ന്യൂദല്‍ഹി: ദല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിനാണ് സംസ്ഥാനത്തെ 70 നിയോജക മണ്ഡലങ്ങളിലും വോട്ടെടുപ്പ്. ഫെബ്രുവരി 11ന് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 14ന് പുറപ്പെടുവിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു.
നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 21. സൂക്ഷ്മപരിശോധന 22ന്. പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി 24. എഴുപത് നിയമസഭാ മണ്ഡലങ്ങളാണ് ദല്‍ഹിയിലുള്ളത്. ഇതില്‍ പന്ത്രണ്ടെണ്ണം പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തതാണ്. 13,750 പോളിങ് സ്‌റ്റേഷനുകളാണ് 1.47 കോടി വോട്ടര്‍മാര്‍ക്കായി തയാറാക്കിയിട്ടുള്ളത്.
പൂര്‍ണമായും ഫോട്ടോ പതിച്ച ഇലക്ട്രല്‍ റോള്‍ ഉപയോഗിച്ചാവും തെരഞ്ഞെടുപ്പ് പ്രക്രിയ. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ശാരീരിക വൈകല്യങ്ങളുള്ളവര്‍ക്കും ഇത്തവണ പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനകം ഇത്തരം വോട്ടുകള്‍ക്കായി അപേക്ഷ നല്‍കണം. പൂര്‍ണമായും ഇവിഎം-വിവിപാറ്റ് സംവിധാനങ്ങളോടെയുള്ള പോളിങ് ബൂത്തുകളാണ് ക്രമീകരിക്കുന്നത്.
പുതിയ ചരിത്രത്തിനായി ദല്‍ഹി വോട്ട് ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പുതിയ ചരിത്രം സൃഷ്ടിക്കാനാവും ദല്‍ഹിക്കാരുടെ ഓരോ വോട്ടും. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ രാജ്യത്ത് വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് കലാപമുണ്ടാക്കിയതിന് പിന്നില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സുമാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
അഞ്ചു വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലാവും തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. സംസ്ഥാനത്ത് വിജയമുറപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയും പ്രതികരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏഴു ലോക്‌സഭാ സീറ്റുകളിലും വലിയ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. 58 നിയോജക മണ്ഡലങ്ങളിലും ബിജെപി മുന്നിലെത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ദല്‍ഹിയില്‍ നടന്ന കലാപങ്ങള്‍ക്കും പ്രതിഷേധ പരിപാടികള്‍ക്കുമെതിരായ ജനരോഷം ഇത്തവണ ബിജെപിക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: