രാമശേഷന് ബോര്‍ഡില്‍ ഒരു ജാതകം വരച്ചെഴുതി.
”ഈ ഗ്രഹസ്ഥിതി ഒന്ന് വിലയിരുത്തൂ നോക്കട്ടെ…”
കുട്ടികള്‍ക്ക് രസം പിടിച്ചു.
”ഏതെല്ലാം ഭാവങ്ങള്‍ ചിന്തിക്കണം സാര്‍”, ജൈനീമേടിലെ ഗീത വലിയ താല്പര്യത്തോടെ കയ്യുയര്‍ത്തി.
”സാമാന്യഫലം പറഞ്ഞാല്‍ മതി…ആരോഗ്യം, കര്‍മ്മം, ഭാഗ്യം…അങ്ങനെ…”
കുട്ടികള്‍ മനനത്തില്‍ ഏര്‍പ്പെട്ടു. അവരുടെ മുഖത്ത് ഒരു അരഭയം രാമശേഷന് കണ്ടു.
”എന്തിന് സങ്കോചം?”, അയാള്‍ ധൈര്യം പകര്‍ന്നു. ”തെറ്റില്‍ നിന്നല്ലേ നമ്മള് ശരി പഠിക്കുക?”
തുളസീദാസ് തുടങ്ങി.
”മകരലഗ്നം… ലഗ്നത്തില്‍ ചന്ദ്രനും ശുക്രനും… ലഗ്നവും ചന്ദ്രലഗ്നവും സ്ത്രീരാശി…ലഗ്നത്തില്‍ സ്ത്രീ ഗ്രഹങ്ങള്‍… അതിനാല്‍ ജാതക സ്ത്രീയാണ്…”
”ലഗ്നാധിപനായ ശനി നീചക്ഷേത്രത്തിലും ശത്രുക്ഷേത്രത്തിലുമാണ്,” മണികണ്ഠന് ഇടപെട്ടു. ”ജാതകന് ആരോഗ്യമില്ലാത്തവനും ഏറ്റെടുക്കുന്ന കാര്യങ്ങളില്‍ പരാജയപ്പെടുന്നവനുമായിരിക്കും…”
”ഭാഗ്യാധിപനായ ബുധന്‍ പന്ത്രണ്ടില്‍ മറഞ്ഞു…അത് ദുരിതസ്ഥാനവും”, ചിത്ര തന്റെ അറിവ് പ്രദര്‍ശിപ്പിച്ചു. ”ജാതകന് ഭാഗ്യഹീനനായിരിക്കും…”
രാമശേഷന് കേട്ടിരുന്നു.
”ശുക്രന് കര്മാധിപത്യം വഹിച്ച് ലഗ്നത്തില്‍,” ശാരദ കണ്ണുചിമ്മി. ”ജാതകന് ഗായകനായിരിക്കും…അല്ലെങ്കില്‍ സംഗീതത്തില്‍ അതീവ തല്‍പ്പരനായിരിക്കും…”
”അഞ്ചാം ഭാവം ശുദ്ധം…”, പുഷ്പലത വിടര്‍ന്നു. ”പക്ഷേ ഭാവാധിപന് സ്ത്രീഗ്രഹമായ ശുക്രന്… നില്‍ക്കുന്നത് സ്ത്രീരാശിയിലും…ജാതകന് പെണ്‍കുട്ടികളായിരിക്കും ജനിക്കുക…”
ഇത്രയുമായപ്പോള്‍ ക്ലാസ്സില്‍ ഒരു നിശ്ശബ്ദത നിറഞ്ഞു. കുട്ടികള്‍ പരസ്പരം മുഖം നോക്കി.
”കഴിഞ്ഞോ?”, രാമശേഷന് എഴുന്നേറ്റു.
”ഇനിയെന്തെങ്കിലും പറയാനുണ്ടോ, ആര്‍ക്കെങ്കിലും?”
പെട്ടെന്ന് ശിവപ്രസാദ് ചാടിയെണീറ്റു.
”സാര്‍… ഈ ജാതകത്തില്‍ കാളസര്പ്പദോഷമുണ്ട്…”
”വെരി ഗുഡ്…”, ആ കണ്ടെത്തലിനെ രാമശേഷന് അഭിനന്ദിച്ചു.
”മറ്റെന്തെല്ലാം യോഗങ്ങളുണ്ട്?”
ഓരോരുത്തരും യോഗങ്ങള്‍ തിരഞ്ഞു.
അനഭാ യോഗം, നിപുണ യോഗം, ശാരദാ യോഗം.
”വലിയ രാജയോഗങ്ങളൊന്നുമില്ല സാര്‍…”
”ഓക്കെ….”, രാമശേഷന് ഇരുന്നു. ”ഇനി കൃഷ്ണമൂര്‍ത്തി പദ്ധതി പ്രകാരം നക്ഷത്രസിദ്ധാന്തം നമുക്കൊന്ന് അപ്ലൈ ചെയ്തു നോക്കാം…”
കുട്ടികള്‍ ഉഷാറായി.
”ഇത് ഒരു സ്ത്രീജാതകമാണെന്ന് ആരാണ് പറഞ്ഞത്?”
തുളസീദാസ് കൈ പൊന്തിച്ചു.
”ജാതകം സ്ത്രീയുടേയോ പുരുഷന്റേതോ എന്ന് തിരിച്ചറിയാനുള്ള പ്രമാണം എന്താണ്… മറന്നോ?”
കുട്ടികള്‍ അതു മറന്നിരുന്നു.
രാമശേഷന് ഓര്‍മ്മിപ്പിച്ചു: ലഗ്നത്തിന്റെ ഷഡ്വര്ഗ്ഗാധിപന്മാരായ ഗ്രഹങ്ങളില്‍ ഭൂരിപക്ഷവും പുരുഷഗ്രഹങ്ങളാണെങ്കില് ആ ജാതകം പുരുഷന്റേത്. സ്ത്രീ ഗ്രഹങ്ങളാണെങ്കില്‍ സ്ത്രീയുടേത്. എങ്ങനെ നിജപ്പെടുത്തും? പുരുഷജാതകത്തില്‍ ലഗ്നം നവാംശകം ചെയ്യുന്നത് പുരുഷരാശിയിലും സ്ത്രീ ജാതകത്തില്‍ സ്ത്രീരാശിയിലുമായിരിക്കും. ഇതിന് വിപരീതമായി കാണപ്പെടുന്ന ജാതകം തെറ്റാണ്.
ആ പാഠം കുട്ടികള്‍ ഓര്‍ത്തെടുത്തു.
”ഈ ജാതകം നോക്കൂ… ലഗ്നം അംശിച്ചിരിക്കുന്നത് പുരുഷരാശിയായ ചിങ്ങത്തില്… പിന്നെങ്ങനെ ഇത് സ്ത്രീജാതകമാവും?”
ആദ്യ നിരീക്ഷണം തന്നെ തെറ്റിയതില്‍ തുളസീദാസ് വിഷമിച്ച് തല കുനിച്ചു.
”മണികണ്ഠനിലേക്ക് വരാം…ഗ്രഹം നീചമായാലും അത് കേന്ദ്രമാണെങ്കില്‍ നീചത്വം നിഷ്പ്രഭമാവും എന്നൊരു പ്രമാണമുണ്ട്…ലഗ്നാധിപനായ ശനി നീചനെങ്കിലും കേന്ദ്രത്തിലാണ്… നവാംശകത്തിലും ശനി നീചത്തിലാകയാല് വര്ഗ്ഗോത്തമ ബലം കിട്ടി… അതിനാല്‍ അനാരോഗ്യം, പരാജയം എന്നീ സംഗതികള്‍ തിരുത്തേണ്ടിവരും…”
മണികണ്ഠനും തലയ്ക്ക് കൊട്ടു കിട്ടിയപോലെ ഇരുന്നു.
”ചിത്ര പറഞ്ഞ പോയിന്റ് സാമ്പ്രദായികമായി കറക്ടാണ്…ഭാഗ്യാധിപന് പന്ത്രണ്ടില്‍ ദുരിതസ്ഥാനത്ത്… നമുക്ക് കെ.പി.സിസ്റ്റം അപ്ലൈ ചെയ്തു നോക്കാം…”
കുട്ടികള്‍ നോട്ടു നിവര്‍ത്തി.
”ഭാഗ്യാധിപന്റെ രാശിസ്ഥിതി നോക്കൂ…”
രാശി-ധനു, അധിപന്-ഗുരു
നക്ഷത്രം-മൂലം, അധിപന്-കേതു
ഉപനക്ഷത്രാധിപന് ബുധന്‍.
”നമ്മളെന്താണ് മനസ്സിലാക്കേണ്ടത്… ഭാഗ്യാധിപനായ ബുധന്‍ തന്റെ സ്വന്തം ഉപനക്ഷത്രത്തില് നില്ക്കുന്നു…അതിനാല്‍ ജാതകന് ഭാഗ്യമുള്ളവനായിരിക്കും… മാത്രമല്ല ജാതകന് ജനിച്ചതും ബുധനാഴ്ചയാണ്…”
നക്ഷത്ര സിദ്ധാന്തത്തിന്റെ വഴി പിടികിട്ടിയ ആനന്ദത്തില്‍ കുട്ടികള്‍ ഒന്നു നിവര്‍ന്നു.
”ശാരദയുടെ കണ്ടെത്തലില്‍ കാര്യമുണ്ട്,” രാമശേഷന് ഒന്നു ചിരിച്ചു. ”കര്മ്മാധിപത്യം കിട്ടിയ ശുക്രന് ലഗ്നത്തില്‍ ബന്ധുക്ഷേത്രത്തില്‍ നില്ക്കുന്നു…ശുക്രന് യോഗകാരകത്വവുമുണ്ട്… അതിനാല്‍ ജാതകന് ഗായകനോ സംഗീതത്തില്‍ അതീവ താല്പ്പര്യമുള്ളവനോ ആയിരിക്കും…പ്രമാണങ്ങളിലും അതു കൃത്യമാണ്…”
ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടിയ സന്തോഷം ശാരദയുടെ മുഖത്ത്.
”എന്നാല്‍ പുഷ്കലയുടെ നിരീക്ഷണം തെറ്റി…”, രാമശേഷന് കെ.പി. സിസ്റ്റത്തെ കൂട്ടുപിടിച്ചു. ”അഞ്ചാം ഭാവാധിപന് സ്ത്രീയായതുകൊണ്ടും സ്ത്രീരാശി സ്ഥിതിയുള്ളതുകൊണ്ടും ജാതകന് പെണ്‍കുട്ടികളായിരിക്കും എന്നാണ് കണ്ടെത്തല്‍… നോക്കാം…”
രാശി-മകരം, അധിപന്-ശനി
നക്ഷത്രം-അവിട്ടം, അധിപന് കുജന് ഉപനക്ഷത്രാധിപന് കുജന്.
”അഞ്ചാം ഭാവാധിപനായ ശുക്രന് സ്ത്രീ ഗ്രഹമാണെങ്കിലും നില്‍ക്കുന്നത് പുരുഷനക്ഷത്രത്തിലും പുരുഷ ഉപനക്ഷത്രത്തിലുമാണ്. കുജന് പുരുഷനല്ലേ?
കുട്ടികള്‍ക്ക് അതിശയമായി.
”ജാതകന് മൂന്ന് ആണ്‍കുട്ടികളാണ്…ഇവിടെ സമ്പ്രദായം തെറ്റിയോ?”
”തെറ്റി സാര്‍…”, കുട്ടികള്‍ അന്തംവിട്ട പോലെ പറഞ്ഞു.
”ശരി… ശിവപ്രസാദിലേക്ക് വരാം…മറ്റാരും കാണാത്തത് താന്‍ കണ്ടു… കാളസര്‍പ്പ യോഗം… ജാതകന് ആ യോഗമുണ്ട്…അതിന്റെ പല തിക്താനുഭവങ്ങളും ആ ഗ്രഹത്തിന്റെ ദശാകാലത്ത് അയാള്‍ അനുഭവിച്ചിട്ടുണ്ട്…”
രാമശേഷന് എഴുന്നേറ്റ് രണ്ടു ചാല് നടന്നു.
”പക്ഷേ ലോകം അറിയുന്ന ചില പ്രമുഖരുടെ ജാതകങ്ങളില്‍ കാളസര്പ്പദോഷമുണ്ട്… അറിയുമോ? ജവഹര്‍ലാല്‍ നെഹ്റു, കാള്‍ മാര്‍ക്സ്…”
കുട്ടികള്‍ക്ക് അടക്കാനാവാത്ത അദ്ഭുതം.
”അപ്പോള്‍ നമ്മള് ഇന്ന് വിശകലനം ചെയ്ത ജാതകം ആരുടേതാണ് സാര്‍?”
നിമിഷനേരം രാമശേഷന് ഒന്നും മിണ്ടിയില്ല.
പിന്നെ പറഞ്ഞു: ”യേശുദാസ്…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: