രോഗങ്ങളില്‍ ഏറ്റവും കഷ്ടവും വേദനാജനകവുമായ രോഗമാണ് ആമവാതം. ത്രിദോഷങ്ങളിലെ പ്രബലമായ വാതവും കഫവും ഒന്നായിചേര്‍ന്ന് ആമാശയത്തിലെയും കുടലിലെയും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തി ദുഷ്ടികള്‍ രക്തത്തില്‍ അലിഞ്ഞ് രക്തത്തിന്റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തി സന്ധികളില്‍ ആ ദുഷ്ടികള്‍ നിക്ഷേപിച്ച് ഓരോ സന്ധികളിലും നീര്, വേദന, സ്തംഭനം ഇവയുണ്ടാക്കി രോഗിയെ അതികഠിനമായി പീഡകള്‍ക്ക് വിധേമാക്കുന്നു.
ആമവാതരോഗികളില്‍ ഓരോ സന്ധികളിലും വീക്കവും വിശിഷ്യ കണങ്കാല്‍, നടുവ്, നെഞ്ച് ഇവിടങ്ങളില്‍ പിടിത്തവും കഠിനമായ വേദനയും നീരും ഉണ്ടാകുന്നു. കൈ ഉയര്‍ത്താനോ, താഴ്‌ത്താനോ, യഥേഷ്ടം ചലിപ്പിക്കാനോ കഴിയില്ല. ( ഉദാ: ബസില്‍ യാത്ര ചെയ്യുമ്പോള്‍ കമ്പിയില്‍ പിടിക്കാനാവാതെ വരും. ബസ് ബ്രേക്കിടുമ്പോള്‍, ചുമല്‍, കാല്‍, കൈ, നടുവ്, കാല്‍മുട്ട് എന്നിവിടങ്ങളില്‍ അതികഠിനമായ വേദനയുണ്ടാകും.) രാത്രിയില്‍ ഉറക്കം ഉണ്ടാവില്ല. വളരെയേറെ മൂത്രം പോകും. വയറുവേദന, വയറില്‍ കട്ടിയുള്ളതായും തോന്നും. ഇടയ്‌ക്കിടെ പനിയുണ്ടാകും. വായില്‍ നിന്ന് വെള്ളമൊലിക്കും. വായ്‌ക്ക് രുചി കുറയും. ശരീരത്തില്‍ കനം കൂടിയതു പോലെ തോന്നും. അലസത കൂടുതലായി തോന്നും. ഇവയെല്ലാം ആമവാതത്തിന്റെ പ്രബലമായ ലക്ഷണമാണ്. ചിലര്‍ക്ക് മുടന്തും കൂനുമുണ്ടാകും. കുടലില്‍ ഇരയ്‌ക്കുന്നതു പോലെ ശബ്ദം കേള്‍ക്കും.
ചികിത്സ- തുടര്‍ച്ചയായി കൃത്യതപാലിച്ച് കുറഞ്ഞത് ആറ് മാസം കഷായം, തൈലം തേപ്പിക്കല്‍, കിഴിപിടിത്തം, ഇവ ചെയ്താല്‍ ആമവാതം പൂര്‍ണമായും മാറ്റാം. ആമവാത രോഗികളില്‍ നെഞ്ചിന്റെ പിടിത്തവും കനവും നെഞ്ചുവേദനയും ഉണ്ടാകുക മൂലം ഹൃദ്രോഗമാണെന്ന് തെറ്റിദ്ധരിക്കും. ഹൃദ്രോഗമുണ്ടായാല്‍ ആമവാതമെന്നും ആമവാതമുണ്ടായാല്‍ ഹൃദ്രോഗമെന്നും തെറ്റിദ്ധരിച്ച് ചികിത്സ നടത്താറുണ്ട്. ഇത് അപകടകരമാണ്. നെഞ്ചു പിടിത്തത്തോടൊപ്പം കണങ്കാലിലും കഴുത്തിനും വേദനയും സ്തംഭനവുമുണ്ടായാല്‍ അതും ആമവാതമാണെന്ന് തെറ്റിദ്ധരിക്കും. ഹൃദ്രോഗത്താല്‍ കണങ്കാലിന് പ്രശ്‌നമുണ്ടാവില്ല. താഴെ പറയുന്ന കഷായം ആമവാതരോഗികള്‍ക്ക് വേദനകുറയ്‌ക്കാനും സന്ധികളിലെ നീരു കുറയ്‌ക്കാനും സഹായമാണ്.
കഷായത്തിന്: അരത്ത, അമൃത്, കൊന്നക്കായയുടെ അകത്തെ മജ്ജ, ദേവതാരം, ഞെരിഞ്ഞില്‍, വെളുത്ത ആവണക്കിന്‍ വേര്, തഴുതാമവേര്, ഇവ ഓരോന്നും പത്ത് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത്, 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം കാല്‍ സ്പൂണ്‍ ചുക്ക് പൊടിച്ച് ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കണം. സന്ധികളിലും നട്ടെല്ലിലുമുണ്ടാകുന്ന വേദന മാറാന്‍ മണല്‍, ഇരുമ്പു പാത്രത്തില്‍ വറുത്ത് രണ്ടായി കിഴി കെട്ടി സഹിക്കാവുന്ന പരമാവധി ചൂടില്‍ നട്ടെല്ലിലും സന്ധികളിലും 20 മിനുട്ട് കിഴി വെയ്‌ക്കുക. മണല്‍കിഴി എന്നാണ് ഇതിന് പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: