മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ക്ക് മാത്രമല്ല പാര്‍ട്ടി കോണ്‍ഗ്രസ് എന്ന് ഇപ്പോള്‍ പേര്. മോദിയെ തോല്‍പ്പിക്കാന്‍ രണ്ടുകൂട്ടരും കൂടിയതോടെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫ് മാര്‍ക്സിസ്റ്റ് എന്നായിരിക്കുന്നു പുതിയ പേര്. മാര്‍ക്സിസ്റ്റുകള്‍ ആസ്ഥാന ഗീബത്സായി കൊണ്ടാടുന്ന ഇര്ഫാന് ഹബീബിന്റെ ചരിത്ര കോണ്‍ഗ്രസ്സും ആ വഴിക്കാണ്.
പരിണതപ്രജ്ഞനായ ചരിത്രകാരനാണ് വഡോദരക്കാരന്‍ ഇര്ഫാന് ഹബീബെന്ന ഇടത് നേതാക്കന്മാരുടെ വായ്ത്താരി കേട്ടപ്പോള്‍ ഇത്രയും വിചാരിച്ചില്ല. നുഴഞ്ഞുകയറ്റക്കാരെയും അതിര്‍ത്തി കടന്നെത്തുന്ന ഭീകരക്കൂട്ടങ്ങളെയും പൗരത്വം നല്കി കൂടെക്കൂട്ടണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളിലാണ് ഈ പരിണതപ്രജ്ഞന്‍ എന്താണെന്ന് ശരിക്കും തിരിഞ്ഞത്. തൃപ്പൂണിത്തുറക്കാരുടെ എംഎല്‍എയും പ്രസംഗവേദികളിലെ ഘോരാട്ടഹാസവുമായി ചിത്രീകരിക്കപ്പെടുന്ന എം. സ്വരാജാണ് മാര്‍ക്സിസ്റ്റ് നിഘണ്ടുവില്‍ ഈ വാക്കിന് പാര്ട്ടിക്കാര് കണ്ടെത്തിയ അര്‍ത്ഥം വാക്യത്തിലാക്കി പ്രയോഗിച്ചത്. ‘വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷുകാര്‍ മൃഗീയമായി മര്‍ദ്ദിച്ച് പരിണതപ്രജ്ഞനാക്കി’ എന്നാണ് മലയാള പണ്ഡിതനായ സ്വരാജിന്റെ പ്രസംഗം.
ഇര്ഫാന് ഹബീബ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പരിണതപ്രജ്ഞനായത് ഈ വിധമാണോ എന്ന് തിട്ടമില്ല. എന്തായാലും ഒന്നുറപ്പുണ്ട്. ചാരിത്ര്യം ലവലേശം തൊണ്ടുതീണ്ടാത്ത വായാടിത്തത്തിനാണ് മാര്‍ക്സിസ്റ്റുകള്‍ ചരിത്രം എന്ന് പേരിട്ട് വിളിക്കുന്നത്. ആ കലാവിദ്യയില്‍ പരിണതപ്രജ്ഞത നേടണമെങ്കില്‍ മിനിമം വേണ്ടുന്ന യോഗ്യത ഉളുപ്പില്ലായ്മയാണ്. എവിടെയും ആര്‍ക്കെതിരെയും എന്തും പറയാനുള്ള തൊലിക്കട്ടി, പൊതുവേദികളില്‍ തോന്ന്യവാസം കാണിക്കാനുള്ള അഹന്ത… ഇതെല്ലാം സമാസമം ചേരുമ്പോഴാണല്ലോ മാര്‍ക്സിസ്റ്റ് എന്ന വിശേഷണം ചരിത്രകാരനായാലും സാംസ്കാരിക പ്രവര്‍ത്തകനായാലും കിട്ടുക.
ഇര്ഫാന് ഹബീബിന് എണ്‍പത്തെട്ടായി പ്രായം. അതിന്മേല് പിടിച്ചാണ് ഇപ്പോള്‍ ചരിത്രകാരന്റെ നില്‍പ്പ്. കണ്ണൂരില്‍ ചരിത്രകോണ്‍ഗ്രസ്സിന്റെ ഉദ്ഘാടനവേദിയില്‍ വലിഞ്ഞുകയറിയിരിക്കുകയും ഉദ്ഘാടകനായ കേരള ഗവര്‍ണറെ തടയാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണല്ലോ ഇര്ഫാന് ഹബീബ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും പരിണതപ്രജ്ഞനാകുന്നത്. സംഗതി കേസും കൂട്ടവും നടപടിയുമൊക്കെ ആവുമെന്നായപ്പോള്‍ എണ്‍പത്തെട്ടുകാരനായ തനിക്ക് അതിനൊന്നും ആവതില്ലെന്ന ന്യായമാണ് ചരിത്രപണ്ഡിതന്‍ ഉന്നയിക്കുന്നത്. എന്തിനും വേണമല്ലോ ഒരു നിലപാട്. മാര്‍ക്സിസ്റ്റുകാരനായ മുഹമ്മദ് ഹബീബിന്റെ മകനും കോണ്‍ഗ്രസ്സുകാരനായ മുഹമ്മദ് നസീമിന്റെ ചെറുമകനുമാണ് ഇര്ഫാന് ഹബീബ്. നിലപാടിന്റെ കാര്യത്തില്‍ സംശയിക്കാനൊന്നുമില്ലെന്ന് സാരം.
ജനാധിപത്യ ഭാരതത്തെ കലുഷിതമാക്കിയ ഒട്ടുമിക്ക ചരിത്രസംവാദങ്ങളിലും ഈ പരിണതപ്രജ്ഞന്റെ നിലപാട് ഒരു പ്രധാനകാരണമായിരുന്നു. മാര്‍ക്സിയന്‍ ചരിത്രവീക്ഷണമെന്ന സംഘര്‍ഷത്തിന്റെ വിഷബീജത്തെ സാമൂഹിക മനസില്‍ പടര്‍ത്തി എരിതീയില്‍ എണ്ണയൊഴിച്ച്, കലാപങ്ങള്‍ക്ക് സൈദ്ധാന്തികപരിവേഷം നല്‍കുക എന്ന ദൗത്യമാണ് എല്ലാകാലത്തും ഹബീബ് ആന്‍ഡ് കമ്പനി ചെയ്തുപോരുന്നത്. ആയ കാലത്തും ആവതില്ലെന്ന് പറയുന്ന ആ എണ്‍പത്തെട്ടിലും അതിന് ഒരു മാറ്റവുമില്ല. അധികാരം ഏഴയലത്തില്ലെങ്കിലും മാര്‍ക്സിസ്റ്റ് കുറുനരികള്‍ എല്ലാ കാലത്തും ഇത്തരം നെറികെട്ട പ്രചാരവേലയുമായി കാമ്പസുകളിലും പൊതുനിരത്തുകളിലും സജീവമായിരുന്നിട്ടുണ്ട്. ശാന്തിയുടെ സമതലസ്വസ്ഥതകളില്‍ അസ്വസ്ഥത വിതച്ച് കലാപം സൃഷ്ടിക്കുകയും അതിന്റെ പേരില്‍ മുതലെടുക്കുകയുമാണ് അത്തരക്കാരുടെ ഉന്നം.
അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഭരണം നടത്തിയ കാലത്താണ് ഹബീബ് ആന്‍ഡ് കമ്പനി ഇതിന് മുമ്പ് തിമിര്‍ത്താടിയത്. വിദ്യാഭ്യാസരംഗത്ത് കാവിവത്കരണം എന്ന് കൂവിയാര്‍ത്താണ് അവര്‍ കലാലയങ്ങളെ കലുഷിതമാക്കിയത്. വന്ദേമാതരവും സരസ്വതിവന്ദനവുമൊക്കെ ഇവരുടെ പ്രേരണയില്‍ നാടെങ്ങും അപമാനിക്കപ്പെട്ട കാലമായിരുന്നു അത്. അയോധ്യയില്‍, സരസ്വതീ നദിയുടെ കണ്ടെത്തലില്‍, ആര്യന് അധിനിവേശമെന്ന കെട്ടുകഥ സൃഷ്ടിച്ച് ഭിന്നത സൃഷ്ടിക്കുന്നതിലൊക്കെ കാട്ടിയ കുടിലമായ അതേ ആവേശത്തോടെ ആവതില്ലാത്ത ഈ എണ്‍പത്തെട്ടിലും ഇര്ഫാന് സജീവമാണ്. ഇക്കുറി വിഷയം ലോക്സഭയും രാജ്യസഭയും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച പൗരത്വ നിയമ ഭേദഗതിയാണ്. ഈ നിയമം മൂലം ഇന്ത്യക്കാരായ മുസ്ലിങ്ങളെല്ലാം പുറത്തുപോകേണ്ടി വരുമെന്നാണ് മാര്‍ക്സിസ്റ്റുകള്‍ നടത്തുന്ന നുണപ്രചാരണം. അതിര്‍ത്തി കടന്നെത്തുന്ന നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് തുറന്നുപറയാനുള്ള തന്റേടം കാണിക്കാത്തവരാണ് ചരിത്ര കോണ്‍ഗ്രസ്സും കാമ്പസ് കലാപവും നടത്തി കോലാഹലം സൃഷ്ടിച്ചത്.
മുസ്ലിങ്ങള്‍ക്ക് വേണ്ടി തിളയ്ക്കുന്ന ഹബീബ് ആന്‍ഡ് കമ്പനി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മതം പറയാത്തത് വിചിത്രമാണ്. ദല്‍ഹി ഇമാമിന് തോന്നാത്ത മതവിവേചനം അവര്‍ക്ക് തോന്നുന്നതിന്റെ യുക്തിയും ചിന്തനീയമാണ്. അത് തിരിയണമെങ്കില്‍ ഇര്ഫാന് ഹബീബ് ആരാണെന്ന് അറിയണം. ഹബീബ് പരത്തുന്നത് വിഷമാണെന്ന് പറഞ്ഞത് എംജിഎസ് നാരായണനാണ്. ഐസിഎച്ച്ആറില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച കാലത്തെ അനുഭവത്തെ മുന്‍നിര്‍ത്തി എംജിഎസ് പറയുന്നത് സങ്കുചിത ഗ്രൂപ്പിസം കൊണ്ട് ചരിത്രത്തിലും സംസ്കാരത്തിലും സാമൂഹികജീവിതത്തിലും വിഷം പടര്‍ത്തിയതാണ് ഹബീബിന്റെ സംഭാവന എന്നാണ്. എതിര്‍ക്കുന്നവരെ ഹിന്ദുത്വവാദിയാക്കി മുദ്രകുത്തുക, ആക്ഷേപിക്കുക തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സൂത്രവിദ്യ. അയോധ്യയുടെ അകംപൊരുള്‍ പുറത്തുകൊണ്ടുവന്ന പുരാവസ്തുഗവേഷകര്‍ ഹബീബിന് കൊള്ളരുതാത്തവരായതിനും മറ്റ് കാരണങ്ങള്‍ തേടേണ്ടതില്ല. അയോധ്യയോടെയാണ് ഇര്‍ഫാന്റെ മതേതര മുഖംമൂടി അഴിഞ്ഞുവീണതെന്ന് പറഞ്ഞത് കെ.കെ. മുഹമ്മദാണ്.
ഹബീബ് ആന്‍ഡ് കമ്പനിയുടെ ഉന്നം പൗരത്വ നിയമ ഭേദഗതിയല്ല. ഊഴമിട്ട് ഊഴമിട്ട് നടത്തിയ നുണപ്രചാരണങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞടുങ്ങിയപ്പോള്‍ അവസാനത്തെ കച്ചിത്തുരുമ്പില്‍ തീ പടര്‍ത്താനുള്ള ശ്രമമാണ് അത്. ത്രിശൂലത്തില്‍ കോര്‍ത്ത ഭ്രൂണവും കൈകൂപ്പി നിന്ന അന്‍സാരിയും മുതല്‍ തുടങ്ങിയതാണ് ഈ വേട്ട. ബീഫ് ഫെസ്റ്റ്, ജെഎന്‍യു, വെമുല, ആള്‍ക്കൂട്ടക്കൊല, കത്വ… മോദിയെ മുസ്ലിം വിരുദ്ധനാക്കി ചിത്രീകരിക്കുകയാണ് ഉന്നം. എന്നിട്ടും ജനങ്ങള്‍ മോദി മോദി എന്ന് ആര്‍ത്ത് ഒപ്പം കൂടുന്നു. സാമ്പത്തിക പരിഷ്കരണവും 370-ാം വകുപ്പും അയോധ്യയും മുത്തലാക്ക് നിരോധനവും… മോദി സര്‍ക്കാര്‍ എല്ലാവര്‍ക്കുമൊപ്പം എല്ലാവരെയും കൂട്ടി മുന്നേറുമ്പോള്‍ തോന്നുന്ന അസഹിഷ്ണുതയുടെ ആഴത്തില്‍ നിന്നാണ് ചരിത്രാഭാസകാരന്മാരുടെ തോളില്‍ കൈയിട്ട് നടത്തുന്ന ഈ കലാപക്കളി… അതും പൊതുജനം മനസ്സിലാക്കുംവരെ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: