തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ, ഭരണഘടനയെ വെല്ലുവിളിച്ച് പ്രമേയം പാസാക്കാന്‍ കൂട്ടുനിന്ന കോണ്‍ഗ്രസ്സിന് ‘പണികൊടുത്ത്’ മുഖ്യമന്ത്രി പിണറായി വിജയന്. കൂടെ നിന്നവരെ എങ്ങനെയാണ് ഭംഗിയായി കാലുവാരുന്നതെന്നും മുഖ്യമന്ത്രി കാണിച്ചു കൊടുത്തു. പിണറായിയുടെ പാരയില്‍ മുറിവേറ്റുവീണ കോണ്‍ഗ്രസ്സിന് ശക്തമായി പ്രതിഷേധിക്കാന്‍ പോലുമായില്ല. കോണ്‍ഗ്രസ്സിലെ മുല്ലപ്പള്ളി ഗ്രൂപ്പിന് വലിയ സന്തോഷം പകരുന്നതായി മുഖ്യമന്ത്രിയുടെ നടപടി.
ഇന്നലെ ലോക കേരളസഭയെ മറയാക്കിയാണ് മുഖ്യമന്ത്രിയുടെ കളി അരങ്ങേറിയത്. കേരള സഭ തട്ടിപ്പാണെന്നും ധൂര്‍ത്താണെന്നും ആരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ രംഗത്ത് വന്നിരുന്നു. യുഡിഎഫ് അംഗങ്ങള്‍ സംഘാടക സമിതിയില്‍ നിന്ന് രാജിവച്ചു. എന്നാല്‍, ഇതിനു പിന്നാലെ ലോക കേരളസഭയ്ക്ക് ആശംസ അറിയിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ അയച്ച കത്ത് മുഖ്യമന്ത്രി പുറത്തുവിട്ടു.
ലോക കേരള സഭയ്ക്കായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും രാഹുലിനെ സമീപിച്ചിരുന്നില്ലെന്നും എന്നിട്ടും പരിപാടിക്ക് രാഹുല്‍ ആശംസ അറിയിച്ചുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഡിസംബര്‍ 12നാണ് രാഹുല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ കത്ത് കിട്ടിയ കാര്യം മുഖ്യമന്ത്രി ആരോടും പറഞ്ഞില്ല. ഡിസംബര്‍ 12ന് അയച്ച കത്തിന് ഇന്നലെ രാഹുലിനെ മുഖ്യമന്ത്രി നന്ദി അറിയിച്ചു. ഇതോടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വെട്ടിലായി. കോണ്‍ഗ്രസിന് മിണ്ടാട്ടമില്ലാതായി.
ഡിസംബര്‍ 31നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയത്. എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്ത് പ്രമേയത്തിന് അനുകൂലമായി വോട്ടും ചെയ്തു. പ്രമേയം പാസാക്കി പിരിഞ്ഞ ഉടനെ നിയമസഭാ മന്ദിരത്തില്‍ ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി ലോക കേരള സഭ ധൂര്‍ത്താണെന്ന് ആരോപിച്ചു. തങ്ങള്‍ സമിതിയില്‍ നിന്നു രാജിവച്ചെന്നും അറിയിച്ചു.
അപ്പോഴും മുഖ്യമന്ത്രി മൗനം പാലിച്ചു. ജനുവരി ഒന്നിന് സമ്മേളനം ആരംഭിച്ചതിനു പിന്നാലെ ചെന്നിത്തല വീണ്ടും പ്രസ്താവനയുമായി രംഗത്ത് വന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി കത്തു പുറത്തുവിട്ടത്.മുഖ്യമന്ത്രിയുടെ ‘കത്തു കുത്ത്’ കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗത്തിനും സന്തോഷമായി. സിപിഎമ്മുമായി ചേര്‍ന്ന് പ്രക്ഷോഭം നടത്തുന്നതിനെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് എതിര്‍ത്തിരുന്നു. എന്നാല്‍, ചെന്നിത്തലയും കൂട്ടരും ചേര്‍ന്ന് മുല്ലപ്പള്ളിയെ ഒറ്റപ്പെടുത്തി വായടപ്പിച്ചു. ഇപ്പോള്‍ പിണറായിയുടെ പാരയില്‍ ചെന്നിത്തലയ്ക്ക് മുറിവേറ്റപ്പോള്‍ ആഹ്ലാദിച്ചത് മുല്ലപ്പള്ളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: