കോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനം അവതാളത്തിലേക്ക്. സേനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം പോലും ലഭ്യമാകാത്ത സ്ഥിതിവിശേഷമാണ് നിലവില്‍.
ഫോണ്‍ ബില്ലും ഇന്ധനത്തിന്റെ പണവും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള പണവും നല്‍കാതെ വന്‍കുടിശികയിലാണ്. വാഹനത്തിന്റെ ഇന്‍ഷ്വറന്‍സ് തുകയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനും സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല. ജീവനക്കാരുടെ കൈയില്‍ നിന്നാണ് ഇന്‍ഷ്വറന്‍സ് തുകയും ഫിറ്റ്നസ് പുതുക്കുന്നതിനുമുള്ള പണം അടയ്ക്കുന്നത്. വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണി നടത്തിയ ഇനത്തില്‍ വര്‍ക്ക്ഷോപ്പ് കാര്‍ക്ക് കൊടുക്കാനുള്ളത് ലക്ഷങ്ങളാണ്.
ജീവനക്കാരുടെ കൈയില്‍ നിന്ന് പോലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടതായി വരുന്നുണ്ട്. ഓഫീസിലെ വിവിധ ആവശ്യങ്ങള്‍ക്ക് അമ്പതിനായിരം രൂപവരെ സ്വന്തം കൈയില്‍ നിന്നും എടുത്ത ജീവനക്കാരുമുണ്ട്. റീജിയണല്‍ ഓഫീസില്‍ നിന്നുമാത്രം വാഹനത്തിന്റെ അറ്റകുറ്റപ്പണി ചെയ്തതിന് നല്‍കാനുള്ളത് 20 ലക്ഷം രൂപയിലേറെയാണ്. സ്വര്‍ണ്ണം പണയംവച്ച് ഓഫീസിലെ വാഹനത്തിന്റെ ഇന്‍ഷ്വറന്‍സ് പുതുക്കിയ ജീവനക്കാരുണ്ട്. വന്‍കുടിശിക വന്നതോടെ ഇന്ധനം നല്‍കുന്നകാര്യത്തില്‍ പമ്പുകാരും മടിക്കുകയാണ്.
സംസ്ഥാനത്ത് റീജിയണല്‍ ഓഫീസും ജില്ലാ ഓഫീസും അടക്കം 91 യൂണിറ്റുകളുള്ള അഗ്നിരക്ഷാ സേനയ്ക്ക് വിവിധ തരത്തിലുള്ള 685 വാഹനങ്ങളാണ് ഉള്ളത്. ഇത്രയും വാഹനങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല ഈ യൂണിറ്റുകളിലെ ജീവനക്കാര്‍ക്കാണ്. ഇതിനാവശ്യമായ പണം സര്‍ക്കാര്‍ നല്‍കുന്നില്ല. അഗ്നിരക്ഷാസേന അവശ്യസര്‍വീസ് ആയതിനാല്‍ ഇത് സംരക്ഷിക്കാന്‍ ജീവനക്കാര്‍ ബാധ്യസ്ഥരാകുകയാണ്. സേനയുടെ വിപുലീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ വലിയ തോതില്‍ സാമ്പത്തിക സഹായം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം വകമാറ്റി ചെലവാക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
സേന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോള്‍ സിവില്‍ ഡിഫന്‍സ് എന്ന പേരില്‍ വലിയൊരു സംഖ്യ ധൂര്‍ത്തടിക്കുന്നു. ഓരോ യൂണിറ്റും ഇതിന്റെ ഉദ്ഘാടനത്തിന് 2000 രൂപ ചെലവാക്കേണ്ടിവന്നു. ഇതും ജീവനക്കാരുടെ കൈയില്‍ നിന്നാണ് എടുത്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒരുകുറവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: