ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28-ന് യഹൂദരുടെ വിശേഷ ദിവസമായ ഹനുക്ക ആഘോഷത്തിനിടെ ഒരു റബ്ബിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അഞ്ച് പേരെ ആക്രമിച്ച സംഭവത്തിനു ശേഷം ന്യൂയോര്‍ക്ക് റോക്ക്ലാന്റ് കൗണ്ടിയില്‍ തോക്ക് പെര്‍മിറ്റ് അപേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട്. മോണ്‍സിയില്‍ ഡസന്‍ കണക്കിന് ഓര്‍ത്തഡോക്സ്, ഹസിഡിക് ജൂതന്മാരാണ് തോക്ക് പെര്‍മിറ്റിനായി അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
വാലി കോട്ടേജിലെ തോക്ക് വില്‍ക്കുന്ന സ്ഥാപനമായ പ്രിസിഷന്‍ ഗണ്‍സ്മിത്തിന്റെ ഉടമ എറിക് മെലന്‍സണ്‍ പറയുന്നത്, ബിസിനസ്സ് കുതിച്ചുയരുകയാണെന്നും, മോണ്‍സിയില്‍ അക്രമവും മറ്റ് യഹൂദവിരുദ്ധ ആക്രമണങ്ങളും നിരന്തരമായ ചര്‍ച്ചാ വിഷയമായതിനാല്‍ ഗ്ലോക്സ്, എസ്ഐജി സോവര്‍ തോക്കുകളുടെ വില്പന ഗണ്യമായി വര്‍ദ്ധിച്ചുവെന്നുമാണ്.
‘ജനങ്ങള്‍ ആശങ്കാകുലരാണ്, പ്രത്യേകിച്ച് റോക്ക്ലാന്റ് കൗണ്ടിയിലെ വലിയ ഹസിഡിക്, ജൂത സമൂഹം,’ ജൂതനായ മെലന്‍സണ്‍ പറഞ്ഞു. ‘റബ്ബികള്‍ ഇവിടെ വരാറുണ്ട്, ചിലര്‍ക്ക് ഇതിനോടകം തോക്ക് ഒളിച്ചുവെയ്ക്കാവുന്ന പെര്‍മിറ്റുകള്‍ ലഭിച്ചിട്ടുണ്ട്,’ മെലന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28-ന് റോക്ക്ലാന്റ് കൗണ്ടിയിലെ ആക്രമണത്തിനു ശേഷം ആഴ്ചയില്‍ തോക്ക് പെര്‍മിറ്റ് അന്വേഷകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി റോക്ക്ലാന്റ് കൗണ്ടി ക്ലാര്‍ക്കിന്റെ ഓഫീസ് അറിയിച്ചു. പുതിയ അഞ്ച് അപേക്ഷകള്‍ ഒഴികെ എല്ലാം റമാപോ പട്ടണത്തിനുള്ളില്‍ നിന്നാണ് വന്നത്, അതില്‍ മോണ്‍സിയും സ്പ്രിംഗ്വാലി പോലുള്ള യഹൂദര്‍ താമസിക്കുന്ന പ്രദേശവും ഉള്‍പ്പെടുന്നു.ആക്രമണത്തിന് എട്ട് ആഴ്ച്ചകള്‍ക്കുമുമ്പ്, റോക്ക്ലാന്റ് കൗണ്ടിയില്‍ ആഴ്ചയില്‍ ശരാശരി ആറ് അപേക്ഷകള്‍ മാത്രമാണ് ആകെ ലഭിച്ചത്. രണ്ട് മാസത്തില്‍ രണ്ടെണ്ണം മാത്രമാണ് മോണ്‍സിയില്‍ നിന്ന് വന്നതെന്ന് അധികൃതര്‍ പറഞ്ഞു.
‘ഞാന്‍ ചില ആളുകളുമായി സംസാരിച്ചു. സ്വയരക്ഷയ്ക്കായി ഒരു തോക്ക് വേണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. അതാണ് ഏക പോംവഴി എന്ന് അവര്‍ക്ക് തോന്നുന്നു’, തോക്ക് ഉപയോഗ പരിശീലകനും മുന്‍ ഇസ്രായേലി സൈനികനുമായ റിച്ച്ബെര്‍ഗ് (28) പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: