മക്കളേ,
‘ഈശ്വരന് നമ്മുടെ ഉള്ളില്‍ത്തന്നെയുണ്ടല്ലോ, അപ്പോള്‍ പിന്നെ ഈശ്വരനുവേണ്ടിയുള്ള വ്യാകുലതയുടെ ആവശ്യമുണ്ടോ’, എന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഈശ്വരന് നമ്മുടെ ഉള്ളില്‍ ഉണ്ടെങ്കിലും അവിടുത്തെ സാന്നിദ്ധ്യം നമുക്കറിയാന്‍ കഴിയാത്തിടത്തോളം വ്യാകുലത തീര്‍ച്ചയായും ആവശ്യമാണ്. ഈശ്വരന് ഉള്ളിലുണ്ടെങ്കിലും നമ്മുടെ മനസ്സ് വിദൂരത്ത് ബാഹ്യവസ്തുക്കളില് അലയുകയാണെങ്കില്‍ അതുകൊണ്ടെന്തു പ്രയോജനം. മനസ്സ് എന്തിനെക്കുറിച്ചു ചിന്തിക്കുന്നു എന്നതിനാണു പ്രാധാന്യം.
കണ്ണില്‍ ഒരു കരടു വീണാല്‍ അത് എടുത്തുമാറ്റുന്നതുവരെ നമുക്ക് സ്വസ്ഥതയുണ്ടാവില്ല. അതുപോലെയുള്ള തീവ്രമായ നൊമ്പരം ഈശ്വരനെ പ്രാപിക്കാന്‍ ഉണ്ടാകണം. ഈശ്വരനോടുള്ള പരമപ്രേമമാണു ഭക്തി. തീ പിടിച്ച വീട്ടില്‍ അകപ്പെട്ടുപോയ ഒരാള്‍ പുറത്തു കടക്കാനായി എത്ര തീവ്രമായി ആഗ്രഹിക്കുമോ അതുപോലെയുള്ള തീവ്രമായ ആഗ്രഹം ഈശ്വരനുമായി ഒന്നുചേരാന്‍ ഉണ്ടാകണം. ആ തീവ്രതയിലാണ് ഭക്തിയുടെ സാഫല്യം. ഒരു മന്ദഭക്തന് നൂറു ജന്മംകൊണ്ടും ഈശ്വരസാക്ഷാത്ക്കാരം ലഭിച്ചെന്നുവരില്ല. എന്നാല്‍ ഹൃദയമുരുകി ഒരൊറ്റ വിളി വിളിച്ചാല്‍ മതി അവിടുത്തോടു നമുക്ക് ഒന്നായിത്തീരാം.
ഒരിക്കല്‍, നാരദന് യാത്രാമദ്ധ്യേ ഒരിടത്ത് കുറെ പുരോഹിതന്മാര് ദുഃഖിച്ചിരിക്കുന്നതു കണ്ടു. നാരദന് അവരുടെ ദുഃഖത്തിന്റെ കാരണമെന്താണെന്ന് അന്വേഷിച്ചു. അവര്‍ പറഞ്ഞു, ‘ഞങ്ങള്‍ അനേകം വര്‍ഷങ്ങളായി യാഗം ചെയ്യുന്നു. എന്നിട്ടും ഇതുവരെ ഈശ്വരദര്‍ശനം ലഭിച്ചില്ല.’ നാരദന് പറഞ്ഞു, ‘നിങ്ങള്‍ അനേകവര്‍ഷം യാഗങ്ങള്‍ അനുഷ്ഠിച്ചു. പക്ഷെ നിങ്ങള്‍ക്ക് ഈശ്വരപ്രേമം ഉണ്ടായിരുന്നോ? നിഷ്കളങ്കത ഉണ്ടായിരുന്നോ? എനിക്കൊരു മുക്കുവനെ അറിയാം. അയാള്‍ക്കു ദേവിയുടെ ദര്‍ശനം കിട്ടാന്‍ ആഗ്രഹമുണ്ടായി. അയാള്‍ തന്റെ ഗുരുവിനെ സമീപിച്ചു. ഗുരു പറഞ്ഞു, ‘ഒരാളെ കുറെ നേരത്തേയ്ക്ക് വെള്ളത്തിനടിയില്‍ മുക്കിപ്പിടിച്ചാല്‍ ശ്വാസം കിട്ടാനായി അയാള്‍ എത്രമാത്രം പിടയുമോ അത്രമാത്രം വ്യഥയോടെ ദേവിയെ വിളിച്ചാല്‍ അവിടുന്നു പ്രത്യക്ഷയാകും.’ ഗുരു പറഞ്ഞത് അക്ഷരംപ്രതി വിശ്വസിച്ചുകൊണ്ടു ശരീരമോ ജീവനോ വീടോ ഒന്നും നോക്കാതെ ദേവിയെ കണ്ടിട്ടേ ഇനി മറ്റെന്തെങ്കിലുമുള്ളു എന്നു നിശ്ചയിച്ച്, ‘അമ്മേ…’ എന്ന ഒറ്റ വിളി വിളിച്ച് അയാള്‍ വെള്ളത്തില്‍ മുങ്ങി. ഉടന്‍ ദേവി പ്രത്യക്ഷയായി. ദേവി ചോദിച്ചു, ‘മോനേ, നീ എന്നെ വിളിച്ചതെന്തിനാണ്? നിനക്കെന്തു വേണം?’ മുക്കുവന് പറഞ്ഞു, ‘എനിക്കൊന്നും വേണ്ടാ അമ്മെ; അമ്മയെ ഒന്നു കാണാന്‍ ആഗ്രഹിച്ചു. അമ്മേ, ലോകത്തിനു നന്മ കൊടുക്കണേ. പിന്നെ, അമ്മയ്ക്കു വിശക്കുമ്പോള്‍ എന്റെ വീട്ടില്‍വന്നു വല്ലതും കഴിക്കണേ.’ നാരദന് തുടര്‍ന്നു, ‘ആ മുക്കുവനെപ്പോലെ പ്രേമത്തോടെ നിഷ്കളങ്കതയോടെ നൊന്തുവിളിക്കുവിന്‍. നിങ്ങള്‍ക്കും ഈശ്വരദര്‍ശനം കിട്ടും.’
ലൗകികമായ ആഗ്രഹങ്ങള്‍പോലും ഈശ്വരനുവേണ്ടിയുള്ള തേങ്ങലിന്റെ പ്രതിഫലനമാണ്. മനുഷ്യന് ഈശ്വരാംശമാകയാല്‍ ഈശ്വരനാകുന്ന പൂര്‍ണതയുടെ ഒരു നേരിയബോധം അവനിലുണ്ട്. ജീവാത്മാവും ഈശ്വരനും യഥാര്‍ത്ഥത്തില്‍ രണ്ടല്ല. ഒരു വെള്ളത്തുള്ളി സമുദ്രവുമായി ഒന്നുചേരാന്‍ ആഗ്രഹിക്കുന്നതുപോലെ ഓരോ ജീവനും ഈശ്വരനുമായി ഒന്നുചേരാന്‍ ഉള്ളാലെ ആഗ്രഹിക്കുന്നുണ്ട്. ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതുവരെ ജീവന് ഈശ്വരനുവേണ്ടി ഉള്ളാലെ തേങ്ങിക്കൊണ്ടിരിക്കും. ഈ വെമ്പലില്‍നിന്നാണ് എല്ലാ ആഗ്രഹങ്ങളും ഉടലെടുക്കുന്നത്. എന്നാല്‍ നശ്വരമായ ലോക വസ്തുക്കള്‍ക്കൊന്നും താന്‍ തേടുന്ന പൂര്‍ണ്ണത തരാന്‍ കഴിയില്ലെന്നു ബോധിച്ച് ഒടുവില്‍ ജീവന് ഈശ്വരനിലേയ്ക്കു തന്നെ തിരിയുന്നു. നിത്യനും പൂര്‍ണനുമായ ഈശ്വരനില്‍ ആ ജീവന് പൂര്‍ണമായ സംതൃപ്തി കണ്ടെത്തുന്നു.
വ്യാകുലത എങ്ങനെ ഉണ്ടാകുമെന്നു സംശയം തോന്നാം. ‘ഈശ്വരന് മാത്രമാണു സത്യം, അവിടുന്നു മാത്രമാണ് ഒരേയൊരാശ്രയവും അഭയവും, അവിടുത്തെ അറിയാത്തിടത്തോളം ജീവിതം വ്യര്‍ത്ഥമാണ,്’ എന്നു ബോദ്ധ്യം വരണം. അതുണ്ടായാല്‍ വ്യാകുലത താനെ വരും. കരയ്ക്കു പിടിച്ചിട്ട മീനിനെപ്പോലെ ഒരു ഭക്തന്റെ മനസ്സ് ഈശ്വരനുവേണ്ടി പിടയും. വ്യാകുലതയുള്ളവന്‍ ഒരു നിമിഷംപോലും ഈശ്വരസ്മരണ വിടില്ല. അവന് ഉറങ്ങാനും വിശ്രമിക്കാനും മനസ്സ് വരില്ല. കിടന്നാല്‍ത്തന്നെ ആ വ്യാകുലത കാരണം ഉറക്കം വരില്ല. അവരുടെ ജീവിതംതന്നെ ഒരു തപസ്സാണ്. വൃന്ദാവനത്തിലെ ഗോപികള്‍ ഊണിലും ഉറക്കത്തിലും കൃഷ്ണനുവേണ്ടി തപിച്ചു. ആ പ്രേമത്തിന്റെ തീവ്രതയില്‍ മറ്റെല്ലാം അവര്‍ക്ക് തുച്ഛമായി അനുഭവപ്പെട്ടു.
ഒരു യഥാര്‍ത്ഥ ഭക്തന് ലോകസുഖങ്ങളിലൊന്നും സുഖം കാണുകയില്ല. ഈശ്വരനുമായി ഒന്നുചേരുന്നതില്‍കുറഞ്ഞ ഒന്നുകൊണ്ടും അയാള്‍ തൃപ്തിപ്പെടുകയില്ല. ഓരോ ശ്വാസത്തിലും ‘നീ എവിടെ? നീ എവിടെ?’ എന്ന വ്യഥ ഉണ്ടാകും. ഈശ്വരനെ കൂടാതെ ജീവിച്ചിരിക്കാന്‍ വയ്യെന്ന അവസ്ഥ വരും. ആ വ്യാകുലത വന്നാല്‍ പിന്നെ ഈശ്വരനെ കിട്ടാന്‍ താമസമില്ല. ഈശ്വരനുമായി ഒന്നുചേരുന്നതോടെ ജന്മം സഫലമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: