വൈഷ്ണവസമ്പ്രദായത്തിനെക്കുറിച്ചുള്ള വിവരണത്തില്‍ നാം ഇതു ചര്‍ച്ച ചെയ്തിരുന്നു. തന്മൂലം വൈദികാദൈ്വതത്തിനു ഒരു പുതിയ തുടക്കം കുറിച്ചത് ബാദരായണന്‍ അല്ല; മറിച്ച് ഗൗഡപാദരാണ് എന്നാണ് ദാസ്ഗുപ്ത പറയുന്നത്. ഈ വൈദികമായ അദൈ്വതവേദാന്തത്തിന് മൗലികതയും തത്വശാസ്ത്രപരമായ ഉള്‍ക്കാഴ്ചയും നിറഞ്ഞ നിരവധിപ്രമുഖപഠനങ്ങള്ക്കു തുടക്കമിട്ടത് ബ്രഹ്മസൂത്രത്തിനു ശങ്കരാചാര്യര്‍ രചിച്ച ഭാഷ്യമായിരുന്നു.ശങ്കരാചാര്യരുടെ ശിഷ്യനായ ആനന്ദഗിരി ന്യായനിര്‍ണയം എന്ന വ്യഖ്യാനം എഴുതി. ഗോവിന്ദാനന്ദന്‍ രത്നപ്രഭ എന്ന മറ്റൊരു വ്യാഖ്യാനം രചിച്ചു. പിന്നീട് വാചസ്പതി മിശ്രന്‍ (841 സി. ഇ) ഭാമതി എന്നൊരു വ്യാഖ്യാനം രചിച്ചു. അമലാനന്ദെ (12471260 സി. ഇ) ന്റെ കല്പതരു, കാഞ്ചിയിലെരംഗനാഥാധ്വരീന്ദ്രന്റെ മകനായ അപ്പയ്യദീക്ഷിത (1550 സി. ഇ) രുടെ കല്പതരുപരിമളം എന്നിവയും ശ്രദ്ധേയങ്ങളാണ്. മറ്റൊരു ശങ്കരശിഷ്യനായപദ്മപാദര് എന്ന സനന്ദനന്‍ പഞ്ചപാദികാ എഴുതി. നാലാം സൂത്രത്തിന്റെ വിശദീകരണത്തോടെ പെട്ടെന്നവസാനിക്കുന്ന അതിന്റെ തുടക്കം നോക്കുമ്പോള്‍ ആചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യത്തിന് ഒരു പൂര്ണവ്യാഖ്യാനം എന്നു കരുതി എഴുതിത്തുടങ്ങിയതാണെന്നു തോന്നുമെന്നു ദാസ്ഗുപ്ത നിരീക്ഷിക്കുന്നു. ശങ്കരാചാര്യരുമായി വാദിച്ചു പരാജയപ്പെട്ട പ്രസിദ്ധമീമാംസാപണ്ഡിതനായ മണ്ഡനമിശ്രന് ശങ്കരശിഷ്യനായി സുരേശ്വരന്‍ എന്ന പേരില്‍ അറിയപ്പെട്ടു. അദ്ദേഹം (800 സി.ഇ) എഴുതിയ ഗ്രന്ഥമാണ് നൈഷ്കര്‍മ്യസിദ്ധി. ഇതായിരിക്കാം ശാങ്കരവേദാന്തപരമായ ആദ്യത്തെ സ്വതന്ത്രകൃതി എന്നു ദാസ്ഗുപ്ത ചൂണ്ടിക്കാണിക്കുന്നു. ജ്ഞാനോത്തമമിശ്രന് ഇതിന് വ്യാഖ്യാനം എഴുതിയിട്ടുണ്ട്. പ്രകാശാത്മന്‍ (1200 സി. ഇ) പദ്മപാദരുടെ പഞ്ചപാദികയ്ക്ക് പഞ്ചപാദികാവിവരണം എന്ന വ്യാഖ്യാനം എഴുതി. അഖണ്ഡാനന്ദന്‍ എഴുതിയ തത്വദീപനത്തിന് നൃസിംഹാശ്രമമുനി (1500) വിവരമഭാവപ്രകാശികാ എന്ന വ്യാഖ്യാനം രചിച്ചു.അമലാനന്ദന്‍ പഞ്ചപാദികാദര്പ്പണവും വിദ്യാസാഗരന് പഞ്ചപാദികാടീകയും രചിച്ചു. എങ്കിലും പഞ്ചപാദികാവിവരണമാണ് പ്രശസ്തമായത്. വിദ്യാരണ്യസ്വാമികള്‍ (മാധവാചാര്യര്‍ 1350 സി. ഇ) ഇതിന് പ്രശസ്തമായ വിവരണപ്രമേയസംഗ്രഹം എന്ന വിശദീകരണം എഴുതി. അദ്ദേഹം ജീവന്മുക്തിവിവേകം എന്ന മറ്റൊരു ഉത്തമഗ്രന്ഥവും എഴുതി. വിദ്യാരണ്യന്റെ പഞ്ചദശി പരക്കെ അംഗീകരിക്കപ്പെട്ട വേദാന്തകൃതി ആണ്്. സര്‍വജ്ഞാത്മമുനി (900 സി. ഇ) യുടെ സംക്ഷേപകശാരീരം മറ്റൊരു പ്രധാനകൃതിയാണ്. ശ്രീഹര്‍ഷ (1190 സി. ഇ) ന്റെ പ്രശസ്തമായ ഖണ്ഡനഖണ്ഡഖാദ്യം അദൈ്വതവേദാന്തത്തിന്റെ വാദഗതിയെ വിസ്തരിക്കുന്നു. ചിത്സുഖന് ഇതിനൊരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. ഈ ചിത്സുഖന് വേദാന്തികളുടെ വാദശൈലിയെ വെളിവാക്കുന്ന തത്വദീപികാ എന്നൊരു സ്വതന്ത്രഗ്രന്ഥവും എഴുതിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: