ആര്‍ക്ക് പൗരത്വം കൊടുക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസും സിപിഎമ്മും മറ്റു ചില സംഘടനകളും ഇപ്പോള്‍ തെരുവിലിറങ്ങിയിരിക്കുന്നത്? ആരെയാണ് പുതുതായി അവര്‍ക്ക് ഇന്ത്യന്‍ പൗരന്മാരാക്കേണ്ടത്? മൂന്ന് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ അന്നാട്ടിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം കൊടുക്കാനായി നിയമം ഭേദഗതി ചെയ്തതിനെ വിമര്‍ശിക്കുകയും അത് മുസ്ലിം വോട്ട് കരസ്ഥമാക്കാനുള്ള പദ്ധതിയാക്കി മാറ്റുകയും ചെയ്യുന്നവര്‍ പറയട്ടെ, ആര്‍ക്കുവേണ്ടിയാണ് ഈ സമരം?.
ചാനല്‍ ചര്‍ച്ചകളില്‍ എത്തുന്ന കോണ്‍ഗ്രസ്- സിപിഎം നേതാക്കളോട് ഇക്കാര്യം ചോദിച്ചാല്‍ കോണ്‍ഗ്രസുകാരും കമ്മ്യുണിസ്റ്റുകാരും പറയുന്നത് ഒരേകാര്യമാണ് ‘ശ്രീലങ്കയില്‍ നിന്ന് വന്നവര്‍ക്ക് എന്തുകൊണ്ട് പൗരത്വം കൊടുക്കുന്നില്ല? എന്തുകൊണ്ട് റോഹിന്‍ഗ്യന്‍ മുസ്ലിങ്ങളെ ഇന്ത്യക്കാരാക്കുന്നില്ല’? അതുശരിയാണെന്ന് പ്രത്യക്ഷത്തില്‍ പലര്‍ക്കും തോന്നും. എന്നാല്‍ സത്യമെന്താണ്?. ശ്രീലങ്കയില്‍ നിന്ന് വന്നവര്‍ക്ക് പൗരത്വം കൊടുത്തിട്ടുണ്ട്, 1983 വരെ. പിന്നീടാണ് എല്‍ടിടിഇ പ്രശ്നമൊക്കെ ഉണ്ടായതും രാജീവ് ഗാന്ധി കൊല്ലപ്പെട്ടതും മറ്റും. ഇപ്പോഴും ലങ്കന്‍ തമിഴര്‍ക്ക് സ്വന്തം നിലയ്ക്ക് അപേക്ഷിക്കാം; ഓരോ അപേക്ഷയും പരിശോധിച്ച് വേണ്ടുന്ന നടപടിയെടുക്കും. അതാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം വേണ്ടതുണ്ടെന്ന് തോന്നുന്നില്ല.
എന്നാല്‍ അതിനെക്കാള്‍ പ്രതിപക്ഷത്തിന് ഇപ്പോള്‍ പ്രശ്നം റോഹിന്ഗ്യനുകളാണ്. അവര്‍ ആരാണ്, എന്താണ് അവരുടെ നില, അവര്‍ എവിടെനിന്ന് ഇന്ത്യയിലെത്തി; എന്തുകൊണ്ട് ഇന്ത്യയിലേക്ക് വരേണ്ടിവന്നു? അതൊക്കെ ഇനിയെങ്കിലും പരിശോധിക്കപ്പെടേണ്ടതുണ്ട്, വിലയിരുത്തപ്പെടേണ്ടതുണ്ട്. റോഹിന്‍ഗ്യന്‍ മുസ്ലിങ്ങളുടെ ചരിത്രം ഏറെ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല. അവര്‍ക്ക് പൗരത്വം കൊടുക്കണം, അവര്‍ നമ്മുടെ സഹോദരങ്ങളാണ് എന്നതൊക്കെയാണ് കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഇസ്ലാമിക സംഘടനകളുമൊക്കെ പറഞ്ഞുനടക്കുന്നത്. അവരില്‍ പലര്‍ക്കും ഇക്കൂട്ടരുടെ ചരിത്രം നന്നായി അറിയില്ല എന്നതാണ് സത്യം. അവരുടെ വേരുകള്‍ ബര്‍മ്മയിലാണ്. ആ രാജ്യം ഒരു ബ്രിട്ടീഷ് കോളനിയായിരുന്നു എന്നതുമോര്‍ക്കുക; കോമണ്‍വെല്‍ത്തിന്റെ ഭാഗവുമായിരുന്നു. അവിടത്തെ ജനസംഖ്യ ഇന്നിപ്പോള്‍ 55 മില്യണ്‍ ആണ്; അതില്‍ ഏതാണ്ട് 85- 88 ശതമാനം ബുദ്ധമതക്കാര്‍. 1948 മുതല്‍ സ്വതന്ത്ര രാജ്യം. പിന്നീടാണ് അവര്‍ മ്യാന്മര് ആയിത്തീരുന്നത്. അവിടെ ബംഗ്ലാദേശ് (അന്നത്തെ കിഴക്കന്‍ പാക്കിസ്ഥാന്) അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ചെറിയ ഭൂപ്രദേശത്തു മാത്രമാണ്-പടിഞ്ഞാറന്‍ രാഖിന്‍ പ്രദേശം- ഈ റോഹിന്‍ഗ്യന്‍ മുസ്ലിങ്ങളുള്ളത്. 88 ശതമാനത്തോളം ബുദ്ധമതക്കാരുണ്ടെങ്കില് ബാക്കി ഈ വിഭാഗം എത്രയുണ്ടാവുമെന്ന് ഊഹിക്കാമല്ലോ. ഇനി അവരുടെ ചരിത്രം. അത് മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട് എന്നു തോന്നുന്നില്ല.
രണ്ടാം ലോകമഹായുദ്ധ (1939-45) കാലഘട്ടത്തില്‍ ബര്‍മ്മ ജപ്പാനൊപ്പമായിരുന്നു. അതാണ് അവര്‍ സ്വീകരിച്ച നിലപാട്. അതേസമയം ബര്‍മ്മയിലെ റോഹിന്‍ഗ്യനുകള്‍ ബ്രിട്ടനൊപ്പം അണിനിരന്നു. യുദ്ധം ജയിച്ചുകഴിഞ്ഞാല്‍ അവര്‍ക്ക് പ്രത്യേക രാജ്യം കൊടുക്കാം എന്നാണ് അന്ന് ബ്രിട്ടീഷുകാര്‍ റോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനം. ബ്രിട്ടന് യുദ്ധത്തില്‍ ജയിച്ചുവെങ്കിലും ആ ഉറപ്പ് പാലിക്കപ്പെട്ടില്ല. മാത്രമല്ല 1948 -ഓടെ കോളനിവാഴ്ച അവസാനിപ്പിക്കാന്‍ തയ്യാറായ ബ്രിട്ടന് അതൊക്കെ മറക്കുകയും ചെയ്തു. സൂചിപ്പിച്ചത്, രണ്ടാം ലോകമഹായുദ്ധത്തിന്റെ നാളുകള്‍ മുതല്‍ പ്രത്യേക രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാനും മാതൃരാജ്യത്തെ ഒറ്റുകൊടുക്കാനും തയ്യാറായ കൂട്ടരാണ് റോഹിന്‍ഗ്യനുകള്‍ എന്നതാണ്. ബര്‍മ്മ സ്വതന്ത്ര രാജ്യമായതിന് ശേഷം നിരവധി തവണ ഇക്കൂട്ടര്‍ ആഭ്യന്തര കലാപമുണ്ടാക്കാന്‍ ശ്രമിച്ചു. 1950 മുതല്‍ ആ വിഘടനവാദം അവരുയര്‍ത്തുന്നു. അരകന്‍ റോഹിന്‍ഗ്യന്‍ സാല്‍വേഷന്‍ ആര്‍മി ( എആര്‍എസ്എ ) എന്ന പേരിലായിരുന്നു അന്നൊക്കെ ഒളിപ്പോരുകള്‍ നടത്തിയത്. അരകന്‍ എന്നൊരു മുനമ്പ് അവിടെയുണ്ട്, അത് ഇക്കൂട്ടരുടെ താവളമായിരുന്നു. (അര്-ഇ-കാന്‍ എന്നാണ് അതിനെ ഇസ്ലാമിക ലോകം അവരുടെ ഭാഷയില്‍ ചിത്രീകരിച്ചിരുന്നത്). ആ വിധ്വംസക പ്രവര്‍ത്തനത്തിന് അന്ന് ഇക്കൂട്ടരെ സഹായിച്ചത് മുജാഹിദീനുകളാണ്. ആയുധങ്ങള്‍ ശേഖരിക്കുക, ഒളിപ്പോരാളികളെ പരിശീലിപ്പിക്കുക, അതിനായി പണം വിദേശത്തുനിന്ന് സംഘടിപ്പിക്കുക എന്നിവയൊക്കെ ചെയ്തു. 1964 -ഓടെ അവര്‍ ശക്തമായ ഭീകരാക്രമണങ്ങള്‍ക്കും തയ്യാറായി.
പിന്നീട് നാം കണ്ടത് താലിബാന്, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ ഇസ്ലാമിക സംഘടനകള്‍ ഇവരുമായി കൈകോര്‍ക്കുന്നതാണ്. ആദ്യമൊക്കെ കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് വഴിവിട്ട സഹായവും ലഭിച്ചിരുന്നു. ബംഗ്ലാദേശായതിന് ശേഷവും ഇക്കാര്യത്തില്‍ കുറവുണ്ടായിട്ടുണ്ട് എന്ന് പറഞ്ഞുകൂടാ; അത് ഔദ്യോഗികമായിട്ടാണോ എന്നത് മാത്രമേ സംശയമുള്ളൂ. 1986 -വരെ നിലവിലുണ്ടായിരുന്ന ആര്‍എസ്ഒ (റോഹിന്‍ഗ്യന്‍ സോളിഡാരിറ്റി ഓര്ഗനൈസേഷന്) അരകന്‍ റോഹിന്‍ഗ്യന്‍ ഇസ്ലാമിക് ഫ്രണ്ടിന്റെയും 1998 -ല്‍ എ ആര് എന്‍ ഒ (അരകന്‍ റോഹിന്‍ഗ്യന്‍ നാഷണല്‍ ഓര്ഗനൈസേഷന് ) യുടെയും ഭാഗമായി. ലയനവും പുതിയ സംഘടനകളുടെ രൂപീകരണവുമൊക്കെ ഇടയ്ക്കിടെ നടന്നു പോന്നു. മ്യാന്മര് സര്‍ക്കാര്‍ നടപടി എടുക്കുന്നതിന് അനുസൃതമായി പേരുകള്‍ മാറിയതും ആഗോള നിലപാടുകള്‍ക്കനുസരിച്ച് അവര്‍ പേരുകള്‍ മാറ്റിയതുമൊക്കെയുണ്ട്. എന്നാല്‍ അപ്പോഴൊക്കെയും പ്രവര്‍ത്തന ശൈലി ഒന്നുതന്നെയായിരുന്നു; ലക്ഷ്യവും വ്യത്യസ്തമായിരുന്നില്ല. 2012 -ല്‍ മെക്കയില്‍ വെച്ച് മറ്റൊരു സംഘടനയുണ്ടാക്കി. ഗറില്ലാ യുദ്ധമുറകള്‍ പരിശീലിപ്പിക്കലായിരുന്നു അതിന്റെ ഒരു പദ്ധതി. അങ്ങനെ അവരെപ്പോഴും അവിടെ കുഴപ്പങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു.
സൈന്യവുമായി ഏറ്റുമുട്ടി, സൈനിക താവളങ്ങള്‍ ആക്രമിച്ചു. ഒരു തവണ അവര്‍ മ്യാന്മറിലെ മുപ്പതോളം സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചു; അതില്‍ സൈനിക കേന്ദ്രങ്ങളുമുണ്ട് എന്ന് പറഞ്ഞാല്‍ അവരുടെ ഗറില്ലാ പോരിന്റെ ശക്തി ബോധ്യമാവും 2014 വരെ ബുദ്ധമതാനുയായികളായ മ്യാന്മറുകാര് ക്ഷമിച്ചു, സഹിച്ചു എന്ന് പറയുന്നതാവും ശരി. 2012 ല്‍ മ്യാന്മര് സേന ശക്തമായ നടപടിക്ക് തയ്യാറായപ്പോള്‍ കുറേ കലാപകാരികള്‍ ബംഗ്ലാദേശിലേക്ക് പോയിരുന്നു; അവര്‍ക്കായി അഭയാര്‍ത്ഥി ക്യാമ്പുകള്‍ ബംഗ്ലാദേശ് ഒരുക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് കണ്ടത്, മ്യാന്മറിന്റെ ശക്തമായ നീക്കമാണ്. അതോടെ നില്ക്കക്കള്ളിയില്ലാതായ റോഹിന്‍ഗ്യനുകള്‍ ഓട്ടം പിടിച്ചു; അവരില്‍ രണ്ടു ലക്ഷത്തോളം പേര് ബംഗ്ലാദേശിലെത്തി. യഥാര്‍ഥത്തില്‍ മ്യാന്മറില് കുഴപ്പമുണ്ടാക്കി, അട്ടിമറിയിലൂടെ ഭരണം പിടിക്കാന്‍ ശ്രമിച്ചവരാണ് ഇക്കൂട്ടര്‍. ബംഗ്ലാദേശില്‍ നിന്നാണ് ഇവര്‍ ഇന്ത്യയിലെത്തുന്നത്. അവരെ താലോലിക്കാന്‍, സഹായിക്കാന്‍ ഇന്ത്യയില്‍ പലരുമുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍, 2014 ഒക്ടോബറില്‍, റോഹിന്‍ഗ്യന്‍ മുസ്ലിങ്ങളെ മ്യാന്മര്, പൗരന്മാരല്ലാതാക്കി. അതായത് അവര്‍ വിദേശികളാണ് എന്ന് പ്രഖ്യാപിച്ചു. 60 വര്‍ഷമായി അവിടെ പാര്‍ക്കുകയാണ് എന്ന് തെളിയിക്കാന്‍ ഓരോരുത്തരോടും ആവശ്യപ്പെട്ടു; അല്ലാത്തവരെ പുറത്താക്കി. അന്നും അവര്‍ ആക്രമണവുമായി മുന്നില്‍നിന്ന് പോരാടി. സൈനിക ക്യാമ്പുകള്‍ പോലും ആക്രമിച്ചു. ഇന്നും അവരില്‍ കുറേപ്പേര് അവിടെ ഒളിപ്പോര് നടത്തുന്നുണ്ട്; മ്യാന്മര് ഭരണകൂടത്തെ ഭീകര സംഘമായിട്ടാണ് അവര്‍ കരുതുന്നത്. അത്തരമൊരു സംഘത്തെ ഇന്ത്യ സ്വീകരിക്കണം എന്നതാണ് കോണ്‍ഗ്രസും സിപിഎമ്മും പറയുന്നത്.
ഇന്ത്യ ഇപ്പോള്‍ പൗരത്വം കൊടുക്കുന്നത് അതിര്‍ത്തിയിലൂടെ ഒളിച്ചുവന്നവര്ക്കല്ല; പാക്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തി സര്‍ക്കാരിന് അപേക്ഷ കൊടുത്ത് അഭയാര്ത്ഥികളായവര്ക്കാണ്. അത് വിമര്‍ശകര്‍ മനസ്സിലാക്കുന്നില്ല. അതേസമയം, ഒളിഞ്ഞും കള്ളത്തരങ്ങളിലൂടെയും ഇന്ത്യയിലെത്തിയവര്‍ അനധികൃത നുഴഞ്ഞുകയറ്റക്കാരാണ്. ശ്രീലങ്കയില്‍ നിന്നുവന്ന അത്തരക്കാരെ ഒരു ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചു. അവര്‍ക്കാണ് ഇപ്പോള്‍ പൗരത്വം കൊടുക്കാന്‍ കഴിയാതായിട്ടുള്ളത്. അതുപോലെയാണ് റോഹിന്ഗ്യന്സിന്റെ കാര്യവും. ഇവര്‍ വന്നതും നേരായ പാതയിലൂടെയല്ല; അനധികൃതമായി വന്നവരാണ്. അവരാകട്ടെ എല്ടിടിഇക്കാരെപ്പോലെ മറ്റൊരു രാജ്യത്ത് കലാപമുണ്ടാക്കാനും അവിടത്തെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനും ശ്രമിച്ചവര്‍. അത്തരക്കാര്‍ക്ക് എങ്ങനെയാണ് മറ്റൊരു രാജ്യം പൗരത്വം കൊടുക്കുക? മറ്റൊരു രാജ്യത്തെ പ്രഖ്യാപിത കലാപകാരികളെ ഏത് രാജ്യത്തിനാണ് സ്വീകരിക്കാനാവുക?. ഇത് മതത്തിന്റെ പ്രശ്നമല്ല, ദേശസുരക്ഷയുടെ പ്രശ്നമാണ്. രാജ്യത്തിന്റെ അഖണ്ഡതയുടെ കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: