മുംബൈ: ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ വേഷത്തില്‍ ദീപിക പദുക്കോണ്‍ അഭിനയിക്കുന്ന ചാപക് സിനിമയില്‍ ഇരയുടെ അഭിഭാഷയുടെ പേരും ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി കോടതി. ദീപികയുടെ സിനിമ യഥാര്‍ത്ഥ ജീവിതത്തില്‍ ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് പറയുന്നത്. ലക്ഷ്മിക്ക് വേണ്ടി ആസിഡ് ആക്രമണക്കേസില്‍ കോടതിയില്‍ ഹാജരായ അപര്‍ണ ഭട്ട് തന്നെയാണ് സിനിമയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സിനിമയുടെ ആവശ്യത്തിനായി ദീപികയും അണിയറക്കാറും മാസങ്ങളോളം ലക്ഷ്മിയേയും തന്നെയും ബുദ്ധിമുട്ടിച്ചിരുന്നു. എന്നിട്ട് ഇപ്പോള്‍ ചിത്രത്തില്‍ ഒരു കടപ്പാട് പോലും തനിക്കു നല്കാന് സിനിമ പ്രവര്‍ത്തകര്‍ തയാറായില്ലെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ ഹര്‍ജി പരിഗണക്കവേയാണ് ഡല്‍ഹി അഡീഷനല്‍ സീനിയര്‍ സിവില്‍ ജഡ്ജി പങ്കജ് ശര്‍മ ഉത്തരവ് പറഞ്ഞത്. സിനിമയുടെ തുടക്കത്തില്‍ ലക്ഷ്മി അഗര്‍വാളിന്റെ അഭിഭാഷക അപര്‍ണ ഭട്ടിന്റെ പേരും കടപ്പാട് രീതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഉത്തരവ്. ചിത്രത്തില്‍ സംവിധായക മേഘ്ന ഗുല്‍സാറും അപര്‍ണയും ചേര്‍ന്നാണ് തിരക്കഥയ്ക്കു വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കിയത്. സിനിമയില്‍ അപര്‍ണക്ക് വേണ്ട പരിഗണന ലഭിക്കുമെന്നും മേഘ്ന ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഈ മാസം ഏഴിന് പ്രീമിയര്‍ ഷോ കഴിഞ്ഞാണ് തന്റെ പേര് ഒഴിവാക്കിയെന്നു അപര്‍ണ തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്.
2005ല്‍ പതിനഞ്ചാം വയസില്‍ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മിയുടെ കഥ പറയുന്ന ചിത്രം നാളെ തീയെറ്ററുകളില് എത്താനിരിക്കെയാണ് സ്റ്റേ ആവശ്യവുമായി അഭിഭാഷക കോടതിയെ സമീപിച്ചിരിക്കുന്നത്. ആസിഡ് ആക്രമണത്തിനു ശേഷം നിരവധി ശസ്ത്രക്രിയകള്‍ക്കു ശേഷം ഇത്തരത്തില്‍ ആക്രമണത്തിന് ഇരയായ യുവതികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്മി ഇപ്പോള്‍.
അതേസമയം, സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബോളിവുഡ് നടി ദീപിക പദുക്കോണ്‍ നടത്തിയ ജെഎന്‍യു സന്ദര്‍ശനത്തെച്ചൊല്ലി വിവാദം ശക്തമായിരുന്നു. ചാപക് സിനിമയുടെ പചാരണത്തിനുള്ള വേലയാണെന്ന ആരോപണമാണ് ബിജെപി അടക്കം ചില പാര്‍ട്ടികള്‍ ആരോപിച്ചത്. സ്റ്റാന്‍ഡ് വിത് ദീപിക പദുക്കോണ്‍, ബോയ്കോട്ട് ദീപിക തുടങ്ങി വിവിധ ഹാഷ് ടാഗുകളില്‍ ട്വിറ്റര്‍ ‘യുദ്ധം’ കൊഴുത്തിരുന്നു. ചാപകിന്റെ പ്രചാരണത്തിനായി ഡല്‍ഹിയില്‍ എത്തിയ വേളയിലാണു നടി ജെഎന്‍യുവിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: