സാമൂഹ്യ, സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സംഭവബഹുലമായിരുന്നു 2019. ശബരിമലയില്‍ സര്‍ക്കാര്‍ സൃഷ്ടിച്ച സംഘര്‍ഷത്തോടെ തുടങ്ങിയ വര്‍ഷം മുഴുനീളം ശബരിമല ചര്‍ച്ചയായി. രാഷ്ട്രീയ കൊലകള്‍, മാവോയിസ്റ്റ് വേട്ട, കൂട്ടത്തായിയിലെ കൊലപാതക പരമ്പര, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, രണ്ട് മുന്‍ മന്ത്രിമാരുടെ മരണം, ആറ് ഉപതെരഞ്ഞെടുപ്പുകള്‍, ലോക്സഭാ തെരഞ്ഞെടുപ്പ് ഇടത് പക്ഷത്തിന്റെ വാട്ടര്‍ലൂ. അങ്ങനെ പലതും.
ശബരിമലയില്‍ പ്രായഭേദമില്ലാതെ വനിതകള്‍ക്ക് കയറാമെന്ന തെറ്റായ സുപ്രീംകോടതി വിധി കഴിഞ്ഞ വര്‍ഷമാണ്. അത് നടപ്പാക്കാന്‍ മാര്‍ക്സിറ്റ് സര്‍ക്കാര്‍ കാട്ടിയ ധൃതിയാണ് ശബരിമലയില്‍ വര്‍ഷാദ്യം സംഘര്‍ഷം സൃഷ്ടിച്ചത്.
ജനുവരി ഒന്നിന് വനിതാ മതില്
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സര്‍ക്കാര്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ശബരിമല കര്‍മ്മസമിതി നടത്തിവന്ന അയ്യപ്പ നാമജപവും അയ്യപ്പജ്യോതി തെളിയിക്കലും വന്‍ വിജയമായിരുന്നു. വിശ്വാസികളായ സിപിഎം അനുഭാവികളടക്കം അണിനിരന്നു. ഇത് സര്‍ക്കാരിന് വലിയ ക്ഷീണമുണ്ടാക്കി. ഇതോടെ ആണ് വനിതാമതില്‍ തീര്‍ക്കാന്‍ സിപിഎം പദ്ധതി ഇട്ടത്. അതിന് സര്‍ക്കാര്‍ സംവിധാനം പ്രയോജനപ്പെടുത്തി. ജനുവരി ഒന്നിന് നവോത്ഥാനമൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സ്ത്രീകളെ അണിനിരത്താന്‍ ശ്രമിച്ചെങ്കിലും പലിയിടത്തും പരാജയപ്പെട്ടു.
ജനുവരി രണ്ട്
ജനുവരി രണ്ടിന് പുലര്‍ച്ചെ നെഞ്ചുതകര്‍ന്നാണ് ഓരോ വിശ്വാസിയും ആ വാര്‍ത്ത കേട്ടത്. കോടിക്കണക്കിന് അയ്യപ്പഭക്തരെയും വിശ്വാസികളെയും വഞ്ചിച്ച് പിണറായി സര്‍ക്കാര്‍ ബിന്ദുവിനെയും കനക ദുര്‍ഗയെയും സന്നിധാനത്ത് ഒളിപ്പിച്ചുകടത്തി. പമ്പയും സന്നിധാനവും മാത്രമല്ല, അയ്യപ്പഭക്തരുള്ളിടത്തെല്ലാം കണ്ണീര് തളം കെട്ടി. ശത്രുരാജ്യത്തോട് പോലും ചെയ്യാത്ത ക്രൂരതയിലാണ് പോലീസ് ഇവരെ ഒളിപ്പിച്ച് കടത്തിയത്.
ഡിസംബറില്‍ പ്രതിഷേധത്തെ തുടര്‍ന്ന് മല തിരിച്ചിറങ്ങിയ ശേഷം ബിന്ദുവും കനകദുര്‍ഗ്ഗയും പോലീസ് സംരക്ഷണയില്‍ ആയിരുന്നു. ഇരുവര്‍ക്കും രഹസ്യ സങ്കേതത്തില്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശീലനം നല്കി. അതിന് ശേഷം തിരക്ക് കുറഞ്ഞ സമയമായ പുലര്‍ച്ചെ ഗണപതി ഹോമം നടക്കുന്ന സമയം തെരഞ്ഞെടുത്തു. തലേദിവസം മുതല്‍ പദ്ധതി നടപ്പിലാക്കാന്‍ പ്രത്യേക പോലീസ് സംഘം എത്തിയിരുന്നു. പോ
ലീസിലെ ഉന്നതര്‍മാത്രം അറിഞ്ഞുകൊണ്ടുള്ള പദ്ധതി നടപ്പിലാക്കിയത് പോലീസ് അസോസിയേഷനിലെ കണ്ണൂര്‍ ലോബി ആയിരുന്നു. പുരുഷ വേഷത്തില്‍ ഇരുവരെയും പമ്പയില്‍ എത്തിച്ചു. പമ്പയില്‍ ആരെയോ പന്നികുത്തി എന്ന് പറഞ്ഞ് സന്നിധാനത്തുള്ള വനംവകുപ്പിന്റെ ആംബുലന്‍സ് വിളിച്ചു വരുത്തി. അതില്‍ കയറ്റി ഇരുവരെയും ചരല്‍മേട് എത്തിച്ചു. തിരക്കും വെളിച്ചവും കുറവായതിനാല്‍ ആരും പെട്ടെന്ന് തിരിച്ചറിഞ്ഞില്ല. സംശയം തോന്നി ചോദിച്ചവരോട് ട്രാന്‍സ് ജന്‍ഡേഴ്സ് എന്ന് പറഞ്ഞു. ചന്ദ്രാനന്ദന്‍ റോഡ് വഴി അരവണ പ്ലാന്റിന് സമീപത്ത് ഭസ്മകുളത്തിന് അടുത്തുള്ള ഗേറ്റിന് സമീപം എത്തിച്ചു. അതുവഴി വടക്കേ നടയിലേക്കുള്ള സ്റ്റാഫ് ഗേറ്റിലേക്ക്. സെക്യൂരിറ്റിയോട് ഐജിയുടെ അതിഥികള്‍ എന്ന് പറഞ്ഞു. വടക്കേ നടവഴി ബലിപ്പുരയ്ക്ക് ഉള്ളിലൂടെ വിശ്വാസികളുടെ നെഞ്ചില്‍ ചവുട്ടി ശ്രീകോവിലിലെ ഏറ്റവും പിന്നിലെ ക്യൂവിലെത്തി. വിശ്വാസികള്‍ എന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ച അരാജക വാദികള്‍ അയ്യപ്പനെ തൊഴുതത് പോലും ഇല്ല. നിമിഷനേരം കൊണ്ട് ഭസ്മ കുളത്തിലേക്ക് ഇറങ്ങുന്ന ഗേറ്റ് വഴി പുറത്തേക്ക് കടന്നു. ഇതെല്ലാം ഒപ്പം ഉണ്ടായിരുന്ന പോലീസുകാര്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. ആ ദൃശ്യങ്ങളിലെ സംഭാഷണങ്ങള്‍ തെളിവ് ശേഖരിക്കുക എന്ന സര്‍ക്കാര്‍ ഗൂഢാലോചന പുറത്തു കൊണ്ടുവന്നു.
ഫെബ്രുവരി 17
ഫെബ്രുവരി 17നാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊന്നത്. കാറില്‍ എത്തിയ മൂന്നംഗ സംഘം ഇരുവരെയും തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എഫ്ഐആര്‍. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ ശരത് ലാല്‍ മര്‍ദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ജൂലൈ
യാക്കോബായ വിഭാഗത്തിന്റെ പിറവം പള്ളിയുടെ അവകാശം ഓര്‍ത്തഡോക്സ് സഭയ്ക്കാണെന്നുള്ള സുപ്രീംകോടതി വിധി വന്നു. ഇതോടെ പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗവും അവരെ തടയാന്‍ യാക്കോബായാ വിഭാഗവും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. ഒടുവില്‍ പള്ളി കളക്ടര്‍ ഏറ്റെടുത്തശേഷം ഓര്‍ത്തഡോക്സ് സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം നല്കി.
ഒക്ടോബര്‍
വാളയാറില്‍ 13 ഉം ഒമ്പതും വയസ്സായ സഹോദരിമാരെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ സിപിഎമ്മുകാരായ പ്രതികള്‍ക്കായി പ്രോസിക്യൂഷന് തോറ്റുകൊടുത്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് പ്രതികള്‍ക്കായി ഹാജരായതുള്പ്പെടെ പുറത്ത് വന്നതോടെ ചെയര്മാന് സ്ഥാനം രാജിവെച്ചു. മാത്രമല്ല പോലീസ് എഫ്ഐആറില്‍ അടക്കം ഗുരുതര വീഴ്ച വരുത്തിയതും പുറത്തുവന്നു. സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചു.
മരട് ഫ്ളാറ്റ് പൊളിക്കല്‍
അനധികൃതമായി കെട്ടി ഉയര്‍ത്തിയ മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവ്. പിന്നാലെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന് ജോണ്‍ ബ്രിട്ടാസ് അടക്കമുള്ളവര്‍ക്ക് അനധികൃത ഫ്ളാറ്റ് ഉണ്ടെന്ന വിവരം പുറത്തേക്ക്.
കെ.എം. മാണി അന്തരിച്ചു
ഏറ്റവും കാലം ധന മന്ത്രി എന്ന പദവി അലങ്കരിച്ച കേരള കോണ്‍ഗ്രസ്സ് ചെയര്മാന് ഏപില്‍ 19 ന് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കേരള രാഷ്ട്രീയത്തിലെ റെക്കോര്‍ഡുകളുടെ ഉടമയാണ് കെ.എം.മാണി. മന്ത്രിയായും നിയമസഭാംഗമായും റെക്കോര്‍ഡ്;25 വര്‍ഷം മന്ത്രി, നിയമസഭാംഗമായി 52 വര്‍ഷം. 13 ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡും മാണിക്ക് സ്വന്തമാണ്. 1980 മുതല്‍ 1986 വരെ തുടര്‍ച്ചയായി ഏഴ് ബജറ്റ് അവതരിപ്പിച്ചതും റെക്കോര്‍ഡാണ്. പാലായെ നിയമസഭയില്‍ പ്രതിനിധീകരിച്ചത് മാണിമാത്രമാണ്. ചെയര്മാന് സ്ഥാനവും നിയമസഭാ കക്ഷി നേതാവും തീരുമാനിക്കാനായി ജോസ്കെ.മാണി വിഭാഗവും പി.ജെ.ജോസഫ് വിഭാഗവും തുറന്നപോരിലെത്തി.
ലോക്സഭാ തെരഞ്ഞെടുപ്പ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ആലപ്പുഴയില്‍ മാത്രമായി ചുരുങ്ങി. 19 സീറ്റുകളിലും കോണ്‍ഗ്രസ് വന്‍ വിജയം നേടി. ബിജെപിക്ക് വോട്ട് വര്‍ദ്ധിച്ചു. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ അഭയം തേടി വിജയിച്ചു എന്ന പ്രത്യേകതയും തെരഞ്ഞെടുപ്പില്‍ ഉണ്ടായി.
തോമസ് ചാണ്ടി അന്തരിച്ചു
മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു. കേരള നിയമസഭയിലെ ഏറ്റവും വലിയ കോടീശ്വരന്. കായല്‍ കൈയേറ്റ ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന മന്ത്രി തോമസ് ചാണ്ടി കെഎസ്യുവില് തുടങ്ങി പ്രവാസത്തിലൂടെ ഉയര്‍ന്നു വന്ന മുതലാളിയും രാഷ്ട്രീയക്കാരനുമാണ്. ഇത്തവണ കേരള കോണ്‍ഗ്രസ്സിലെ തന്നെ ജേക്കബ് എബ്രഹാമിനെയാണ് തോല്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് വെളിപ്പെടുത്തിയ ആസ്തി 92 കോടി രൂപയുടേതാണ്.
ഗവര്‍ണര്‍, കേന്ദ്രമന്ത്രി
കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ്ഖാനെയും മിസോറാം ഗവര്‍ണറായി അഡ്വ. പി.എസ്.ശ്രീധരന്‍പിള്ളയെയും നിയമിച്ചു. മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന് സ്ഥാനം രാജിവച്ച് ലോക്സഭാ സ്ഥാനാര്‍ത്ഥിയായി. മിസോറാമില്‍ പുതിയ ഗവര്‍ണറായി ശ്രീധരന്‍പിള്ള നിയമിതനായി. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് മോദി സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായി.
കേരള മാവോയിസ്റ്റ് വേട്ട
അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചു കൊന്നു. മൂന്നുപോരെയാണ് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 28നാണ് തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം ഉണ്ടായ ഏറ്റമുട്ടലില്‍ ഒരാള്‍ കൂടി മരിച്ചിരുന്നു. പിന്നാലെ സിപിഐയും കോണ്‍ഗ്രസ്സും മാവോയിസ്റ്റ് വേട്ടയെ പ്രതികൂലിച്ച് രംഗത്തെത്തി.
യുഎപിഎ വിവാദം
രണ്ട് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് നിയമ വിദ്യാര്‍ഥി അലന് ഷുഹൈബ്, ജേണലിസം വിദ്യാര്‍ഥി താഹ ഫസല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് വേട്ടക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുക എന്ന തലക്കെട്ടില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായുള്ള ലഘുലേഖയുമായാണ് പിടിയിലായത്.
ശബരിമല സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി അന്തിമമല്ലെന്ന സുപ്രീംകോടതിയുടെ ഒടുവിലത്തെ വിധി ഭക്തജനങ്ങള്‍ക്ക് ആശ്വാസമാണ്. വനിതകള്‍ക്ക് ശബരിമലയിലേക്ക് വരാന്‍ സംരക്ഷണമില്ലെന്ന് സര്‍ക്കാരിന് പറയേണ്ടിവന്നു. തുടര്‍ന്ന് സംഘര്‍ഷമില്ലാത്ത തീര്‍ത്ഥാടനകാലമാണ് നടക്കുന്നത്.
മന്ത്രിയുടെ മാര്‍ക്ക് ദാനം, പിഎസ്സി തട്ടിപ്പ് എന്നിവയെല്ലാം 2019ന്റെ ചര്‍ച്ചാവിഷയമായി. കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി. രാമന്‍നായരും മുന്‍ എംപിയും എംഎല്‍എയുമായ എ.പി. അബ്ദുള്ളക്കുട്ടിയും ബിജെപിയിലെത്തിയതും ഈ വര്‍ഷംതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: