പശുക്കള്‍ക്ക് 24 മണിക്കൂറും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം. ഇതിനായി തൊഴുത്തില്‍ ആട്ടോമാറ്റിക് ഡ്രിങ്കറുകള്‍ ക്രമീകരിക്കുകയാണ് ഉത്തമം.
പകല്‍ വെയിലുള്ള സമയത്ത് പശുക്കളെ തുറസ്സായ സ്ഥലത്ത് കെട്ടാതിരിക്കുക, തണലത്ത് മാത്രം കെട്ടുക, തണല്‍ ഇല്ലെങ്കില്‍ വൈകുന്നേരം തൊഴുത്തിന് പുറത്ത് അഴിച്ചുകെട്ടുക.
തൊഴുത്തിലെ വായുസഞ്ചാരം കൂട്ടാന്‍ ചുറ്റുമതിലുകളില്ലാത്ത, ഉയര്‍ന്ന മേല്‍ക്കൂരയുള്ള തൊഴുത്തുകള്‍ നിര്‍മ്മിക്കുക. തൊഴുത്തുകളിലെ വായുസഞ്ചാരം കൂട്ടാന്‍ ഫാനുകള്‍ ക്രമീകരിക്കുക. എക്സോസ്റ്റ് ഫാനുകള്‍ ക്രമീകരിക്കുന്നത് ചൂട് വായു പുറത്തുപോകാന്‍ ഉപകരിക്കും.
ടിന്‍ഷീറ്റിട്ട തൊഴുത്തുകളില്‍ ചൂട് കുറയ്ക്കാന്‍ ഷീറ്റിന് മുകളില്‍ ഓല വിരിക്കുകയോ, ചാക്ക്, നെറ്റ് എന്നിവ ഉപയോഗിച്ച് അടിക്കൂര നിര്‍മ്മിക്കുകയോ വേണം. തൊഴുത്തിന്റെ മധ്യഭാഗത്ത് 12 അടിയും വശങ്ങളില് 10 അടിയും ഉയരം ആവശ്യമാണ്.
തൊഴുത്തിന്റെ പരിസരം കോണ്‍ക്രീറ്റ് ചെയ്യാതിരിക്കുക, ഇത് തറയില്‍ നിന്ന് റേഡിയേഷന് വഴിയുള്ള സൂര്യാഘാതത്തെ ചെറുക്കും. കൂടാതെ മഴവെള്ളം മണ്ണിലേക്ക് ഇറങ്ങാനും ഉപകരിക്കും.
വൈക്കോലില്‍ ജലാംശം കുറവായതിനാല്‍ വൈക്കോല്‍ നല്‍കുന്നത് പരമാവധി കുറയ്ക്കുക. വൈക്കോല്‍ നല്‍കുന്നത് രാത്രിയിലും, രാവിലേയും ആക്കുക. വേനല്‍ക്കാലത്ത് തീറ്റപ്പുല്ലിന് ക്ഷാമമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ചോളം മുന്‍കൂട്ടി കൃഷി ചെയ്ത് സൈലജാക്കി സൂക്ഷിക്കുന്നത് നല്ലതാണ്. ബാഗുകളില്‍ സൈലേജുണ്ടാക്കുന്ന രീതി ചെറിയ ഫാമുകളില്‍ അനുവര്‍ത്തിക്കാവുന്നതാണ്.
പകല്‍സമയത്ത് ജലാംശം കൂടിയ പച്ചപ്പുല്‍/പാരമ്പര്യേതര തീറ്റവസ്തുക്കളായ വാഴയുടെ അവശിഷ്ടങ്ങള്‍, ചക്ക, ഓല എന്നിവ നല്‍കുക. കാലിത്തീറ്റ രാവിലേയും സന്ധ്യക്കുമായി നല്‍കുക.
അന്നജത്തിന്റേയും മാംസ്യത്തിന്റേയും അളവ് കൂടുതലടങ്ങിയ ഒരു തീറ്റ മിശ്രിതമാണ് വേനല്‍ക്കാലത്ത് പശുക്കള്‍ക്ക് നല്‍കേണ്ടത്. ബൈപാസ് പ്രോട്ടീന്‍ തീറ്റ, പരുത്തിപിണ്ണാക്ക് എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്താം. തീറ്റയില്‍ ധാതുലവണമിശ്രിതങ്ങള്‍, പ്രോബയോട്ടിക്കുകള്‍, ബഫറുകള്‍ (സോഡാപ്പൊടി) എന്നിവ ചേര്‍ത്തു നല്‍കണം.
പശുക്കളെ രാവിലെ മാത്രം കുളിപ്പിക്കുക, കുളിപ്പിക്കാന്‍ പ്രെഷര്വാഷര് ഉപയോഗിച്ചാല്‍ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ കഴിയും.
ചെള്ള്, ഉണ്ണി എന്നീ ബാഹ്യപരാദങ്ങള്‍ ചെറുക്കാന്‍ നടപടി സ്വീകരിക്കുക.
പശുക്കളില്‍ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ അടുത്ത മൃഗാശുപത്രിയില്‍ നിന്നും ചികിത്സ തേടേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അത്യാഹിതങ്ങള്‍ യഥാസമയം ആശുപത്രിയില്‍ അറിയിക്കുകയും വേണം.
തൊഴുത്ത് നിര്‍മ്മിക്കുമ്പോള്‍ മരങ്ങളൊന്നും മുറിക്കാതിരിക്കുക, അതോടൊപ്പം തൊഴുത്തിനോട് ചേര്‍ന്ന് പെട്ടെന്ന് വളരുന്ന തണല്‍മരങ്ങളായ ബദാം പോലുള്ളവ വെച്ചുപിടിപ്പിക്കുക എന്നിവയും ആവശ്യമാണ്.
കൂടുതല്‍ പശുക്കളെ വളര്‍ത്തുന്ന ഡയറിഫാമുകളില് മഴവെള്ളസംഭരണികള്‍ നിര്‍മ്മിക്കേണ്ടത് അനിവാര്യമാണ്. ഫാമുകളില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാനുള്ള റീസൈക്ലിങ്ങ് പ്ലാന്റുകളും വലിയ ഡയറി ഫാമുകളില്‍ ആവശ്യമാണ്. കൂടാതെ മഴവെള്ള സംഭരണത്തിന് വേണ്ടി കിണര്‍ റീചാര്‍ജ്ജിങ്ങ്, പുല്ല് തോട്ടത്തില്‍ മഴക്കുഴി നിര്‍മാണം എന്നിവയും അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: