തിരുവനന്തപുരം: നുഴഞ്ഞുകയറ്റക്കാരെ പാര്‍പ്പിക്കാന്‍ കേരളത്തില്‍ തടങ്കല്‍പാളയങ്ങള്‍ (ഡിറ്റന്‍ഷന്‍ സെന്ററുകള്‍) നിര്‍മിക്കാന്‍ നടപടി തുടങ്ങിവച്ചത് മുസ്ലിം ലീഗ്. എന്‍ഡിഎ സര്‍ക്കാരിനെതിരെ നുണപ്രചരണം നടത്തുന്ന ലീഗിന്റേയും കോണ്‍ഗ്രസ്സിന്റെയും ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്.
2012ല്‍ അന്നത്തെ യുപിഎ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം കേരളത്തില്‍ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ നടപടി സ്വീകരിച്ചത് യുഡിഎഫ് സര്‍ക്കാരിലെ മുസ്ലിംലീഗ് മന്ത്രി എം.കെ. മുനീര്‍ ആയിരുന്നെന്ന് രേഖകള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ഇന്നലെ പുറത്തു വിട്ട പ്രസ്താവനയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാവുന്നത്.
കേരളത്തില്‍ തടങ്കല്‍പ്പാളയങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്തയ്ക്കുള്ള വിശദീകരണം ആയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ പ്രസ്താവന പുറത്തിറക്കിയത്. 2012 ആഗസ്റ്റിലാണ് ഡിറ്റന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കണം എന്ന് യുപിഎ സര്‍ക്കാര്‍ എല്ലാ സംസ്ഥാനത്തെയും ആഭ്യന്തര സെക്രട്ടറിമാര്‍ക്ക് കത്തയച്ചതെന്നും തുടര്‍ നടപടി സ്വീകരിച്ചെന്നും ഈ പ്രസ്താവനയില്‍ പറയുന്നു. ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോഴാണ് ഈ കത്ത് അയച്ചത്. കത്ത് സ്വീകരിച്ച് കേരളത്തില്‍ തുടര്‍ നടപടി സ്വീകരിച്ചത് അന്ന് സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന മുസ്ലിംലീഗിന്റെ എം.കെ.മുനീറും. മുസ്ലിം ലീഗിന്റെ ഇ. അഹമ്മദ് വിദേശകാര്യ സഹമന്ത്രിയും ആയിരുന്നു.
അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നവര്‍, വിസയുടെയോ, പാസ്പോര്‍ട്ടിന്റേയോ കാലാവധി തീര്‍ന്ന ശേഷവും രാജ്യത്ത് തുടരുന്നവിദേശികള്‍, ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി അവരുടെ രാജ്യത്ത് തിരിച്ചുപോകുന്നതിനുള്ള നിയമനടപടികള്‍ക്കായി കാത്തിരിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടുന്നതുവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ തടങ്കല്‍പ്പാളയങ്ങള്‍ സ്ഥാപിക്കണന്നും ഇതിനായുള്ള പദ്ധതി സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് 2015 നവംബര്‍ നാലിന് ആഭ്യന്തര വകുപ്പ് യോഗം വിളിച്ചു. അന്നത്തെ ഡിജിപി, എഡിജിപിഇന്റലിജന്‍സ്, ജയില്‍ ഐജി ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് അടിയന്തിരമായി തടങ്കല്‍പ്പാളയം സ്ഥാപിക്കാന്‍ നിശ്ചയിച്ചത് ആ യോഗത്തിലാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
തടങ്കല്‍പ്പാളയങ്ങള്‍ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലാവണമെന്നും കെട്ടിടം കണ്ടെത്തണമെന്നും തീരുമാനിച്ചു. സ്റ്റാഫിനെ പോലീസ് വകുപ്പ് നിശ്ചയിക്കാനും പോലീസ്-ജയില്‍ വകുപ്പുകള്‍ക്ക് പുറത്ത് മതി തടങ്കല്‍പ്പാളയങ്ങള്‍ എന്നും തീരുമാനിച്ചു. ഇതിനാവശ്യമായ ശുപാര്‍ശ സമര്‍പ്പിക്കാന്‍ 2016 ഫെബ്രുവരി 29ന് സാമൂഹ്യനീതി ഡയറക്ടറെ ചുമതലപ്പെടുത്തി.
തടങ്കല്‍പ്പാളയത്തിനായി സാമൂഹ്യനീതി ജില്ലാ ഓഫീസറും ജില്ലാ പോലീസ് സൂപ്രണ്ടും ചേര്‍ന്ന മാനേജിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. എത്രപേരെ പാര്‍പ്പിക്കേണ്ടിവരും എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോട് സെക്രട്ടേറിയേറ്റിലെ സാമൂഹ്യനീതി വകുപ്പ് ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഈ വിശദാംശങ്ങള്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയോടും ചോദിച്ചു. ഇതു സംബന്ധിച്ച ഒരു വിവരവും റെക്കോര്‍ഡ്സ് ബ്യൂറോ ഇതുവരെ നല്‍കിയിട്ടില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: