സംഘടിതമായും ആസൂത്രിതമായും നുണകള്‍ പ്രചരിപ്പിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പലയിടങ്ങളിലും നടത്തുന്ന അക്രമ സമരങ്ങളുടെ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ സ്വഭാവത്തിന്റെ നഗ്നമായ പ്രകടനമാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന എണ്‍പതാമത് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടന വേദിയില്‍ അരങ്ങേറിയത്. അധ്യക്ഷ പ്രസംഗം നടത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാര്‍ക്സിസ്റ്റ് ചരിത്രകാരന് ഇര്ഫാന് ഹബീബിന്റെ നേതൃത്വത്തില്‍ കൈയേറ്റത്തിന് ശ്രമിച്ചത് അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഭരണഘടനാ പദവി വഹിക്കുന്ന ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന അതിക്രമം സംഘടിത ഗൂഢാലോചനയുടെ ഫലമാണെന്ന് വ്യക്തം. പൗരത്വ നിയമ ഭേദഗതിക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള സമരങ്ങള്‍ കേരളത്തില്‍ ദൃശ്യമല്ലെങ്കിലും മറ്റിടങ്ങളില്‍ നടത്തുന്ന ഇത്തരം അക്രമ സമരങ്ങളുടെ പ്രഭവകേന്ദ്രം കേരളമാണ്. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ മാത്രമല്ല, ദല്‍ഹിയിലും ഉത്തര്‍പ്രദേശിലുമൊക്കെ നടത്തിയ അക്രമങ്ങളില്‍ ‘മാധ്യമപ്രവര്‍ത്തകര്‍’ അടക്കം മലയാളികളായ ചിലരുടെ പങ്ക് വ്യക്തമായി വരികയാണ്. കേരളത്തില്‍ അക്രമങ്ങളില്ല, അക്രമാസക്ത സമരങ്ങളേയുള്ളൂ. ഇതിനു കാരണം പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന ദേശവിരുദ്ധ വ്യക്തികള്‍ക്കും ശക്തികള്‍ക്കും ഭരണ-പ്രതിപക്ഷ ഭേദമെന്യെ ഭരണകൂടത്തിന്റെ പൂര്‍ണ സംരക്ഷണം ലഭിക്കുന്നതാണ്. അക്രമങ്ങള്‍ വന്‍തോതില്‍ നടത്തുന്നത് ബിജെപി ഭരിക്കുന്ന കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും, ബിജെപി അധികാരത്തില്‍ വരുമെന്ന് കരുതപ്പെടുന്ന പശ്ചിമബംഗാളിലുമാണ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരെന്ന നിലയ്ക്ക് രാജ്യതലസ്ഥാനമായ ദല്‍ഹിയിലും സംസ്ഥാനത്തെ ആം ആദ്മി സര്‍ക്കാരിന്റെയും കോണ്‍ഗ്രസ്സിന്റെയും ഒത്താശയോടെ അക്രമങ്ങള്‍ സംഘടിപ്പിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ‘പച്ച’നുണകളുടെ പ്രളയം സൃഷ്ടിച്ചിരിക്കുന്ന കേരളത്തില്‍ ഭരണഘടനാ സംരക്ഷകനായ ഗവര്‍ണര്‍ വന്മതിലായി ഉയര്‍ന്നു നില്‍ക്കുന്നത് ഇടതു-ജിഹാദി സഖ്യത്തെ കുറച്ചൊന്നുമല്ല അസഹിഷ്ണുക്കളാക്കുന്നത്. ഈ നിയമം പാര്‍ലമെന്റ് അംഗീകരിക്കുകയും, രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തതോടെ അതിന്റെ ശക്തനായ വക്താവാണ് ആരിഫ് മുഹമ്മദ് ഖാന്. വിമര്‍ശിച്ചും പരിഹസിച്ചും അവഗണിച്ചും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാന് ഇടതു-വലതു മുന്നണികളും ഇസ്ലാമിക ശക്തികളും ശ്രമിച്ചെങ്കിലും വിഫലമായി. ഈ പശ്ചാത്തലത്തില്‍ ഗവര്‍ണറെ ‘കൈകാര്യം ചെയ്യാന്‍’ ചരിത്ര കോണ്‍ഗ്രസ്സ് വേദി ബോധപൂര്‍വം തെരഞ്ഞെടുക്കുകയായിരുന്നു. വലിയ അഴിമതിക്കേസുകളും ഹീനമായ കൊലപാതക കേസുകളും വാദിക്കാന്‍ കോടികള്‍ പ്രതിഫലം പറ്റുന്ന ക്രിമിനല്‍ അഭിഭാഷകരെ ഇറക്കുമതി ചെയ്യുന്നതുപോലെയാണ് ആരിഫ് മുഹമ്മദ് ഖാനെ നേരിടാന്‍ ഇര്ഫാന് ഹബീബിനെ ചരിത്ര കോണ്‍ഗ്രസ്സിലേക്ക് ഇറക്കുമതി ചെയ്തത്. അലിഗഢിലെ വിദ്യാഭ്യാസകാലം മുതല്‍ ആരിഫിനോട് കുടിപ്പകയുള്ളയാളാണ് ഹബീബ്.
തന്നെ ഏല്‍പ്പിച്ച ജോലി ഇര്ഫാന് ഹബീബ് കൃത്യമായി ചെയ്തു. പ്രോട്ടോകോള്‍ തെറ്റിച്ച് വേദിയിലെത്തിയ ഹബീബ് പ്രസംഗിച്ചുകൊണ്ടിരുന്ന ഗവര്‍ണര്‍ക്കെതിരെ പാഞ്ഞടുക്കുകയായിരുന്നു. കേരളീയര്‍ രാഷ്ട്രവിഭജനത്തിന്റെ അനുഭവമില്ലാത്തവരാണെന്ന് സൂചിപ്പിച്ച ഗവര്‍ണര്‍, സ്വാതന്ത്ര്യസമരനായകന് അബ്ദുള്‍ കലാം ആസാദിന്റെ വാക്കുകള്‍ ഉദ്ധരിച്ചു. പാക്കിസ്ഥാന് രൂപീകരണത്തോടെ വിഭജനത്തിന്റെ അഴുക്ക് ഇല്ലാതായെന്നും, എന്നാല്‍ അതിന്റെ അവശിഷ്ടങ്ങള്‍ ഭാരതത്തില്‍ അവിടവിടെയായി കുഴികളില്‍ കെട്ടിക്കിടക്കുന്നുവെന്നും അബ്ദുള്‍ കലാം പറഞ്ഞതാണ് ഗവര്‍ണര്‍ ആവര്‍ത്തിച്ചത്. ഇതില്‍ ക്രുദ്ധനായാണ് ‘ഗോഡ്സെയെ ഉദ്ധരിക്കൂ’ എന്ന് ആക്രോശിച്ച് ഹബീബ് ഗവര്‍ണറെ കായികമായി നേരിടാന്‍ ശ്രമിച്ചത്. വേദിയില്‍ ഇരിക്കേണ്ടാത്ത ഒരാള്‍ അവിടെ കയറിവന്ന് ഇങ്ങനെയൊക്കെ പെരുമാറുന്നത് അങ്ങേയറ്റം അപരിഷ്കൃതമാണ്. വിഭജനകാലത്ത് മഹാത്മാ ഗാന്ധിയടക്കം പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് കൊടുത്ത ഉറപ്പ് പാലിക്കുന്നതിനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത്. ഈ ചരിത്ര പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ അബ്ദുള്‍ കലാമിനെ ഉദ്ധരിച്ചത്. ഇതിനോട് വിയോജിപ്പുണ്ടെങ്കില്‍ ഹബീബിന് അത് പ്രകടിപ്പിക്കാം. പക്ഷേ ഗവര്‍ണറെപ്പോലെ ഒരാളെ പരസ്യമായി അവഹേളിക്കുന്നതും, അഭിപ്രായ പ്രകടനത്തില്‍നിന്ന് കായികമായി തടയാന്‍ ശ്രമിക്കുന്നതും ഒരുതരത്തിലും അനുവദിച്ചുകൊടുക്കാനാവില്ല.
ഒട്ടും അക്കാദമിക്കല്ലാത്ത തന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ തന്ത്രപരമായ ചില പ്രസ്താവനകള്‍ നടത്തുകയാണ് ഇര്ഫാന് ഹബീബ് പിന്നീട് ചെയ്തത്. ചരിത്രകോണ്‍ഗ്രസ്സിന്റെ വേദിയില്‍ ഗവര്‍ണര്‍ രാഷ്ട്രീയം പറയാന്‍ പാടില്ലായിരുന്നു എന്നാണ് ഇതിലൊന്ന്. എന്താണ് രാഷ്ട്രീയം, അരാഷ്ട്രീയം എന്നൊക്കെ വിധി കല്പ്പിക്കാനുള്ള അധികാരം ആരാണ് ഹബീബിനെ ഏല്‍പ്പിച്ചത്? ഹബീബിന്റെ സംഘത്തില്‍പ്പെട്ടവര്‍ തികച്ചും രാഷ്ട്രീയപ്രേരിതമായി നടത്തിയ അഭിപ്രായങ്ങളോട് പ്രതികരിക്കുക മാത്രമാണ് ഗവര്‍ണര്‍ ചെയ്തത്. അപ്പോള്‍ ഗവര്‍ണര്‍ രാഷ്ട്രീയം പറഞ്ഞതല്ല, തങ്ങളില്‍നിന്ന് വ്യത്യസ്തമായ രാഷ്ട്രീയം പറഞ്ഞതാണ് ഹബീബിനെയും കൂട്ടാളികളെയും പ്രകോപിപ്പിച്ചത്. അരാഷ്ട്രീയമായ എന്തിനെയും എതിര്‍ക്കുകയും വെറുക്കുകയും ചെയ്യുന്നവരാണ് ഹബീബ് ഉള്‍പ്പെടുന്ന ഇടതുപക്ഷം. ഇവരെന്തിനാണ് ഒരാള്‍ സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ പറയുന്നതിനെ വിലക്കുന്നത്? രാഷ്ട്രീയമാവാം, അത് ഇടതുപക്ഷ രാഷ്ട്രീയമായിരിക്കണമെന്ന് വാദിക്കുന്നത് സ്റ്റാലിനിസമാണ്, ഫാസിസമാണ്.
പ്രോട്ടോകോള്‍ ലംഘനമില്ലെന്നാണ് ഹബീബ് ആവര്‍ത്തിക്കുന്ന മറ്റൊരു വാദം. ഇത് തീരുമാനിക്കേണ്ടത് ഹബീബല്ല. ലംഘനമുണ്ടായിട്ടുണ്ടെന്ന് കണ്ണൂര്‍ സര്‍വകലാശാല വിധി സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാന്‍ ഗവര്‍ണറുടെ ഓഫീസില്‍ കൃത്യമായ നിബന്ധനകളും സംവിധാനവുമുണ്ട്. ഇതൊന്നുമറിയാത്ത ആളല്ല ഹബീബ്. താന്‍ നടത്തിയിട്ടുള്ളത് പ്രോട്ടോകോള്‍ ലംഘനം മാത്രമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം. ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന ക്രിമിനല്‍ കുറ്റമാണ് ഹബീബ് ചെയ്തിട്ടുള്ളത്. രാജ്യത്തൊരിടത്തും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. കേസെടുക്കേണ്ട നിയമവിരുദ്ധ പ്രവൃത്തിയാണിത്. യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചും, അലിഗഢ്-ദല്‍ഹി സര്‍വകലാശാലകളിലെയും ജെഎന്‍യുവിലെയും വിധേയന്മാരെക്കൊണ്ട് പ്രസ്താവനകളിറക്കിച്ചും രക്ഷപ്പെടാനാണ് ഹബീബ് ശ്രമിക്കുന്നത്. അലിഗഢ് സൊസൈറ്റി ഓഫ് ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി (ആശ) ഗവര്‍ണറെ കുറ്റപ്പെടുത്തിയും, ഹബീബിന്റേത് ‘ജനാധിപത്യപരമായ വിയോജിപ്പ്’ ആയി ചിത്രീകരിച്ചും പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി.
ബഹുമതികളെല്ലാം തിരിച്ചെടുത്താലും പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള അഭിപ്രായം മാറ്റില്ലെന്നാണ് ഇര്ഫാന് ഹബീബിന്റെ മറ്റൊരു അവകാശവാദം. ഇങ്ങനെ ചെയ്യണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നിരിക്കുന്നു. നിയമത്തെ ചോദ്യം ചെയ്ത് കോടതിയില്‍ പോയി അനുകൂല വിധി വാങ്ങാനുള്ള അവകാശം ഹബീബിനെപ്പോലുള്ളവര്ക്കുണ്ട്. ഇത് സംഭവിക്കാത്തിടത്തോളം പൗരത്വ നിയമ ഭേദഗതി അനുസരിക്കാനുള്ള ബാധ്യത ഹബീബിനുണ്ട്. ചരിത്രകാരനാണെന്നതുകൊണ്ട് ഇത് തനിക്ക് ബാധകമാവില്ലെന്ന് ധരിച്ചുകളയരുത്.
ഇര്ഫാന് ഹബീബിന്റെ പ്രശ്നം മറ്റൊന്നാണ്. അത് വളരെ ഗുരുതരവുമാണ്. ഇടതുപക്ഷ ചരിത്രകാരന് എന്ന പരിവേഷമുണ്ടെങ്കിലും അടിസ്ഥാനപരമായി ഈ പ്രൊഫസര്‍ ഒരു ഇസ്ലാമിക മതമൗലികവാദിയാണ്. ഹബീബിന്റെ തനിനിറം പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. അലിഗഢിലെ വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ ജമാഅത്തെ ഇസ്ലാമിക്കാരനെ നിര്‍ത്തിയ ആളാണ് ഹബീബെന്ന് ആരിഫ് മുഹമ്മദ് ഖാന് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ഈ മനോഭാവം കാരണമാണ് അയോധ്യാ പ്രശ്നം ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ ചേര്‍ന്ന് രമ്യമായി പരിഹരിക്കുന്നത് മതമൗലികവാദികളുടെ പക്ഷം ചേര്‍ന്ന് ഹബീബ് അട്ടിമറിച്ചത്. രാമജന്മഭൂമിയില്‍ ഉല്ഖനനം നടത്തിയ സംഘത്തിലെ അംഗം കെ.കെ. മുഹമ്മദ് ‘ഞാന്‍ ഭാരതീയന്’ എന്ന ആത്മകഥയില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. അയോധ്യാ കേസില്‍ രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നതില്‍ ഒരുപക്ഷേ ലോകത്ത് ഏറ്റവും അമര്‍ഷംകൊള്ളുന്ന വ്യക്തിയായിരിക്കും ഹബീബ്.
പ്രൊഫസറെന്ന നിലയ്ക്ക് മറ്റുള്ളവരോട് തൊഴില്‍പരമായ കടുത്ത അസൂയ പുലര്‍ത്തുന്ന ഇര്ഫാന് ഹബീബ് എങ്ങനെയൊക്കെയാണ് തന്നെ ദ്രോഹിച്ചതെന്ന് കെ.കെ. മുഹമ്മദ് വിവരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ സിക്രിയില്‍ 1575-ല്‍ വിവിധ മതപണ്ഡിതരുടെ സംവാദത്തിനായി നിര്‍മിക്കപ്പെട്ട ‘ഇബാദത്ത് ഖാന’ കെ.കെ. മുഹമ്മദ് കണ്ടെത്തിയിരുന്നു. ഇക്കാര്യം വിവിധ പത്രങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതില്‍ അരിശംപൂണ്ട ഹബീബ് ഉടന്‍ മുഹമ്മദിനെ വിളിച്ചുവരുത്തി. ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടി അത് ‘ഇബാദത്ത് ഖാന’ അല്ലെന്ന് ഹബീബ് ശഠിച്ചു. പുരാവസ്തു ഗവേഷകനല്ലാത്ത താങ്കള്‍ക്ക് അതെങ്ങനെ പറയാനാവും എന്ന് മുഹമ്മദ് തിരിച്ചുചോദിച്ചപ്പോള്‍, ‘ഞാന്‍ നിങ്ങളെപ്പോലെ ഒരു മികച്ച പുരാവസ്തു ഗവേഷകനല്ലായിരിക്കാം’ എന്നായിരുന്നു ഹബീബിന്റെ മറുപടി. ‘ക്ഷമിക്കുക, താങ്കള്‍ പുരാവസ്തു ഗവേഷകനേയല്ല’ എന്ന് മുഹമ്മദ് പ്രതികരിച്ചപ്പോള്‍ ഹബീബിന് ഉത്തരംമുട്ടി. അപ്പോള്‍ ഒരു കടലാസ് നീട്ടിയിട്ട് ‘നിങ്ങള്‍ കണ്ടെത്തിയത് ‘ഇബാദത്ത് ഖാന’ അല്ലെന്ന് എഴുതാന്‍’ ഹബീബ് ആവശ്യപ്പെട്ടു. മുഹമ്മദ് ആവശ്യം നിരസിക്കുകയും മുറിയില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഹബീബിനെപ്പോലെ ഇത്രമാത്രം അധഃപതിക്കാന്‍ ഏതു ചരിത്രകാരനു കഴിയും! മറ്റ് പല സഹപ്രവര്‍ത്തകരോടും ഹബീബ് ഇതുപോലെ പെരുമാറിയിട്ടുള്ളതായി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ മുന്‍ അധ്യക്ഷന്‍ എംജിഎസ് നാരായണനും സാക്ഷ്യപ്പെടുത്തുന്നു.
പ്രൊഫഷണല്‍ ചരിത്രകാരനല്ലെങ്കിലും ആരിഫ് മുഹമ്മദ് ഖാന്റെ അറിവിന്റെയും അനുഭവസമ്പത്തിന്റെയും അഭിപ്രായധീരതയുടെയും ആദര്‍ശദാര്‍ഢ്യത്തിന്റെയും മുന്നില്‍, ‘സൂത്രശാലി’ എന്ന് എംജിഎസ് വിശേഷിപ്പിക്കുന്ന ഇര്ഫാന് ഹബീബ് ആരുമല്ല. ഷബാനു കേസില്‍ മുസ്ലിം വര്‍ഗീയ വാദികള്‍ക്ക് കീഴടങ്ങി സുപ്രീംകോടതി വിധി റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് രാജീവ് ഗാന്ധിയുടെ മന്ത്രിസഭയില്‍നിന്ന് രാജിവച്ച് ഇറങ്ങിപ്പോന്നയാളാണ് ആരിഫ് മുഹമ്മദ് ഖാന്. മതേതരത്വത്തിനുവേണ്ടി ജീവിതം ബലി നല്കാന് തയാറുള്ള ഇങ്ങനെയൊരാള്‍ കപട മതേതര വാദികളുടെയും വര്‍ഗീയ വാദികളുടെയും മതമൗലിക വാദികളുടെയും തീവ്രവാദികളുടെയും സ്വന്തം നാടായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ഗവര്‍ണറായിരിക്കുന്നത് ഇര്ഫാന് ഹബീബുമാര്‍ക്ക് സഹിക്കാനാവില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: