മീമാംസാചാര്യനായ പ്രഭാകരന്‍ വസ്തുനിഷ്ഠപ്രപഞ്ചവും ഇന്ദ്രിയസ്പര്‍ശവും ആണ് അറിവു നമ്മില്‍ ഉളവാക്കുന്നതെന്ന നൈയ്യായികനിലപാടിനോടു പൊതുവേ യോജിച്ചു. പക്ഷേ ആ അറിവ് ഒരേ സമയം ജ്ഞാനം, ജ്ഞാതാവ്, ജ്ഞേയം എന്നിവയെ പ്രകാശിപ്പിക്കുന്ന വിശേഷപ്രതിഭാസമാണെന്നും കരുതി. ഭൗതികമായ സംഗ്രഹം (collocation) ഏതു തരത്തിലായാലും അതിനേക്കാള്‍ പ്രധാനം അറിവ് ആണ്. കാരണം അറിവാണല്ലോ വസ്തുവിനെ വെളിവാക്കുന്നത്. അതാണല്ലോ പ്രമാണം എന്നു വിളിക്കപ്പെടേണ്ട നേര്‍ഗ്രഹണം. ഈ അര്‍ത്ഥത്തില്‍ പ്രമാണം എന്നാല്‍ പ്രമിതി അഥവാ പ്രമ ആണ്, അറിയല്‍ എന്ന പ്രതിഭാസമാണ്. പ്രമയെ ഉളവാക്കുന്ന സംഗ്രഹം (collocation) എന്ന അര്‍ത്ഥത്തിലും പ്രമാണം എന്ന പദം പ്രയോഗിക്കാം. കാരണം, പ്രമാ അഥവാ ശരിയായ അറിവ് ഒരിക്കലും സ്ൃഷ്ടിക്കപ്പെടുന്നില്ല; അതെപ്പോഴും ഉള്ളതാണ്. അത് വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്തതരത്തില്‍ പ്രകടമാകുന്നു എന്നേയുള്ളു. അറിവിന്റെ പ്രാമാണ്യം (validity) എന്നാല്‍ വസ്തുപ്രപഞ്ചവുമായി ബന്ധപ്പെട്ട് നമ്മില്‍ ഉണ്ടാകുന്ന ഉറപ്പ് (conviction), വസ്തുപ്രപഞ്ചത്തോട് നമുക്കുണ്ടാകുന്ന മനോഭാവം എന്നിവയാണ്. ഈ പ്രാമാണ്യം ജ്ഞാനോദയത്തോടൊപ്പം പ്രകടമാകുന്നതാണ്. വസ്തുമണ്ഡലത്തില്‍ പിന്നീടുണ്ടാകുന്ന ഏതെങ്കിലും അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനത്തെ അത് ആശ്രയിക്കുന്നില്ല (സംവാദി).
നിര്‍വികല്‍പ്പ (indeterminate) മായ ജ്ഞാനം എന്നാല്‍ വസ്തുവിനെക്കുറിച്ചുള്ള പൂര്‍ണമായ അറിവാണ്. അല്ലാതെ നൈയ്യായികന്‍ പറയുന്നതു പോലെ
ഇന്ദ്രിയാസംവേദ്യ (non-sensible) വും കാല്‍പനിക (hypothetical) വും നിര്‍വികല്‍പവും ആയ സാമാന്യ (class) ബോധം അല്ല. സവികല്‍പ (determinate) ജ്ഞാനം സ്മരണയിലുള്ള മറ്റു വസ്തുക്കളുമായി ബന്ധിപ്പിച്ച് ആ അറിവിനെ ദൃഢീകരിക്കുക മാത്രമാണു ചെയ്യുന്നത്. ഇതാണ് മീമാംസകരിലെ പ്രാഭാകരമതവും ന്യായശാസ്ത്രവും തമ്മിലുള്ള അഭിപ്രായഭേദം. സാംഖ്യന്‍ മുന്നോട്ടു വെച്ച അതീന്ദ്രിയമായ ചിത്തും ഭൗതികമായ ബുദ്ധിയും ചേര്‍ന്ന ബോധം എന്ന ദ്വന്ദ്വാത്മകമായ ആശയത്തെയും പ്രഭാകരന്‍ നിരാകരിക്കുന്നു. പക്ഷേ ജ്ഞാതാവിനേയും ജ്ഞേയത്തേയും ഒരേ സമയം പ്രകാശിപ്പിക്കുന്ന ബോധം എന്നത് ഒരു സവിസേഷസത്തയാണെന്ന്ു പ്രഭാകരന്‍ സമ്മതിക്കുന്നു. ജ്ഞാനപ്രാമാണ്യം ബാഹ്യവസ്തുക്കളെ അതേപടി പുനസ്സൃഷ്ടിക്കുന്നതിലോ സൂചിപ്പിക്കുന്നതിലോ ജ്ഞാനം വസ്തുവിനോടു
പുലര്‍ത്തുന്ന കൂറിനെ അല്ല ആശ്രയിക്കുന്നത് മറിച്ച് ബാഹ്യലോകത്ത് പ്രവൃത്തിക്കായി നമ്മെ പ്രേരിപ്പിക്കുന്ന അനുഭൂതി (direct apprehension) യുടെ ശക്തിയേയാണ്. അതായത് അറിവ് എന്നത് അതിന്റെ സ്വയംപ്രകാശനാവസ്ഥകളെ സംബന്ധിച്ചിടത്തോളം പരിപൂര്‍ണ്ണവും സ്വതന്ത്രവും ആണ്. പക്ഷേ അറിവ് അതിന്റെ സ്വയംപ്രകാശനസ്വഭാവത്തിനപ്പുറം എന്താണെന്ന് പ്രഭാകരന്‍ അന്വേഷിച്ചു പോയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: