2019 പ്രതീക്ഷയ്ക്കു വക നല്‍കാതെ കടന്നുപോകുന്നു. പോയവര്‍ഷത്തെ സര്‍ഗശൂന്യതയെ അയവിറക്കുമ്പോള്‍ വന്ധ്യമായ ഓര്‍മകള്‍ നമുക്കു സമ്മാനിച്ചുകൊണ്ടു മുന്‍വര്‍ഷങ്ങളെപ്പോലെ തന്നെ മലയാളിക്ക് അഭിമാനിക്കാനൊന്നുമില്ലാതെ 2019-ഉം കടന്നുപോകുന്നു. പ്രതിഭകള്‍ ചവിട്ടിത്താഴ്ത്തപ്പെടുകയും രാജ്യവിരുദ്ധത മാത്രം സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ മാനദണ്ഡമായി വാഴ്ത്തപ്പെടുകയും ചെയ്യുന്ന കേരളീയന്റെ സാംസ്കാരിക ജീവിതത്തിന് ഈ വര്‍ഷവും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അനുനിമിഷം കേരളത്തെ വട്ടമിട്ടുകൊണ്ടിരിക്കുന്ന മതതീവ്രവാദത്തെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടാതെ അവാര്‍ഡുകളിലേക്കു മാത്രം കണ്ണുംനട്ടിരിക്കുന്ന സാംസ്കാരിക നായകന്മാര് തങ്ങളുടെ അവിശുദ്ധ സാംസ്കാരിക വ്യായാമങ്ങള്‍ ഈ വര്‍ഷവും തുടര്‍ന്നു. ഫാസിസ്റ്റ് വേട്ടയ്ക്കു കോപ്പുകൂട്ടി അവര്‍ അവാര്‍ഡുകളില്‍ അഭിരമിച്ചു. പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും അടിമുടി വിഭിന്നരായി കപടവ്യക്തിത്വം പൊതുസമൂഹത്തിനു സമ്മാനിച്ച് അവര്‍ കൃതാര്‍ത്ഥരായി.
പോയ വര്‍ഷത്തെ ഇളക്കിമറിച്ച ഏറ്റവും വലിയ സാംസ്കാരിക വിക്ഷോഭം പൊതുവെ രാജ്യസ്നേഹിയായി അറിയപ്പെട്ടിരുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ രാജ്യദ്രോഹ പക്ഷത്തേയ്ക്കുള്ള ചുവടുമാറ്റമാണ്. എന്താണദ്ദേഹത്തിന്റെ ലക്ഷ്യം എന്നാര്‍ക്കും പിടികിട്ടിയിട്ടില്ല. 2016-ല്‍ ജെ.സി. ഡാനിയല്‍ പുരസ്കാരം കൂടി നേടിക്കഴിഞ്ഞ സ്ഥിതിക്ക് കേരളത്തില്‍നിന്നും ഒന്നുമിനി കിട്ടാനില്ല. ഇന്ത്യയില്‍ എവിടെയും മതപരമായ പ്രശ്നങ്ങളുടെ കാര്യത്തില്‍ ഏതെങ്കിലും സംഘര്‍ഷം ഇപ്പോള്‍ നടക്കുന്നില്ല. എന്നിട്ടും ഇരുട്ടത്ത് കറുത്ത പൂച്ചയെ തപ്പുന്ന രീതിയില്‍ രാമചന്ദ്ര ഗുഹ എന്ന സന്ദിഗ്ദ്ധ വ്യക്തിത്വത്തിന്റെ കീഴില്‍ നിര്‍മലമായ ഒരു ഭൂതകാലമുള്ള, ഈ ലോകചലച്ചിത്രകാരന്‍ എങ്ങനെ പെട്ടുപോയി എന്നു നാമേവരും സന്ദേഹിച്ച വര്‍ഷമാണ് 2019.
വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും വലിയ സംശുദ്ധിയൊന്നും പാലിക്കാന്‍ താല്‍പ്പര്യം കാണിക്കാത്ത തരൂര്‍ തന്റെ ഇംഗ്ലീഷ് ഭാഷാ പാണ്ഡിത്യം കൊണ്ട് മലയാളികളെ വിസ്മയിപ്പിക്കുന്ന ഒരു സ്ഥിരം പതിവുണ്ട്. ജനിച്ചകാലം മുതല്‍ പരിശീലിച്ച ഭാഷയില്‍ ഒരാള്‍ പണ്ഡിതനാകുന്നതില് വലിയ അദ്ഭുതമില്ലെങ്കിലും ഇംഗ്ലീഷിനെ വരുതിയിലാക്കുന്നതില്‍ തരൂരിനുള്ള വൈദഗ്ദ്ധ്യം സമ്മതിക്കാതെ തരമില്ല. തരൂര്‍ സൃഷ്ടിച്ച പദങ്ങളും ശൈലികളുമെല്ലാം ലോകം മുഴുവന്‍ സ്വീകരിക്കപ്പെടുന്നുവെന്നു കാണുമ്പോള്‍ ബഹുമാനിക്കാതെ വയ്യ. തരൂരിന്റെ രാഷ്ട്രീയ നിലപാടുകള്‍ അസ്വീകാര്യമാണെങ്കിലും ‘ഗ്രേറ്റ് ഇന്ത്യന്‍ നോവലി’ലൂടെ ഇന്ത്യയെ അവമതിക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനെ അനര്‍ഹമെന്നു പറയാനാവില്ല.
മധുസൂദനന് നായര്‍ തന്റെ മനോഹര ശബ്ദത്താല്‍ കവിതയെ ജനകീയമാക്കിയ കവിയാണ്. ചൊല്ക്കവികള് എന്ന പേരില്‍ ഒരു കൂട്ടം കവികള്‍ ലളിതഗാനങ്ങള്‍ എഴുതി പ്രചരിപ്പിച്ച് മഹാകവികളായി നടക്കുന്ന കേരളത്തില്‍ മധുസൂദനന് നായരുടെ കവിതയ്ക്കുള്ള സംസ്കാര സൗഹൃദം അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നുണ്ട്. ഭാരത സംസ്കാരത്തില്‍ നിന്നും ബിംബങ്ങള്‍ സ്വീകരിക്കുകവഴി ഭാരതീയതയുടെ കവിയായി സ്വയം പ്രഖ്യാപിക്കുന്ന മധുസൂദനന് നായര്‍ക്കു ലഭിച്ച കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും അര്‍ഹതയുടെ അംഗീകാരം തന്നെ. അക്കിത്തം, സച്ചിദാനന്ദന്, ബാലചന്ദ്രന് ചുള്ളിക്കാട് ഇവര്‍ നാടുനീങ്ങിയാല് മികച്ച കവിതകള്‍ നമുക്കു ലഭിക്കുമോ എന്നു സന്ദേഹിക്കുന്നവര്‍ക്ക് ഒരുത്തരം 2019 ലും ലഭിക്കുന്നില്ല എന്നതു ശ്രദ്ധേയമാണ്.
‘ആനന്ദ്’ എന്ന സച്ചിദാനന്ദനില്‍ എത്തിച്ചേര്‍ന്ന എഴുത്തച്ഛന് പുരസ്കാരം ‘പാത്രമറിഞ്ഞുള്ള ഭിക്ഷ തന്നെ.’ ആധുനികത എന്ന പേരില്‍ മലയാളത്തില്‍ കൊട്ടിഘോഷിക്കപ്പെട്ട അസ്തിത്വവാദാനുകരണ സമന്വയത്തില്‍ വ്യത്യസ്തതയും കാമ്പുമുണ്ടായിരുന്നത് ആനന്ദിനുതന്നെ. എഴുത്ത് വൈകാരികതയുടെ മാത്രം കലയൊന്നുമല്ലെന്നും, അത് ബൗദ്ധികതയുടേതു കൂടിയാണെന്നും ആനന്ദ് നമുക്കു ബോധ്യപ്പെടുത്തിത്തന്നു. ഗോവര്‍ദ്ധന്റെ യാത്രകളും ജൈവ മനുഷ്യനും ആള്‍ക്കൂട്ടവും മരണ സര്‍ട്ടിഫിക്കറ്റും അഭയാര്‍ത്ഥികളും തുടങ്ങി എഴുത്തില്‍ തന്റെ നൈരന്തര്യം സൂക്ഷിക്കാന്‍ കഴിഞ്ഞ ആനന്ദ് മടിച്ചുമടിച്ചാണെങ്കിലും സത്യത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന എഴുത്തുകാരനാണ്. ഭാരതചരിത്രത്തെ കുറച്ചൊക്കെ ‘നഗ്ന’മായി നോക്കിക്കാണാന്‍ പ്രബന്ധങ്ങളില്‍ മാത്രമല്ല നോവലുകളിലും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. നിരന്തരാക്രമണങ്ങളെ ഭയന്ന് കപടസഖ്യങ്ങളില് ചേര്ന്ന്പലപ്പോഴും സര്‍ഗാത്മകതയെ അതിവര്ത്തിക്കാറുണ്ടെങ്കിലും സ്വന്തം ശൈലി സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞ അപൂര്‍വ പ്രതിഭാശാലിയാണ് ആനന്ദ്.
വള്ളത്തോള്‍ എന്ന മഹാപ്രതിഭാശാലിയായ കവിയുടെ പേരില്‍ നല്കുന്ന പുരസ്കാരം വെറും ഒരു ചെറുകഥാകൃത്തിനു നല്‍കിയത് 2019 ന്റെ വികൃതികളില്‍ ഒന്നായി നമുക്കു കണക്കാക്കാം. വിവാദങ്ങളിലൂടെ ജീവിക്കുന്നവരാണ് മലയാളത്തിലെ ചെറുകഥാകൃത്തുകളില്‍ പലരും. കാര്യമായ എന്തെങ്കിലും സാംസ്കാരിക സംഭാവന നല്‍കാത്ത പലരും ഭാരതീയതയെ നിരന്തരം ആക്ഷേപിച്ച് കേരളത്തിലെ ദേശവിരുദ്ധ മാധ്യമങ്ങളുടെ പ്രിയഭാജനങ്ങളായി ജീവിക്കുന്നു. പുതിയ കഥയെഴുതുന്നതിനേക്കാള്‍ പുതിയ വിവാദമുണ്ടാക്കാന്‍ എന്താണ് മാര്‍ഗ്ഗം എന്നന്വേഷിച്ച് നടക്കുന്ന ഇവര്‍ എന്നും തലക്കെട്ടുകളില്‍ നിറഞ്ഞുനില്ക്കാന് പ്രാപ്തിയുള്ളവരാണ്. ലോകത്തിലെ വിഖ്യാത ചെറുകഥാകൃത്തുക്കളൊക്കെ നോവലുകളും നാടകങ്ങളും പ്രബന്ധങ്ങളും ഒക്കെ രചിച്ചവരാണ്. മലയാളികള്‍ ഭൂമിയിലെ ഏറ്റവും വലിയ ചെറുകഥാകൃത്തായിക്കാണുന്ന ചെക്കോവ് റഷ്യക്കാര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട നാടകകൃത്താണ്. ചെറുകഥ മാത്രമെഴുതി പിന്നെ വിവാദങ്ങള്‍ ഉണ്ടാക്കി ഒന്നാംനിര എഴുത്തുകാരുടെ കൂട്ടത്തില്‍ ഇടംപിടിക്കുന്ന മലയാളത്തിലെ ചെറുകഥാകൃത്തുക്കളുടെ ഞാണിന്മേല്ക്കളി അത്യപാരം.
വീരേന്ദ്ര കുമാറിന്റെ സ്വന്തം അവാര്‍ഡായ മാതൃഭൂമി പുരസ്കാരം അദ്ദേഹം ഇത്തവണയും ഇഷ്ടക്കാരനു തന്നെ പങ്കുവച്ചു. തൃക്കോട്ടൂര്‍ പെരുമയുടെ എഴുത്തുകാരന് അതിനര്ഹനല്ല എന്നാരും പറയുമെന്നു തോന്നുന്നില്ല. ഇടതു സാംസ്കാരിക സംഘടനയുടെ മുകളിലിരുന്നുകൊണ്ട് തന്റെ മതനിലപാടുകള്‍ കലവറയില്ലാതെ തുറന്നടിക്കുന്ന യു.എ. ഖാദര്‍ ഭൂരിപക്ഷ മതത്തില്‍ ജനിച്ചയാളായിരുന്നുവെങ്കില് സാംസ്കാരിക മേഖലയില്‍ നിന്നുതന്നെ പുറത്താക്കപ്പെടുമായിരുന്നു.
പോയവര്‍ഷത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ആരും കാര്യമായെടുത്തിട്ടുണ്ടാവില്ല. ഭരണകക്ഷിയുടെ പ്രിയപ്പെട്ട വര്‍ഷമായി നീക്കിവയ്ക്കുമെന്ന് മുന്‍കൂട്ടി അറിയാവുന്നതിനാല്‍ പിഎസ്സി പരീക്ഷയ്ക്കു പഠിക്കുന്ന കുട്ടികള്‍ മാത്രമേ അതൊക്കെ ഓര്ത്തുവയ്ക്കാനിടയുള്ളൂ. വി.ജെ. ജെയിംസ് നോവലിനും (നിരീശ്വരന്)വീരാന്‍കുട്ടി കവിതയ്ക്കും (മിണ്ടാപ്രാണി) അയ്മനം ജോണ്‍ ചെറുകഥയ്ക്കു (ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം) പുരസ്കൃതരായത് കേരളത്തിലെ വായനാ സമൂഹം അറിഞ്ഞോ എന്നുതന്നെ സംശയമാണ്. വയലാര്‍ അവാര്‍ഡു ജെയിംസിന്റെ നിരീശ്വരന് കിട്ടിയതില്‍ ആ കൃതിയെ വായനയില്‍ നിന്നും ഒഴിവാക്കാന്‍ പറ്റാതെ വന്നു.
മഹാരഥന്മാരെ സംഭാവന ചെയ്ത കേരളത്തിന്റെ, എഴുത്തു ഭൂമിക 2019-ല്‍ ഏതാണ്ടു പൂര്‍ണമായി സ്തംഭിച്ചു നില്‍ക്കുന്നതാണ് നമ്മള് കാണുന്നത്. മതേതരത്വം എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന ന്യൂനപക്ഷ വര്‍ഗീയ ഭ്രാന്ത് നമ്മുടെ സാംസ്കാരിക മേഖലയെ ആകെ വിഴുങ്ങിയിരിക്കുന്നതിനാല്‍ സ്വതന്ത്രമായ എഴുത്ത് വലിയ ഒരളവുവരെ അസാധ്യമാണ് കേരളത്തില്‍. സത്യസന്ധമായ എഴുത്തിനെ ഫാസിസ്റ്റ് എന്നു വിളിച്ച് തളര്‍ത്തിക്കളയുന്ന നവമാധ്യമച്ചാവേറുകളില്നിന്നു രക്ഷനേടാനാവാതെ വിങ്ങുന്ന നമ്മുടെ സംസ്കാരനായകര്ക്ക് എന്നാണാവോ ‘ആസാദി’ ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: