കോട്ടയം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഭരണസ്വാധീനം ദുരുപയോഗിക്കാനുള്ള നീക്കം സിപിഎം തുടങ്ങി. പഞ്ചായത്തുകള്‍ വിഭജിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കുവാനുള്ള നീക്കം ധനവകുപ്പിന്റെ ഇടപെടല്‍ കാരണം നടക്കാതെ പോയപ്പോള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡുകളുടെ എണ്ണം കൂട്ടുകയും, അതിനായി നിലവിലുള്ള വാര്‍ഡുകള്‍ കീറിമുറിക്കുകയും ചെയ്ത് ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണം കൈപ്പിടിയിലാക്കാനുള്ള നീക്കം പാര്‍ട്ടി-സര്‍ക്കാര്‍ തലങ്ങളില്‍ സജീവമായിരിക്കുകയാണ്.
തദ്ദേശ സ്ഥാപനങ്ങളില്‍ ഒരു വാര്‍ഡ് വീതം കൂട്ടാന്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, പട്ടിക തിരിച്ച് കണക്കെടുത്തപ്പോള്‍ ജനസംഖ്യാനുപാതികമെന്ന പേരില്‍ രണ്ടും മൂന്നും നാലും വാര്‍ഡുകള്‍ വരെ കൂട്ടാന്‍ തീരുമാനമുണ്ട്. സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ 489 എണ്ണത്തില്‍ ഒന്നു വീതം വാര്‍ഡുകള്‍ കൂട്ടാനാണ്് ശുപാര്‍ശ. 302 എണ്ണത്തില്‍ രണ്ടു വീതവും 83 എണ്ണത്തില്‍ മൂന്നു വീതവും ഒന്‍പത് എണ്ണത്തില്‍ നാലു വീതവും വാര്‍ഡുകള്‍ കൂട്ടാനാണ് ശുപാര്‍ശയുള്ളത്. 55 എണ്ണത്തില്‍ വര്‍ധനവില്ലാതെയും മൂന്ന് എണ്ണത്തില്‍ ഒന്നു വീതം കുറയ്ക്കാനുമാണ് നീക്കം.
ഫലത്തില്‍ വര്‍ധനവില്ലാത്ത 55 പഞ്ചായത്തുകളിലൊഴികെ ബാക്കിയുള്ളിടത്തെല്ലാം വാര്‍ഡുകള്‍ പുനര്വിഭജിക്കേണ്ടി വരും. ഈ സാഹചര്യം ഭരണസ്വാധീനം ഉപയോഗിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കുവാനാണ് സിപിഎമ്മിന്റെ ആലോചന. ഒരു വാര്‍ഡിന്റെ വര്‍ധനവുണ്ടാകേണ്ട പഞ്ചായത്തുകളില്‍ രണ്ടോ മൂന്നോ വാര്‍ഡുകള്‍ മുറിച്ച് പുതിയതുണ്ടാക്കാമെന്നിരിക്കെ തങ്ങളുടെ സ്വാധീനമേഖലകള്ക്കനുസൃതമായി വാര്‍ഡുകളെല്ലാം പുനഃക്രമീകരിച്ച് ഭൂരിപക്ഷം ഉണ്ടാക്കണമെന്ന നിര്‍ദേശമാണ് പാര്‍ട്ടി താഴെത്തലത്തിലേക്ക് നല്കിയിരിക്കുന്നതെന്നറിയുന്നു.
ഒക്ടോബറിലോ നവംബറിലോ തെരഞ്ഞെടുപ്പ് നടക്കണമെന്നിരിക്കെ ഇനിയുള്ള ചുരുങ്ങിയ കാലയളവിനുള്ളില്‍ വാര്‍ഡ് പുനഃക്രമീകരണം കുറ്റമറ്റതരത്തില്‍ നടക്കുമോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പോലും നിശ്ചയമില്ലാതെയിരിക്കെ തിരക്കിട്ട് കാര്യങ്ങള്‍ നീക്കുവാനാണ് പാര്‍ട്ടിയും സര്‍ക്കാരും തങ്ങള്‍ക്ക് അനുകൂലരായ ഉദ്യോഗസ്ഥരോടും തദ്ദേശസ്ഥാപന അധികാരികളോടും രഹസ്യമായി നല്‍കിയിരിക്കുന്ന നിര്‍ദേശം.
നേരത്തേ സംസ്ഥാനത്തെ 110 പഞ്ചായത്തുകള്‍ രണ്ടാക്കണമെന്ന് ശുപാര്‍ശയുണ്ടായിരുന്നു. എന്നാല്‍, ഉണ്ടാകാവുന്ന സാമ്പത്തിക അധികഭാരം കണക്കിലെടുത്ത് ധനവകുപ്പ് അതിന് അനുമതി കൊടുത്തില്ല. അതിനുശേഷം ജനസംഖ്യ വര്‍ധിച്ചിട്ടുള്ള 45പഞ്ചായത്തുകള്‍ വിഭജിക്കാമെന്ന ശുപാര്‍ശയും ധനവകുപ്പ് അംഗീകരിച്ചില്ല. അതീവ ഗുരുതരാവസ്ഥയിലായ സര്‍ക്കാരിന്റെ ധനസ്ഥിതി ചൂണ്ടിക്കാട്ടിയായിരുന്നു ധനവകുപ്പ് ശുപാര്‍ശ തള്ളിയത്.
എന്നാല്‍ നിലവിലുള്ള സ്ഥിതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ സിപിഎമ്മിന് ഉണ്ടാകാവുന്ന നാണക്കേട് എങ്ങിനെയും ഒഴിവാക്കണമെന്ന ചിന്തയില്‍നിന്നാണ് വാര്‍ഡുകള്‍ കൂട്ടുകയെന്ന കുറുക്കുവഴിയിലേക്ക് എത്തിയത്.
ഇതനുസരിച്ച് വാര്‍ഡുകള്‍ തങ്ങള്‍ക്ക് ഗുണമാകത്തക്കവിധത്തില് കീറിമുറിച്ച് തെരഞ്ഞെടുപ്പ് പരാജയമെന്ന നാണക്കേടില്‍നിന്ന് മുക്തിനേടുന്നതിനുള്ള ജീവന്മരണ പോരാട്ടത്തിനാണ് പാര്‍ട്ടി നീക്കം. അന്യായമായ വാര്‍ഡ് വിഭജനത്തെ നിയമപരമായി നേരിടുന്നതൊഴിവാക്കുവാനുള്ള മാര്‍ഗ്ഗവും ആലോചിച്ച് തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: