അറിവിന്റെ സത്ത ബാഹ്യലോകത്തിന്റെ പകര്‍പ്പുണ്ടാക്കുന്നു. അറിവിന്റെ ഈ പകര്പ്പുരൂപത്തെയാകട്ടെ പുരുഷന് ബുദ്ധിമയമാക്കുമ്പോള് ബോധമായി അത് പ്രകടമാകുന്നു. അപ്പോള്‍ അറിവ് ബുദ്ധിരൂപമാകുന്നതാണ് പ്രമാണം (അറിവിന്റെ ഉപകരണവും പ്രക്രിയയും). ഈ രൂപങ്ങളുടെ പ്രാമാണ്യത്തേയും അപ്രാമാണ്യത്തേയുംവിമര്ശനവിധേയമാക്കുന്നത് തുടര്‍ന്നു പിന്നീട് ഉടലെടുക്കുന്ന ജ്ഞാനരൂപങ്ങളാണ് അല്ലാതെ ബാഹ്യവസ്തുക്കളല്ല (സ്വതഃപ്രാമാണ്യവും സ്വതഃഅപ്രാമാണ്യവും). പുരുഷനാല്‍ ബുദ്ധിമയമാക്കപ്പെട്ടാല് മാത്രം ഒരു പ്രമാണം പ്രമ (ശരിയായ അറിവ്) യിലേക്കു നയിക്കാം. പുരുഷന് ബുദ്ധിയുമായി ബന്ധപ്പെടുന്നത് സാധാരണമായ സ്ഥൂലസ്പര്ശം വഴിയല്ല. അത് വിശദീകരണാതീതവും അതീന്ദ്രിയവും ആയ ഒരു തരം ബന്ധമാണ്. പുരുഷന്റെ ഈ അതീന്ദ്രിയസ്വാധീനമാണ് സാംഖ്യന്റെ ഭൗതികാതീത സിദ്ധാന്തത്തിലെ മൂലപ്രകൃതിയെ സക്രിയമാക്കുന്നത്. അതീന്ദ്രിയസത്തയായ പുരുഷന്റെ ഇതേ അതീന്ദ്രിയസ്പര്ശമാണ്(വാചസ്പതിമിശ്രന്‍ ഇതിനെ യോഗ്യത എന്നും വിജ്ഞാനഭിക്ഷു സംയോഗം എന്നും വിളിച്ചു) ബുദ്ധിയുടെ ജഡാവസ്ഥകളെ ബോധമയമാക്കുന്നതും. ബൗദ്ധവിജ്ഞാനവാദികള്‍ ആകട്ടെ ശുദ്ധബോധവും അതിന്റെ ആകാര ങ്ങളും ഭിന്നങ്ങളാണെന്നു കരുതിയില്ല. തന്മൂലം അവര്‍ വിവിധങ്ങളായ ബോധാകാരങ്ങള്സൃഷ്ടിക്കപ്പെടുന്നത് ബോധം വസ്തുവിന്റെ പകര്പ്പെടുക്കുന്നതു മൂലമാണെന്ന വാദത്തോടു യോജിച്ചില്ല. സാംഖ്യന് ഒരു യാഥാര്‍ത്ഥ്യവാദി ആയിരുന്നതിനാല്‍ ബാഹ്യപ്രപഞ്ചത്തെ അംഗീകരിക്കുകയും ബോധാകാരങ്ങള്പകര്പ്പെടുപ്പു മൂലമുണ്ടാകുന്നതാണെന്നും വസ്തുക്കളുടെ രൂപത്തെ ഒപ്പിയെടുക്കാന്‍ ശേഷിയുള്ള അര്‍ദ്ധസുതാര്യമായ സത്ത (സത്വം) യില്‍ അതേ പോലെ മുദ്രിതമാക്കപ്പെടുകയാണെന്നും വാദിച്ചു. പക്ഷേ സാംഖ്യന് അതീന്ദ്രിയവാദിയുമായിരുന്നു. തന്മൂലം നൈയ്യായികരെപ്പോലെ അറിവിനു കാണിക്കാനുള്ളത് ഈ ആകാരങ്ങള്‍ മാത്രമാണെന്നു കരുതിയില്ല. ഒരു അതീന്ദ്രിയസത്ത ഉണ്ടെന്നും അ്ത് അറിവില്‍ പ്രകാശിച്ച് ആ അറിവിനെബോധസ്വരൂപമാക്കി മാറ്റുന്നു എന്നും സാംഖ്യന് കരുതി. നൈയ്യായികന്‍ ശുദ്ധബുദ്ധിയും ആകാരമാര്‍ന്ന ബുദ്ധിയും തമ്മില്‍ ഭേദം കണ്ടില്ല എന്നു മാത്രമല്ല മറ്റേതൊരു ഭൗതികസംഭവവും പോലെ തന്നെയാണ് ബുദ്ധിയുടെ ബോധവസ്ഥയുംഎന്നും വാദിച്ചു. ബോധത്തില്‍ പ്രകടമാകുന്ന അറിവിന്റെ രൂപവും ഉള്ളടക്കവും ഒരു ഭൗതികസംഭവമാണെങ്കിലും ബോധംഅതിനെ പ്രബുദ്ധമാക്കുന്ന പ്രക്രിയ തികച്ചും ഭൗതികശാസ്ത്ര ത്തിനതീതമാണെന്നും സാംഖ്യന് കരുതി. അതിനാല്‍ സാംഖ്യദര്‍ശനത്തില്‍ ബോധോദയം (ജ്ഞാനോദയം) ഒരേ സമയം അതിഭൗതിക വും ഭൗതികവുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: