നല്കി സഹായിക്കുന്നവരാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.
മുസ്ലിം ജനവിഭാഗത്തിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ വര്‍ഗീയത ഇളക്കിവിട്ട് ഹൈന്ദവ വിരോധം ആളിക്കത്തിക്കുകയാണ് പൗരത്വ നിയമത്തിന്റെ മറവില്‍ തീവ്രവാദ സംഘടനകള്‍. ഇതിന് ഒരുവിഭാഗം ഇടത്-വലത് മുന്നണി പ്രവര്‍ത്തകരും ഒത്താശ ചെയ്യുന്നു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരുടെ കടകള്‍ ബഹിഷ്ക്കരിക്കണമെന്ന പ്രചാരണവും ചിലര്‍ സംഘടിതമായി നടത്തുന്നുണ്ട്. മുന്‍കാലങ്ങളില്‍ ഇതേ രീതിയിലാണ് മുസ്ലിം തീവ്രവാദ സംഘടനകള്‍ കശ്മീരിലും മറ്റും ജനങ്ങളെ ഭീഷണിപ്പെടുത്തി ബന്ദും സമരങ്ങളും നടത്തിയിരുന്നത്. പൊതുജനത്തെ ഭയപ്പെടുത്തി പ്രതിഷേധത്തിന്റെ മറവില്‍ ആധിപത്യം ഉറപ്പിക്കുകയാണ് തീവ്രവാദ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: