ബാലരാമപുരം കിഴക്കേപിള്ള വീട്ടിലെ അരുണ്‍ ദേവ് അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് മാതൃക കാട്ടുന്നു. 1998ല്‍ സ്ഥലത്തെ ഒരു സംഘടന കാര്‍ഷികവിള മത്സരം നടത്തിയപ്പോള്‍ താന്‍ വിളയിച്ച ഏത്തവാഴക്കുലക്ക് 40 കിലോ തൂക്കം ഉണ്ടായിരുന്നു. അതിന് ഒന്നാം സമ്മാനമായി ലഭിച്ചതാകട്ടെ ഒരു ആട്ടിന്‍കുട്ടിയും. അതാണ് ആടുവളര്‍ത്തല്‍ ഒരു ഉപജീവനമാര്‍ഗമായി സ്വീകരിക്കാന്‍ അരുണ്‍ ദേവിന് പ്രചോദനമായത്. 2000ല്‍ മൃഗസംരക്ഷണവകുപ്പിന്റെ കുടപ്പനക്കുന്ന് കേന്ദ്രത്തില്‍ നിന്ന് ആടുവളര്‍ത്തലില്‍ പരിശീലനം നേടി. പിന്നെ ബാലരാമപുരം മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടറെ നേരില്‍ കണ്ടു സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി. രോഗബാധയുളള ആട്ടിന്‍കുട്ടികള്‍ ചന്തയില്‍ എത്തിച്ചേരുമെന്നതിനാല്‍ ആദ്യകാലങ്ങളില്‍ അരുണ്‍ദേവ് ബാലരാമപുരത്തും പ്രാന്തപ്രദേശങ്ങളിലേയും ആടുവളര്‍ത്തല്‍ കര്‍ഷകരെ സമീപിച്ച് അവരില്‍ നിന്ന് വളര്‍ത്താനായി ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുത്തിരുന്നു.
അരുണ്‍ദേവിന്റെ ആട്ടിന്‍കൂട്ടത്തില്‍ ജമ്നാപ്യാരി, മലബാറി, സിരോഹി, കരോളി തുടങ്ങി നിരവധി ഇനങ്ങള്‍ കാണപ്പെടുന്നു. ഇവയുടെ മുട്ടനാടുകള്‍ ശേഖരത്തില്‍ ഉള്ളതിനാല്‍ ബാലരാമപുരത്തെയും അടുത്തുള്ള മറ്റു ഗ്രാമങ്ങളിലേയും കര്‍ഷകരുടെ ആടുകളുമായി പ്രജനനത്തിന് ഉപയോഗപ്പെടുത്തുന്നതു വഴിയും അരുണ്‍ ദേവിന് വരുമാനം ലഭിക്കുന്നു.
ആട്ടിന്‍കുട്ടികളെ നല്ലതുപോലെ പാല് കുടിച്ച് ഓടിനടക്കാന്‍ അനുവദിക്കുക പതിവാണ്. വര്‍ഗശുദ്ധിയും ആരോഗ്യമുള്ളവയെയും പ്രജനനത്തിനായി നിര്‍ത്തിയശേഷം ബാക്കിയുള്ളവയെ ഇനങ്ങള്‍ക്കനുസരിച്ച് കിലോക്ക് 375 മുതല്‍ 450 രൂുപവരെ നിരക്കില്‍ വില്‍ക്കുന്നു.
ആട്ടിന്പാല് ലിറ്ററിന് 75 രൂപാ നിരക്കില്‍ ആയുര്‍വ്വേദ മരുന്ന് കമ്പനികള്‍ നേരിട്ടെത്തി വാങ്ങുന്നു. കഴിഞ്ഞ വര്‍ഷം പാല് വിറ്റത് 2,70,000 രൂപയ്ക്കായിരുന്നു. പെണ് ആടുകളെ മുട്ടനാടുകള്‍ കാണാനാകാത്ത ദൂരത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ ആട്ടിന്‍പാലില്‍ മുട്ടനാട് പുറപ്പെടുവിക്കുന്ന ഫിറമോണ്‍ ഗന്ധം അനുഭവപ്പെടാറില്ല. ആട്ടിന്കാഷ്ഠം സ്വന്തം പുരയിടത്തില്‍ ഉപയോഗിക്കുന്നു.
അതിരാവിലെ അഞ്ചുമണിക്ക് ആരംഭിക്കുന്ന കറവ ഏഴരമണിയോടെ അവസാനിക്കും. പിന്നെ തീറ്റ കുഴച്ചുനല്കുകയും കൂട് വൃത്തിയാക്കലുമെല്ലാം അരുണ്‍ദേവിന്റെ ദിനചര്യയില്പെടും. വൈകുന്നേരം മൂന്ന് മണിക്ക് വീട്ടാവശ്യത്തിനായി ഏതെങ്കിലും ഒരു ആടിനെ കറക്കും. മറ്റുള്ളവയുടെ പാല് അവയുടെ കുട്ടികള്‍ക്കായി മാറ്റിവയ്ക്കാറുണ്ട്.
സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടും പോകാതെ ഡയറിഫാം നടത്താനുണ്ടായ മനക്കരുത്താണ് വീട്ടുവളപ്പിലെ മൃഗങ്ങളെയും വിവിധ ജനുസ്സുകളിലെ പക്ഷികളെയും 80ലധികം വരുന്ന പശുക്കളെയും നൂറില്‍ കൂടുതല്‍ ആടുകളെയും കൊണ്ട് നിറച്ചത്.
വിവരങ്ങള്‍ക്ക് – അരുണ്‍ദേവ് 9446408331
പ്രതികരിക്കാൻ ഇവിടെ എഴുതുക: