തിരുവനന്തപുരം: കേരള, മഹാത്മഗാന്ധി സര്‍വകലാശാലകളിലെ പരീക്ഷാ തട്ടിപ്പുകള്‍ക്കു പിന്നാലെ കേരള ആരോഗ്യസര്‍വകലാശാലയിലും പരീക്ഷാ തട്ടിപ്പ്. ബ്ലൂടൂത്ത് ഉപയോഗിച്ച് പരീക്ഷാ തട്ടിപ്പ് നടത്തിയതിന് ഡീബാര്‍ ചെയ്ത ദന്തല്‍ വിദ്യാര്‍ഥി പരീക്ഷയെഴുതി. പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഹൗസ് സര്‍ജന്‍സിക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥിക്കെതിരെ പരാതി ഉയര്‍ന്നതോടെ പുറത്താക്കി സര്‍വകലാശാല തലയൂരി. ഡീബാര്‍ ചെയ്തത് പിഎസ്സി പരീക്ഷാ തട്ടിപ്പിന് സമാനമായ കുറ്റം ചെയ്തതിന്.
കാസര്‍കോട് സെഞ്ച്വറി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വിദ്യാര്‍ഥിയായിരുന്ന പ്രസാദ് കെ. മാധവനെയാണ് പരീക്ഷ ക്രമക്കേട് കാണിച്ചതിന് 2019 മെയ് മൂന്നിന് സര്‍വകലാശാല ഡീബാര്‍ ചെയ്തത്. 2019 ജനുവരിയില്‍ അവസാന വര്‍ഷ ബിഡിഎസ് പാര്‍ട്ട്-ഒന്ന് സപ്ലിമെന്ററി പരീക്ഷയ്ക്കാണ് ഇയാള്‍ മൊബൈല്‍ഫോണും ബ്ലൂടൂത്ത് ഡിവൈസും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. ഇത് കൈയോടെ പിടകൂടി. പരീക്ഷാ ദുരുപയോഗവും വീഴ്ചയും അന്വേഷിക്കുന്ന സര്‍വകലാശാല സമിതി 2019 മാര്‍ച്ച് മൂന്നിന് ചേര്‍ന്ന് ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ അവസാന വര്‍ഷത്തെ എല്ലാ പരീക്ഷകളും റദ്ദാക്കി. അടുത്ത പരീക്ഷ എഴുതുന്നതില്‍ നിന്ന് ഡീബാര്‍ ചെയ്തു. കൂടാതെ ഐടി ആക്ട് പ്രകാരം കുറ്റം ചെയ്തതിനാല്‍ സൈബര്‍ സെല്ലിന് പരാതി നല്‍കാനും സര്‍വകലാശാല തീരുമാനിച്ചു.
പ്രസാദ് കെ. മാധവന് 2019 ജൂലൈയില്‍ പരീക്ഷയെഴുതി. വിജയിച്ചതായി ഫലപ്രഖ്യാപനവും വന്നു. സര്‍വകലാശാലയില്‍ നിന്ന് നല്കിയ പ്രൊവിഷണല്‍ മാര്‍ക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ഹൗസ് സര്‍ജന്‍സിക്ക് പ്രവേശനം നേടി. ഒപ്പമുള്ള വിദ്യാര്‍ഥി പരാതി നല്‍കിയതിനുശേഷമാണ് ആരോഗ്യ സര്‍വകലാശാല പോലും തട്ടിപ്പ് അറിയുന്നത്. തുടര്‍ന്ന് ഇയാളുടെ പരീക്ഷാഫലവും പ്രവേശനവും റദ്ദാക്കി.
ഡീബാര്‍ ചെയ്യപ്പെട്ട വിദ്യാര്‍ഥിക്ക് ഒരുകാരണവശാലും പരീക്ഷാ ഫീസ് അടയ്ക്കാന്‍ കഴിയില്ല. കമ്പ്യൂട്ടര്‍ വിഭാഗത്തിന്റെ സഹായമില്ലാതെ തട്ടിപ്പ് നടത്താനുമാകില്ല. പരാതി ഉയര്‍ന്നതോടെ ഇയാള്‍ പരീക്ഷയെഴുതിയത് അടക്കമുള്ള രേഖകള്‍ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ നിന്ന് നശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് സര്‍വകലാശാല ഇതുവരെ തയാറായിട്ടില്ല. മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുള്ള പരീക്ഷാ തട്ടിപ്പിന് സര്‍വകലാശാല നിരവധി പേരെ ഡീബാര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഐടി നിയമപ്രകാരം കുറ്റകരമായിട്ടും ഈ വിവരം ഇതുവരെയും പോലീസ് അന്വേഷണത്തിനു കൈമാറിയിട്ടില്ല. ആരോഗ്യ സര്‍വകലാശാലയില്‍ പരീക്ഷാ തട്ടിപ്പുകള്‍ വ്യാപകമാണെന്ന വിവരം നേരത്തെ ജന്മഭൂമി പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: