ഗുരുവായൂര്‍: ആയിരത്തിലേറെ നിറപറയൊരുക്കി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇടത്തരികത്തുകാവ് ഭഗവതിയുടെ താലപ്പൊലി ഇന്നലെ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഗുരുവായൂര്‍ ക്ഷേത്രം ഉപദേവതയായ ഇടത്തരികത്തുകാവിലെ ‘പിള്ളേര്’ താലപ്പൊലി മഹോത്സവ ആഘോഷത്തില്‍ പങ്കെടുത്ത് ആയിരങ്ങളാണ് ഭഗവതിയുടെ അനുഗ്രഹം തേടിയത്. നാട്ടുകൂട്ടായ്മയായ ”നാട്ടുകൂട്ടത്തിന്റെ” വകയായിട്ടായിരുന്നു, ഇന്നലെ ‘പിള്ളേര്’ താലപ്പൊലി മഹോത്സവം ആഘോഷിച്ചത്.
രാവിലെ ക്ഷേത്രത്തില്‍ നടന്ന കാഴ്ച്ചശീവേലിക്ക് കൊമ്പന് ഇന്ദ്രസെന്‍ ഭഗവാന്റെ പൊന്നിന്‍തിടമ്പേറ്റി. ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടെ പുറത്തേക്കെഴുന്നള്ളിപ്പിലും ഇന്ദ്രസെന്‍ ഭഗവതിയുടെ തിടമ്പേറ്റി. കൊമ്പന്മാരായ ദാമോദര്‍ദാസും, ശ്രീധരനുംപറ്റാനകളായി. തുടര്‍ന്ന് നടന്ന പറയെടുപ്പില്‍ നൂറുകണക്കിന് ഭക്തര്‍ ഭഗവതിയുടെ അനുഗ്രഹമേറ്റുവാങ്ങി. ചുവപ്പ് പട്ടണിഞ്ഞ് ഭഗവതിയുടെ വാളും ചിലമ്പുമായി കോമരം സുരേന്ദ്രന് നായര്‍ ഉറഞ്ഞ് തുള്ളി പറ സ്വീകരിച്ചു. ഭക്തജനങ്ങളുടെ വഴിപാടായി നെല്ല്, അരി, മലര്, അവില്, പൂവ്, പഴം, ശര്‍ക്കര, മഞ്ഞള്‍, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങള്‍ നിറച്ച് 1001 പറകള്‍ ചൊരിഞ്ഞ് പൂക്കളെറിഞ്ഞാണ് കോമരം ഭക്തജനത്തിന് അനുഗ്രഹവര്‍ഷം ചൊരിഞ്ഞത്.
അയലൂര്‍ അനന്തനാരായണനും, അകതിയൂര്‍ ഹരീഷ് നമ്പൂതിരിയും പഞ്ചവാദ്യത്തിന് നേതൃത്വം നല്കിയപ്പോള്, മേളത്തോടെയുള്ള മടക്കമെഴുന്നള്ളിപ്പിന് കോട്ടപ്പടി സന്തോഷ് മാരാരും ഗുരുവായൂര്‍ ശശിമാരാരും അകമ്പടിയായി. 1001 നിറപറകള്‍ വച്ച് ഭഗവതിയെ വരവേല്‍ക്കാനായി കിഴക്കേനടപ്പുരയില്‍ അലങ്കാരങ്ങളും വിതാനങ്ങളും നേരത്തേ ഒരുങ്ങിയിരുന്നു. ക്ഷേത്രം ഉപദേവതയായ ഇടത്തരികത്ത് വാഴുന്ന ഭഗവതിയുടെ ഉത്സവത്തില്‍ പങ്കാളിയാകാന്‍ പൂജകള്‍ നേരത്തെ അവസാനിപ്പിച്ച കണ്ണന്റെ ശ്രീലകം ഇന്നലെ രാവിലെ 11.30ന് അടച്ചു. തുടര്‍ന്ന് വാല്‍ക്കണ്ണാടിയും, തിരുവുടയാടയുമായി ഭഗവതി പുറത്തേക്കെഴുന്നള്ളി. മേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് ഗോപുര
ത്തിന് സമീപമെത്തിയതോടെ നടക്കല്‍ പറയാരംഭിച്ചു. തുടര്‍ന്ന് നാഗസ്വരത്തോടെ കുളപ്രദക്ഷിണവും രാത്രി 10ന് പുറത്തേക്കെഴുന്നെള്ളിപ്പിന് ശേഷം കളംപാട്ടും നടന്നു. താലപ്പൊലിയോടനുബന്ധിച്ച് ഭഗവതിക്ക് വാകച്ചാര്‍ത്ത്, ദീപാലങ്കാരം, പുഷ്പാലങ്കാരം, വിശേഷാല്‍ പൂജകള്‍ എന്നിവയും ഉണ്ടായിരുന്നു. മേല്പത്തൂര് ഓഡിറ്റോറിയത്തില്‍ രാവിലെ അഷ്ടപദി, ഭക്തിപ്രഭാഷണം, തിരുവാതിരകളി, മോഹിനിയാട്ടം, നൃത്തനൃത്ത്യങ്ങള്‍ എന്നിവയും, വൈകിട്ട് 6.30ന് പിന്നണി ഗായകന് മധുബാലകൃഷ്ണന്, ടി.എസ്. രാധാകൃഷ്ണന് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഭക്തിഗാനമേളയും ഉണ്ടായിരുന്നു. താലപ്പൊലി ദിനമായ ഇന്നലെ സ്വര്‍ണ്ണക്കിരീടവും, പൊന്‍വാളും, സ്വര്‍ണ്ണമാലകളുമായി സര്‍വ്വാഭരണ വിഭൂഷിതയായിട്ടായിരുന്നു, ഭഗവതി ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: