ലോകത്താകമാനമുള്ള മലയാളികളെ കേരളീയ സംസ്ക്കാരത്തിന്റയും സമ്പദ് വ്യവസ്ഥയുടേയും പുരോഗമനാത്മകമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തിപ്പിക്കുക എന്നത് പരമ പ്രധാന ലക്ഷ്യമാക്കിയ ലോക കേരളസഭയില്‍ രാഷ്ട്രീയം കടന്നു വരരുതെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന് ബി നായര്‍. വ്യക്തിപരമായ രാഷ്ട്രീയം ഉള്ളപ്പോഴും എല്ലാ രാഷ്ട്രീയക്കാരേയും ഒരേ പോലെ സ്വീകരിക്കുന്നവരാണ് പ്രവാസികള്‍. അതു തിരിച്ചും പ്രതീക്ഷിക്കുന്നുണ്ട്. രണ്ടാം ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷം വിട്ടു നിന്നത് നിര്‍ഭാഗ്യകരമായി. ലോക കേരള സഭ നിയമ നിര്‍മ്മാണ സഭ ഒന്നുമല്ലല്ലോ. ഉപദേശക സമിതിയുടെ പദവിയാണുള്ളത്. എങ്കിലും ലോകത്തെമ്പാടുമുള്ള കേരളീയരെ അംഗീകരിക്കുന്ന ഒരു സംവിധാനമാണ്. അതിനെ ആ രീതിയില്‍ കാണാന്‍ എല്ലാവരും ശ്രമിക്കണമായിരുന്നു. ലോക കേരള സഭയില്‍ പങ്കെടുക്കാനെത്തിയ മാധവന് നായര്‍ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
രണ്ടാം ലോക കേരള സഭയില്‍ ഫൊക്കാനയക്ക് മുന്തിയ പ്രാധന്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മാധവന് നായര്‍ പറഞ്ഞു. സ്ഥാപക പ്രസിഡന്റ് എന്ന നിലയില്‍ ഡോ.എം അനിരുദ്ധന് ഏഴംഗ പ്രസീഡിയത്തില്‍ അംഗമായി. നിലവിലെ പ്രസിഡന്റ് എന്ന നിലയില്‍ എനിക്ക് വിഷയം അവതരിപ്പിക്കാന്‍ അവസരം കിട്ടി. മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളിയുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. ലോക കേരള സഭയുടെ അമേരിക്കയിലെ തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കാമെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയും സമാപന പ്രസംഗത്തി്ല്‍ അദ്ദേഹം അത് സൂചിപ്പിക്കുകയും ചെയ്തു.
പ്രവാസി മലയാളികളുടെ ആഗോള കൂട്ടായ്മ എന്ന സങ്കല്‍പ്പത്തെ നിയമാനുസൃതവും ആധികാരികവുമായ ഒരു സഭയയായി വികസിപ്പിക്കുക എന്ന നവീന ആശയത്തോട് ഫൊക്കാന എന്നും ചേര്‍ന്നു നില്ക്കും. മാധവന് നായര്‍ വ്യക്തമാക്കി.
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയെ പ്രവാസികളുടെ പൊതു ശബ്ദമായി കരുതിയിരുന്ന കാലമുണ്ടായിരുന്നു. ഫൊക്കാന പ്രസിഡന്റുമാരെ കേരളത്തിന്റെ അംബാസിഡര്‍മാരെ പോലെ പരിഗണിച്ചിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതൃതവും ഭരണകൂടവും അവരുടെ വാക്കുകള്‍ക്ക് വില കല്പിച്ചിരുന്നു. വ്യത്യസ്ഥ കാരണങ്ങളാള്‍ പ്രാധാന്യത്തിന് ഇടിവ് വന്നെങ്കിലും പ്രവാസി മലയാളി സംഘടന എന്നു പറയുമ്പോള്‍ ആദ്യം ചിന്തിക്കുക ഫൊക്കാനയാണ്. അമേരിക്കന്‍ മലയാളികളടെ വളര്‍ച്ചയില്‍ സാംസ്കാരികമായി ഇടപെടലുകള്‍ നടത്തിയ സംഘടന എന്ന നിലയില്‍ ഫൊക്കാനയ്ക്ക്് പ്രത്യേക സ്ഥാനമുണ്ട്്. തലമുറമാറ്റം ഉള്‍പ്പെടെ പ്രവാസി അമേരിക്കക്കാര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍, നവകേരള സൃഷ്ട്രിക്കായി സജീവ ഇടപെടല്‍ നടത്തേണ്ട സാഹചര്യം തുടങ്ങി നിര്‍ണ്ണായക സമയത്ത് ഫൊക്കാനയുടെ നായകനായ മാധവന് നായര്‍, വ്യക്തമായ ആശയവും കൃത്യമായ ആസൂത്രണവും ശരിയായ ആവിഷ്ക്കാരവും ഉണ്ടെങ്കില്‍ അസാധ്യമായി ഒന്നുമില്ലന്ന വിശ്വാസക്കാരനാണ്. ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ കണ്വന്ഷന് വ്യത്യസ്ഥമായ രീതിയില്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാധവന് നായര്‍.
അറ്റ്ലാന്റിക് സിറ്റിയില്‍ ആഗോള മലയാളിസംഗമം
അറ്റ്ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ 2020 ജൂലൈ 9 മുതല്‍ 12 വരെ നടക്കുന്ന കണ്വന്ഷന് ആഗോള മലയാളികളുടെ കൂട്ടായ്മ ആക്കി മാറ്റാനാണ് ശ്രമിച്ചിരിക്കുന്നത്. ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള മലയാളി സംഘടനകളുടെ പ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യം ഉറപ്പാക്കും. പുതുമയാര്‍ന്ന കലാ പരിപാടികകളും പങ്കെടുക്കുന്നവര്‍ക്ക് എ്ല്ലാത്തരത്തിലും ഗുണകരമാകുന്ന സെമിനാറുകളും സംവാദങ്ങളും ഉണ്ടാകും.വ്യക്തമായ ദിശാബോധത്തോടെയായിരിക്കും ഒരോ പരിപാടിയും നടത്തുക
നവകേരളത്തിന്റെ ഭവന നിര്‍മ്മിതി
ഒരുകാലത്തു ഫൊക്കാന കേരളത്തില്‍ അറിയപ്പെട്ടിരുന്നത് സംഘടനയുടെ സേവന പദ്ധതികളുടെ പേരിലാണ്. അശരണരായ ആളുകള്‍ക്ക് വലിയ ആശ്വാസമായി നിരവധി പദ്ധതികള്‍ ഏറ്റെടുത്തിരുന്നു. അത് കാര്യക്ഷമമായി തുടരനായി. അതില്‍ പ്രധാനമാണ് പ്രളയമേഖലക്ക് സംഭാവന ചെയ്യുന്ന ഭവനം പദ്ധതി. നൂറ് വീടുകള്‍ നിര്‍മ്മിച്ചു നല്കുവാന് തീരുമാനമെടുക്കുകയും പ്രളയം കൂടുതല്‍ നാശമുണ്ടാക്കിയ മലയോര മേഖലയ്ക്ക് ആദ്യ പരിഗണന നല്കുവാനും തീരുമാനിക്കുകയുമായിരുന്നു. പ്രളയത്തില്‍ പൂര്‍ണ്ണമായും വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് കെട്ടുറപ്പുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക എന്നതായിരുന്നു ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളോടനുബന്ധിച്ച് ഇടുക്കി ജില്ലയിലെ കുറ്റിയാര്‍ വാലിയിലെ തോട്ടം തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമ സൗകര്യം പ്രദാനം ചെയ്യുന്നതിനായി ആവിഷ്കരിച്ച ബൃഹത് പദ്ധതിയോട് ഫൊക്കാനാ സഹകരിച്ചു. നവകേരള നിര്‍മ്മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളോട് തോളോടു തോള് ചേരാന്‍ ഫൊക്കാന തയ്യാറാണ്്.
മാലാഖ ബന്ധത്തില്‍ ആയിരത്തോളം പുതു സംരംഭകര്‍
ഫൊക്കാനയുടെ പുതിയൊരു സംരംഭമായിരുന്നു എയ്ഞ്ചല്‍ കണക്ട്. കേരള സര്‍ക്കാറും ടെക്്നോപാര്‍ക്കുമായി ചേര്‍ന്ന് ആവിഷ്ക്കരിക്കുന്ന ബൃഹത് പദ്ധതി. പുതു സംരംഭകരെ അമേരിക്കയുമായി ബന്ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. നവീന ആശങ്ങളുമായി പലരും വരുന്നുണ്ടെങ്കിലും അവര്‍ക്ക് വേണ്ട സാമ്പത്തിക പിന്തുണ കിട്ടാതെ വരുന്നു. അതുകൊണ്ടുതന്നെ വലിയ മാറ്റം വരുത്താവുന്ന പല സ്റ്റാര്‍ട്ട് അപ്പുകളും സ്വപ്ന പദ്ധതികളായി മാറുന്നു. ഇതിനൊരു മാറ്റം വരുത്താനാണ് എയ്ഞ്ചല്‍ കണക്ട്. അപേക്ഷകള്‍ പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കുക ടെക്്നോപാര്‍ക്കാണ്. ആവശ്യക്കാര്‍ക്ക് വേണ്ട നിക്ഷേപകരെ ബന്ധിപ്പിച്ചു കൊടുക്കന്ന ചുമതല ഫൊക്കാന ഏറ്റെടുക്കും. ആയിരത്തോളം പുതു സംരംഭകരുടെ അപേക്ഷകളാണ് കിട്ടിയിരിക്കുന്നത്
സ്വാന്തന സ്പര്‍ശത്തിന്റെ വാനമ്പാടികള്‍
മലയാളികളുടെ അമേരിക്കന്‍ പ്രവാസത്തിന് തുടക്കമിട്ടത് നേഴ്സുമാരാണ്. അതിനനുസരിച്ച് അംഗീകാരം അവര്‍ക്ക് സമൂഹം നല്കുന്നുണ്ടോ എന്നത് സംശയമാണ്. ഈ സാഹചര്യത്തിലാണ് ഫൊക്കാന നൈറ്റിംഗ് ഗേല്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. നഴ്സുമാരുടെ സേവനത്തെ ആദരിക്കലാണ് പുരസക്കാരം. അമേരിക്കയില്‍ നേഴ്സിംഗ് മേഖലയില്‍ മികച്ച സേവനം കാഴ്ചവെച്ച മലയാളി നേഴ്്സിനായിരുന്നു പുരസ്ക്കാരം. ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ നിന്ന് ആതുര സേവന മേഖലയില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്ന നേഴ്സുമാര്‍ക്കും നൈറ്റിംഗ് ഗേല്‍ അവാര്‍ഡ് പ്രഖ്യാപിക്കാനായി. കേരളത്തില്‍ പ്രതികൂല ജീവിത സാഹചര്യങ്ങളില്‍ നിരവധി നേഴ്സുമാരാണ് ജോലിചെയ്യുന്നത്. ഇവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അവര്‍ക്കു കൈത്താങ്ങായി നില്‍ക്കാനും തങ്ങളാല്‍ കഴിയുന്നത് ചെയ്യുക എന്ന ധര്‍മ്മ ബോധമായിരുന്നു തീരുമാനത്തിന് പിന്നില്‍. പ്രവാസി നേഴ്സുമാര്‍ക്ക മികച്ച പ്രതിഫലം എങ്കിലും കിട്ടുന്നുണ്ട്. പക്ഷേ നാട്ടില്‍ സേവനത്തിനത്തിനനുസരിച്ച് പ്രതിഫലമില്ല. മാന്യമായ പരിഗണനപോലും നല്‍കുന്നില്ല. ഇതുമാറണമെന്നാണ് ഫൊക്കാനയുടെ ആഗ്രഹം.
ഭാഷാ ദേവതയ്ക്ക് ഒരു ഡോളര്‍ പുജ
അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഭാവനാത്മകവും ഭാഷാ സമര്‍പ്പിതവും മാതൃകാപരവുമായ ഒരു സ്വപ്നപദ്ധതിയാണ് ഭാഷയ്ക്കൊരു ഡോളര്‍.
മുലപ്പാലിനൊപ്പം നുകര്‍ന്ന മാതൃഭാഷോടുള്ള സ്നേഹപ്രകടനമാണ് പദ്ധതി. 30 വര്‍ഷം മുന്‍പ് കേരള സര്‍വകലാശാലയുമായി ചേര്‍ന്ന് ആവിഷ്ക്കരിച്ച ശ്രദ്ധേയ പദ്ധതിയാണിത്. ഫൊക്കാനയുടെ കൈകളിലൂടെ ഭാഷാവനിതയ്ക്ക് സമര്പ്പിതമാകുന്ന ഒരമൂല്യ അര്‍ച്ചന. ജന്മനാട്ടില് മലയാളം മൃതഭാഷയാകുമ്പോള്‍ ജീവിതം തേടി പുറപ്പെട്ട് ഏഴാം കടലിനക്കരെ അന്യമായി ഒരു സംസ്ക്കാരത്തില്‍ ജീവിക്കുവാന്‍ സ്വന്തം മാതൃഭാഷയെ പറ്റി അമേരിക്കന്‍ മലയാളികള്‍ ചിന്തിക്കുന്നു. സ്വന്തം അദ്ധ്വാനത്തില്നിന്നും ഒരു ഡോളര്‍ ഭാഷയുടെ കാണിക്കവഞ്ചിയില്‍ നിക്ഷേപിക്കുന്നു. മാതൃഭാഷ പഠനത്തിനും ഗവേഷണത്തിനും വേണ്ടി സാമര്‍ത്ഥ്യം വിനിയോഗിക്കുന്നവര്ക്ക് നല്കാന് ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ ഒരു ഡോളര്‍ വീതം സംഭാവന ചെയ്യുന്ന പദ്ധതിയാണിത്്. പണത്തിന്റെ മൂല്യത്തേക്കാള്‍ പങ്കാളിത്തത്തിന് പ്രാധാന്യം കൊടുക്കുന്ന പദ്ധതിയായിട്ടാണ് ഇത് ആവിഷ്ക്കരിച്ചത്. കേരള സര്‍വകലാശാലയിലെ മികച്ച മലയാളം പ്രബന്ധത്തിന് ഈ പണം ഉപയോഗിച്ച പുരസ്ക്കാരം നല്‍കും. മറ്റ് സര്‍വകലാശാലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
സാമൂഹ്യ, സാസ്കാരിക, വ്യവസായ മേഖലകളില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തനപാടവവും വിജയവും കൈമുതലായുള്ള മാധവന് നായര്‍ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ്. പൂനൈ സര്‍വകലാശാലയില്‍നിന്ന് മാനേജ്മെന്റ് ബിരുദവും പെന്‍സില്‍ വാനിയ അമേരിക്കന്‍ കോളെജില്‍നിന്ന് ഫിനാസില്‍ ബിരുദവും നേടിയ ശേഷം 2005 അമേരിക്കയിലെത്തിയ മാധവന് നായര്‍ ന്യൂജഴ്സി കേന്ദ്രമായി ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനം ആരംഭിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ്ിന്റെ മുന്‍ പ്രസിഡന്റും നാമം സ്ഥാപകനും എം ബി എന്‍ ഇന്‍ഷ്വറന്‍സ് ആന്റ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി ഉടമയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: