ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജിയുമായി ബന്ധപ്പെട്ട് അഞ്ചംഗ ബെഞ്ച് ഉന്നയിച്ച പൊതുവായ നിയമപ്രശ്‌നങ്ങള്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്നു മുതല്‍ പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ നേതൃത്വം നല്‍കുന്ന ഒന്‍പതംഗ വിശാല ബെഞ്ചാണു വാദം കേള്‍ക്കുക. രാവിലെ 10.30ന് കേസ് പരിഗണിക്കും. ശബരിമല യുവതീപ്രവേശന ഉത്തരവിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് സുപ്രധാനമായ ചില വിഷയങ്ങള്‍ വിശാല ബെഞ്ച് പരിഗണിക്കണം എന്നാണ് നിര്‍ദേശിച്ചിരുന്നത്. ഏഴംഗ ബെഞ്ച് ഈ വിഷയങ്ങള്‍ പരിഗണിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണഅടായിരുന്നത്. എന്നാല്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വിഷയം പരിഗണിക്കാന്‍ രൂപീകരിച്ചത് ഒന്‍പതംഗ ബെഞ്ചാണ്.
ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ വിശാല ബഞ്ചില്‍ ജസ്റ്റിസ് ആര്‍. ഭാനുമതി മാത്രമാണ് ഏക വനിതാ അംഗം. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എല്‍ നാഗേശ്വരറാവു, മോഹന്‍ എം ശാന്തനഗൗഡര്‍, അബ്ദുള്‍ നസീര്‍, സുഭാഷ് റെഡ്ഡി, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് മറ്റംഗങ്ങള്‍.
മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പുകളിലെ വ്യവസ്ഥകള്‍, ഭരണഘടനയിലെ ക്രമസമാധാനം, ധാര്‍മികത തുടങ്ങിയ പ്രയോഗങ്ങളില്‍ വ്യക്തത, ‘ഹൈന്ദവ വിഭാഗങ്ങള്‍’ എന്ന പ്രയോഗത്തിന്റെ അര്‍ഥം, ഏതെങ്കിലും മതത്തിന്റെയോ വിഭാഗത്തിന്റെയോ ഒഴിച്ചുകൂടാനാവാത്ത മതാചാരങ്ങള്‍ക്കു ഭരണഘടനാ സംരക്ഷണം നല്‍കിയിട്ടുണ്ടോ, ദര്‍ഗയിലോ മസ്ജിദിലോ മുസ്‌ലിം സ്ത്രീയുടെ പ്രവേശനം, പാഴ്‌സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്‌സി വനിതയുടെ ആരാധനാലയ പ്രവേശനം തുടങ്ങിയവയാണു പ്രധാനമായും ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുക.
ഷിരൂര്‍ മഠം കേസില്‍ ഏഴംഗ ബെഞ്ച് പുറപ്പടുവിച്ച ചില ഉത്തരവുകളുടെ അടിസ്ഥാനത്തില്‍, അജ്മീര്‍ ദര്‍ഗ്ഗ കമ്മിറ്റി കേസില്‍ അഞ്ചംഗ ബെഞ്ച് പുറപ്പടുവിച്ച ഉത്തരവിന്റെ ചില ഭാഗങ്ങള്‍ പോലും വിശാല ബെഞ്ച് പരിഗണിക്കണമെന്നാണ് ശബരിമല യുവതി പ്രവേശനപുനഃപരിശോധനാ ഹര്‍ജികളിലെ ഭൂരിപക്ഷ വിധി. മതങ്ങളിലെ പ്രത്യേക ആചാരങ്ങളില്‍ നിയമം അഹിതകരമായി ഇടപെടാന്‍ പാടില്ല എന്നാണ് സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് 1954ല്‍ ഷിരൂര്‍ മഠം കേസില്‍ വിധിച്ചത്. ഒരു പ്രത്യേക മതവിഭാഗം എന്ന നിലയില്‍ ഒരു വിഭാഗത്തെ അംഗീകരിക്കുന്നതിനുള്ള നിയമപരമായ തത്വങ്ങളും ഷിരൂര്‍ മഠം കേസില്‍ വിശദീകരിച്ചിട്ടുണ്ട്.സുപ്രീം കോടതി ഇന്നലെ പുറത്തിറക്കിയ കേസ് ലിസ്റ്റ് പ്രകാരം ചൊവ്വാഴ്ചയും ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. ഒന്‍പതംഗ ബെഞ്ചിലെ ജസ്റ്റിസ് ആര്‍ ഭാനുമതി ജൂലൈ 19 ന് വിരമിക്കും. അതിനാല്‍ ഇപ്പോള്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചാല്‍ ജൂലൈ 19 ന് മുന്‍പു കേസില്‍ വിധി ഉണ്ടായേക്കും.
















