2019 മേയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ചരിത്രവിജയവും, പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ തിളക്കമാര്‍ന്ന രണ്ടാമൂഴവും കേന്ദ്രആഭ്യന്തരമന്ത്രി പദത്തിലേക്ക് സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ പിന്മുറക്കാരനെന്നോര്‍മ്മിപ്പിച്ചെത്തിയ അമിത് ഭായ് അനില്‍ചന്ദ്ര ഷാ എന്ന അമിത് ഷായുടെ വരവുമെല്ലാം ദേശീയ രാഷ്ട്രീയത്തെ ആവേശഭരിതമാക്കി.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശക്തമായ തീരുമാനങ്ങള്‍ 2019നെ ദേശീയ രാഷ്ട്രീയത്തില്‍ അവിസ്മരണീയമാക്കി. ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതും, അയോധ്യയിലെ ശ്രീരാമജന്മഭൂമിയില് ക്ഷേത്രനിര്‍മ്മാണത്തിന് സുപ്രീംകോടതിയുടെ അന്തിമ അനുമതി ലഭിച്ചതും മുത്തലാക്ക് നിരോധനവും ദേശീയ പൗരത്വ നിയമ ഭേദഗതിയുമെല്ലാം ബിജെപിയുടെ രൂപീകരണ കാലം മുതല്‍ സാക്ഷാത്ക്കരിക്കാന്‍ പരിശ്രമിക്കുന്ന അടിസ്ഥാന വിഷയങ്ങളാണ്. ദേശീയ രാഷ്ട്രീയത്തിന്റെ പ്രയാണത്തെ സ്വാധീനിക്കുന്ന ഇത്തരം വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ പ്രകടിപ്പിച്ച ഇച്ഛാശക്തി ഏറെ ശ്രദ്ധിക്കപ്പെട്ടു.
2019 മേയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ചരിത്രവിജയവും, പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ തിളക്കമാര്‍ന്ന രണ്ടാമൂഴവും കേന്ദ്രആഭ്യന്തരമന്ത്രി പദത്തിലേക്ക് സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ പിന്മുറക്കാരനെന്നോര്‍മ്മിപ്പിച്ചെത്തിയ അമിത് ഭായ് അനില്‍ചന്ദ്ര ഷാ എന്ന അമിത് ഷായുടെ വരവുമെല്ലാം ദേശീയ രാഷ്ട്രീയത്തെ ആവേശഭരിതമാക്കി. 543 അംഗ ലോക്സഭയില്‍ 303 സീറ്റുകളുമായി വന്‍ വിജയം നേടാന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് സാധിച്ചു. രാജ്യമെങ്ങും ആഞ്ഞടിച്ച മോദി തരംഗത്തില്‍ 353 സീറ്റുകളാണ് എന്‍ഡിഎ മുന്നണി നേടിയത്. 52 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. 24 സീറ്റുകള്‍ നേടിയ ഡിഎംകെയുടെയും മറ്റു കക്ഷികളുടെയും സഹായത്തോടെ 92 സീറ്റുകള്‍ കരസ്ഥമാക്കാന്‍ മാത്രമാണ് യുപിഎ സഖ്യത്തിനായത്. ഇടതുപക്ഷം കേവലം അഞ്ചു സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോള്‍ മഹാസഖ്യമെന്ന പേരില്‍ മാധ്യമങ്ങള്‍ വിശേഷണം ചാര്‍ത്തിക്കൊടുത്ത ബിഎസ്പി-എസ്പി സഖ്യമാവട്ടെ 15 സീറ്റിലേക്ക് ചുരുങ്ങി.
2014ല്‍ 272 സീറ്റുകളുമായി തനിച്ച് കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ബിജെപിയെക്കാള്‍ ശക്തമായിരുന്നു 2019ല്‍ 303 സീറ്റുകളോടെ അധികാരത്തുടര്‍ച്ച നേടിയ ബിജെപി. പ്രഖ്യാപിത രാഷ്ട്രീയ നിലപാടുകളും പ്രത്യയശാസ്ത്ര വിഷയങ്ങളും നടപ്പാക്കാന്‍ തീരുമാനിച്ചുറപ്പിച്ചാണ് ബിജെപി ഭരണത്തുടര്‍ച്ച നേടിയത്. ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളോരോന്നും നടപ്പാക്കാന്‍ സജ്ജമാണെന്ന സന്ദേശം അണികള്‍ക്ക് നല്കാന് പാര്‍ട്ടി അധ്യക്ഷ പദവിയില്‍ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിപദത്തിലേക്കെത്തിയ അമിത് ഷായുടെ സാന്നിധ്യത്തിനായി.
ബിജെപിക്ക് ഭരണത്തുടര്‍ച്ച നല്കുന്ന പ്രഖ്യാപനങ്ങള്‍ ഒന്നാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിലുമുണ്ടായിരുന്നു. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ വീതം നേരിട്ട് നല്കുന്ന പദ്ധതിയടക്കം നിരവധി ജനക്ഷേമ പദ്ധതികള്‍ കയ്യടി നേടി. ഇതിന്റെയെല്ലാം നേട്ടം ഏപ്രില്‍-മെയ് മാസങ്ങളില്‍ ഏഴു ഘട്ടങ്ങളായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായി. വലിയ വിജയത്തോടെ ലഭിച്ച അധികാരത്തുടര്‍ച്ച രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ വിറളിപിടിപ്പിക്കുന്നതായിരുന്നുവെന്ന് തുടര്‍ മാസങ്ങളിലെ തെരുവിലെ കലാപങ്ങളും വ്യാജ പ്രചാരണങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
മുത്തലാക്ക് നിരോധനം: ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ മുത്തലാക്ക് നിരോധന ബില്‍ പാസാക്കാനായത് ബിജെപിക്ക് നല്കിയ ഉണര്‍വ് ചില്ലറയല്ല. ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭ കടക്കാന്‍ യാതൊരു സാധ്യതയുമില്ലാതിരുന്നിട്ടു കൂടി 84നെതിരെ 99 വോട്ടുകള്‍ക്ക് പാസാക്കിയെടുക്കാന്‍ മോദി സര്‍ക്കാരിനായി. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമായിരുന്നു പുതിയ നിയമനിര്‍മ്മാണം.
370-ാം അനുച്ഛേദം റദ്ദാക്കല്‍: ഒരൊറ്റ രാഷ്ട്രം ഒരൊറ്റ ഭരണഘടനയെന്ന പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്ക്കരിച്ച നിമിഷമായിരുന്നു ആഗസ്ത് 5ന് കടന്നുപോയത്. ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്കുന്ന ഭരണഘടനയിലെ വിവാദമായ 370-ാം വകുപ്പ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റദ്ദാക്കിയെന്നും, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റിനെ അറിയിക്കുകയായിരുന്നു. ജമ്മുവും കശ്മീരും ചേര്‍ന്ന് ജമ്മു കശ്മീര്‍ എന്ന പേരില്‍ പ്രത്യേക കേന്ദ്രഭരണ പ്രദേശവും ലഡാക്കിനായി മറ്റൊരു കേന്ദ്രഭരണ പ്രദേശവും, രൂപീകരിക്കുകയും ചെയ്തു. വലിയ സംഘര്‍ഷങ്ങളുണ്ടാവുമെന്ന് കരുതിയ കശ്മീരിനെ ജീവനാശമില്ലാതെ നിയന്ത്രിച്ചു നിര്‍ത്താനും കേന്ദ്രസര്‍ക്കാരിന് സാധിച്ചു.
അയോധ്യാവിധി: നൂറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷം അയോധ്യാവിഷയത്തില്‍ ഹിന്ദു ജനകോടികള്ക്കനുകൂലമായ സുപ്രീംകോടതി വിധി ഉണ്ടായത് നവംബര്‍ 9നാണ്. അയോധ്യയിലെ തര്‍ക്കപ്രദേശത്തിന് പുറമേ ചുറ്റുമുള്ള പ്രദേശങ്ങളും ചേര്‍ത്ത് വലിയ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ ചുമതലപ്പെടുത്തുന്നതായിരുന്നു അയോധ്യയിലെ പരമോന്നത കോടതിയുടെ തീര്‍പ്പ്. ക്ഷേത്ര നിര്‍മ്മാണം മൂന്നുമാസത്തിനകം ആരംഭിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമം: പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയത് ഡിസംബര്‍ 11നാണ്. 105നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ കടന്നത്. ലോക്സഭ നേരത്തെ പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമമായി.
പൗരത്വം നല്കുന്ന ബില്ലാണ്, പൗരത്വം റദ്ദാക്കുന്ന ബില്ലല്ല കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതെന്നും, മുസ്ലിംകളെ ഭയചകിതരാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള കള്ളപ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നതെന്നും ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ അക്ഷരംപ്രതി തുടര്‍ദിവസങ്ങളില്‍ സത്യമായ സ്ഥിതിയും രാജ്യം കണ്ടു. മുസ്ലിംകളെ രാജ്യത്തുനിന്ന് പുറത്താക്കാന്‍ പോവുകയാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചാരണം വിശ്വസിച്ച് വിവിധ നഗരങ്ങളില്‍ മുസ്ലിംകള് തെരുവിലിറങ്ങി. ഇടതുപക്ഷവും നക്സലുകളും നിയന്ത്രിച്ച പ്രചാരണങ്ങള്‍ കൂടി ആയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സത്യം മനസ്സിലാക്കാതെ ആളുകള്‍ പ്രതിഷേധവുമായിറങ്ങി. ദേശീയ പൗരത്വ രജിസ്റ്ററുമായി പൗരത്വ നിയമ ഭേദഗതിയെ കൂട്ടിക്കെട്ടി നടത്തിയ പ്രചാരണം മതന്യൂനപക്ഷ വിഭാഗങ്ങളെ ആശങ്കയിലാക്കി. ഇതിന് പിന്നാലെ പത്തുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന കാനേഷുമാരി കണക്കെടുപ്പിനെ പോലും എന്‍ആര്‍സിയുമായി ബന്ധപ്പെടുത്തി പ്രചാരണങ്ങള്‍ തുടര്‍ന്നു പോരുകയാണ്. എന്നാല്‍ ദിവസങ്ങള്‍ മാത്രം നീണ്ട പ്രതിഷേധങ്ങള്‍ തെല്ലൊന്നടങ്ങിയപ്പോള്‍ ജനങ്ങള്‍ സത്യം തിരിച്ചറിയുന്ന അവസ്ഥ വന്നു. എന്‍ആര്‍സിയും തടങ്കല്‍ കേന്ദ്രങ്ങളും തുടങ്ങിയത് കോണ്‍ഗ്രസ് നയമനുസരിച്ചാണെന്ന യുപിഎ സര്‍ക്കാരിന്റെ കാലത്തെ രേഖകള്‍ കൂടി പുറത്തുവന്നതോടെ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മുന്നില്‍ നാണംകെട്ടു. വ്യാജപ്രചാരണങ്ങളുമായി ഒരു വിഭാഗം മുന്നോട്ടു പോകുമ്പോഴും അയല്‍രാജ്യങ്ങളിലെ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു തന്നെയാണ്. 2019 അവസാനിക്കുന്ന ദിനങ്ങളിലും രണ്ടാം മോദി സര്‍ക്കാരിന്റെ നയപരിപാടികളും തീരുമാനങ്ങളും തന്നെയാണ് ദേശീയ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: