അയല്‍വക്കത്തെ ചെറുപ്പക്കാരന്റെ ദയനീയമായ കരച്ചില്‍ കേട്ടാണ് ഞാനും ഭാര്യയും ഓടിയെത്തിയത്. മര്‍ദ്ദനമേറ്റതിന്റെ പരിക്കുകളുമായി മകന്‍ കരയുന്നു. അമ്മയും ശോകഭാവത്തിലാണ്. അച്ഛന്‍ ഇടതുകണ്ണില്‍ കൈ അമര്‍ത്തി നില്‍ക്കുന്നു. അമര്‍ത്തിയിരിക്കുന്ന കയ്യില്‍ക്കൂടി ചോരയും ഒലിക്കുന്നുണ്ട്. ചോര എവിടെനിന്നാണ് എന്ന് പരിശോധിച്ചപ്പോള്‍ കണ്‍പോളകളിലേറ്റ മുറിവില്‍നിന്നാണ് എന്ന് മനസ്സിലായി. ആെകപ്പാടെ പന്തികേട് തോന്നിയ ഞാന്‍ കാര്യം തിരക്കി. അമ്മയും അച്ഛനും മകനും നല്ലവരായ അയല്‍ക്കാര്‍. എന്നിട്ടും ഇതെന്തു പറ്റി?
മകന്‍ എന്തോ ചെറിയ കുസൃതി ഒപ്പിച്ചു. അച്ഛന് ദേഷ്യം സഹിച്ചില്ല. മകനെ ശിക്ഷിക്കുവാന്‍ തന്നെ തീരുമാനിച്ചു. കയ്യോങ്ങിയപ്പോള്‍ അമ്മ ഒരു വടിയെടുത്തു കൊടുത്തു. അച്ഛന്‍ വടിപ്രയോഗം ശരിക്കും നടത്തി. ഒരു വടി, രണ്ടാമത്തെ വടി, മൂന്നാമത്തെ വടിയും ഉപയോഗിച്ച് അച്ഛന്‍ വിഷമിച്ചു. മൂന്നാമത്തെ വടിയുടെ പ്രയോഗത്തില്‍ വടി ഒടിഞ്ഞ് ഒരു കഷണം അച്ഛന്റെ കണ്ണില്‍ കൊണ്ടുണ്ടായ പരിക്കുമൂലമാണ് കണ്‍പോളകളില്‍നിന്നും ചോര വന്നത്. ഇത്രയും പരിക്ക് പറ്റിയെങ്കിലും അച്ഛന്റെ മര്‍ദ്ദനമേറ്റു വാങ്ങിയതല്ലാതെ അച്ഛനെക്കാള്‍ ആരോഗ്യവാനായ ആ മകന്‍ അച്ഛനെ പ്രതിരോധിക്കുകയോ അച്ഛന്റെ നേരെ കയ്യുയര്‍ത്തുകയോ ഉണ്ടായില്ല. എന്നാല്‍ വടിക്കമ്പുകൊണ്ട് അച്ഛന് പരിക്കേറ്റതുകൊണ്ടാണ് അമ്മേ അയ്യോ അച്ഛന്റെ കണ്ണില്‍ കമ്പുകൊണ്ട് ചോര വരുന്നേ എന്ന് ഒച്ചത്തില്‍ കരഞ്ഞത്. ഇതുകണ്ട് അലിവുതോന്നിയ ഞാനും ഭാര്യയും കൂടി അച്ഛനെ ശാസിക്കുകയും മകനെ സമാധാനിപ്പിക്കുകയും അടികൊണ്ട പാടുകളില്‍ തേലാടുകയും ചെയ്തപ്പോള്‍ മകന്‍ പറയുകയാണ്: ”സാരമില്ല അച്ഛന്‍ എന്നെ തല്ലിയത് ഞങ്ങള്‍ അച്ഛനും മകനുമായതുകൊണ്ടല്ലേ? എന്റെ തെറ്റ് എനിക്ക് മനസ്സിലാകുകയും ചെയ്തു.” അച്ഛന്‍ പറയുകയാണ്: ”എന്റെ ജീവന്റെ ഭാഗമാണ് എന്റെ പൊന്നുമകന്‍. അവന്‍ പിഴച്ചുപോയാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല.”
മൂക്കിന് ഗുരുതരമായി പരിക്കേറ്റ അതേ മകനെയുംകൊണ്ട് ആശുപത്രിയിലെത്തിയ അച്ഛനും അമ്മയും മരവിപ്പിക്കുകപോലും ചെയ്യാതെ മുറിവ് തുന്നിക്കെട്ടിയ രണ്ട് ഡോക്ടര്‍മാരും അതിശയം കൂറി. കാരണം പരിക്കു പറ്റിയപ്പോഴോ, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കാറില്‍വച്ചോ, വേദനയെടുക്കുന്നുവെന്ന പരാതി ഉന്നയിക്കുകയോ, വേദനയുടെ ലക്ഷണം കാണിക്കുകയോ ഉണ്ടായില്ല. ഡോക്ടര്‍മാര്‍ സംശയം ഉന്നയിച്ചു. വേദന അറിയുന്ന സംവേദനശക്തി നഷ്ടപ്പെടുത്തിയ രീതിയില്‍ തലച്ചോറിന് എന്തെങ്കിലും വൈകല്യമുണ്ടോയെന്നായിരുന്നു അടുത്ത ആലോചന. ആശുപത്രിക്കിടക്കയില്‍ കിടന്ന സമയം ഡോക്ടര്‍ സാവധാനം ചോദിച്ചു. അപ്പോള്‍ മകന്‍ മറുപടി പറയുകയാണ്: ”ഡോക്ടര്‍ പരിക്കു പറ്റിയപ്പോഴും ആശുപത്രിയിലേക്കുള്ള യാത്രയിലും മുറിവ് തുന്നിക്കെട്ടിയപ്പോഴും എനിക്ക് അസഹനീയമായ വേദനയായിരുന്നു. ഞാന്‍ വേദന ഭാവിച്ചാല്‍ അച്ഛനും അമ്മയ്‌ക്കും സങ്കടമാകുമല്ലോ എന്ന് വിചാരിച്ചാണ് ചിരിച്ചുകൊണ്ട് എല്ലാം സഹിച്ചത്.”
ഇതുകേട്ട ഡോക്ടര്‍ തെല്ലുറക്കെത്തന്നെ പറഞ്ഞു: ”ഇതാണ് യഥാര്‍ത്ഥ പിതാവും പുത്രനും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: