കൊച്ചി: മരട് ഫ്‌ളാറ്റുകള്‍ നിലം പൊത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രദേശത്ത് കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. സ്‌ഫോടനത്തില്‍ ഫ്‌ളാറ്റുകള്‍ തകര്‍ക്കുമ്പോള്‍ സമീപവാസികള്‍ക്കോ കെട്ടിടങ്ങള്‍ക്കോ കേടുപാട് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചിട്ടുണ്ട്.
സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കും. ഇവിടെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ആളുകളും വാഹനങ്ങളും ഇല്ലെന്ന് ഉറപ്പ് വരുത്തും. രണ്ടര മണിക്കൂറിനകം എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് നിലവില്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
സുരക്ഷാ നടപടികള്‍ ഉറപ്പുവരുത്താന്‍ ഓരോ ഫ്‌ളാറ്റിനു ചുറ്റും അഞ്ഞൂറ് പോലീസുകാരെ വിന്യസിക്കും. പോലീസും ആംബുലന്‍സും ഫയര്‍ഫോഴ്‌സും പൂര്‍ണ സജ്ജരായി മുഴുവന്‍ സമയവും ഉണ്ടാകും.
കൂടാതെ കോസ്റ്റല്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ഇതും ഉറപ്പാക്കും. സ്‌ഫോടനത്തിന് 5 മിനിറ്റ് മുമ്പ് ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ച് വിടും. ഇപ്പോഴത്തെ കണക്കുകൂട്ടലനുസരിച്ച് ഏഴുമുതല്‍ പത്ത് മിനിറ്റ് വരെ മാത്രമെ ദേശീയ പാതവഴി ഗതാഗതം നിയന്ത്രിക്കേണ്ടതുള്ളു എന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. വൈദ്യുതി നിയന്ത്രിക്കും. പ്രദേശത്ത് നിരോധനാജ്ഞയും ഉണ്ടാകും. ജനുവരി 11, 12 തിയതികളിലാണ് മരടിലെ നാല് ഫാളാറ്റുകള്‍ സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നത്.
അേേതസമയം മരടിലെ ഹോളിഫെയ്‌ത്ത് എച്ച്ടുഒ ഫ്‌ളാറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്‌ക്കല്‍ പുര്‍ത്തിയായി. ഞായറാഴ്ച രാവിലെയോടെയാണ് സ്‌ഫോടക വസ്തുക്കള്‍ നിറയ്‌ക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഹോളിഫെയ്‌ത്ത് ഫ്‌ളാറ്റിലെ ബ്ലാസ്റ്റിങ്ങ് പോയിന്റുകള്‍ തീരുമാനിച്ചതായും എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ അറിയിച്ചു.
അടുത്തത് ജെയ്ന്‍ ഫ്‌ളാറ്റിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറയ്‌ക്കുന്നത്. ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിലാണ് ഏറ്റവും അവസാനം സ്‌ഫോടക വസ്തുഒക്കള്‍ നിറയ്‌ക്കുക. ഫ്‌ളാറ്റ് പൊളിക്കുന്ന ദിവസങ്ങളില്‍ മരടില്‍ അതിനുചുറ്റും നിരോധനാജ്ഞ പ്രഖ്യാപിക്കും. പൊളിച്ചു മാറ്റി വൃത്തിയാക്കുന്നത് വരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുകയെന്നു ജില്ലാ കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. മരട് ഫല്‍റ്റുകള്‍ക്ക് ചുറ്റുമുള്ള രണ്ടായിരത്തോളം ആളുകളെ അന്ന് ഒഴിപ്പിക്കും. പ്രായമായവര്‍ക്കും രോഗികള്‍ക്കുംആശുപത്രി സൗകര്യങ്ങളും പാലിയേറ്റിവ് കെയര്‍ സൗകര്യവും ഭരണകൂടം ഒരുക്കും.
അഞ്ഞൂറ് പോലീസുകാര്‍ക്ക് പുറമെ മറൈന്‍ പോലീസും ഗ്യാസ് സ്‌ക്വാഡും അന്നേ ദിവസങ്ങളില്‍ മരടില്‍ നിലയുറപ്പിക്കും. ആദ്യദിനമായ ഈ മാസം 11നു ഹോളിഫെയ്‌ത്ത് എച്ച്ടുഒ ഫ്‌ളാറ്റ് പൊളിക്കാനുള്ള സാങ്കേതിക സമിതിയുടെ തീരുമാനം ഇന്നലെ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലും ഉറപ്പിച്ചു. ഫ്‌ളാറ്റ് പൊളിച്ചതിനു ശേഷം പരിസരത്തെ വീടുകള്‍ക്കു സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ വിപണിമൂല്യം അനുസരിച്ച് നികത്താനും തീരുമാനമായി.
ഫ്‌ളാറ്റ് പൊളിക്കുന്നതിനോടനുബന്ധിച്ച് പരിസര പ്രദേശങ്ങളിലെ ആളുകള്‍ ഒഴിഞ്ഞു പോകാന്‍ തുടങ്ങി. എന്നാല്‍ സ്‌ഫോടനത്തിന്റ തീവ്രത സംബന്ധിച്ചും വേണ്ട മുന്‍ കരുതലുകളെ കുറിച്ചും അധികൃതര്‍ വിശദീകരിച്ചിട്ടില്ലെന്ന് പ്രദേശ വാസികള്‍ ആരോപിച്ചു.
















