ആരാണ് നാസി ഹിറ്റ്ലറെ പോലെ ആളുകളെ പാര്‍പ്പിക്കാന്‍ ഇന്ത്യയില്‍ ഡിറ്റെന്‍ഷന്‍ ക്യാമ്പുകള്‍ തുടങ്ങി വച്ചത് എന്നു സര്‍ക്കാര്‍ രേഖകള്‍ സംസാരിക്കട്ടെ. ലോക്സഭയില്‍ വെച്ച തെളിവുകള്‍ അടിസ്ഥാനമാക്കി പറയാം: വര്‍ഷം 2011. ഇന്ത്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍. പ്രധാനമന്ത്രി മന്മോഹന് സിങ്. അസം മുഖ്യമന്ത്രി, കോണ്‍ഗ്രസുകാരനായ തരുണ്‍ ഗോഗോയ്. തുടര്‍ച്ചയായി മൂന്നാം വട്ടവും മുഖ്യമന്ത്രി ആയി അധികാരമേറ്റ സമയം. അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരമായിരുന്നു. അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മലയാളിയായ കോണ്‍ഗ്രസ് നേതാവ്, ഇന്നത്തെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും.
മേല്‍പ്പറഞ്ഞവരില്‍ ബിജെപിക്കാരില്ല. നരേന്ദ്ര മോദിയോ അമിത് ഷായോ ഇല്ല എന്നതും ഉറപ്പ്. ഇനി തുടര്‍ന്ന് വായിക്കാം…
അസമിലെ ഗോല്‍പാര, കോക്രാജെര്‍, സില്‍ചര്‍ എന്നീ സ്ഥലങ്ങളില്‍ രേഖകള്‍ ഇല്ലാതെ ഇന്ത്യയില്‍ തങ്ങുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവരെ തടവില്‍ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ മൂന്നു തടവറകള്‍ പണിയുന്നു. ആഭ്യന്തരമന്ത്രാലയ രേഖകള്‍ പ്രകാരം 2011 നവംബര്‍ വരെ, 362 പേരെ അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തി ഈ ക്യാമ്പുകളില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഗോല്‍പോരാ ക്യാമ്പില്‍ 221 പേരും കോക്രാജെറില്‍ 79 പേരും സില്‍ചര്‍ ക്യാമ്പില്‍ 78 പേരുമാണ് അന്ന് കോണ്‍ഗ്രസ് ഭരണ കാലത്ത് തടങ്കലില്‍ അടയ്ക്കപ്പെട്ടിരുന്നത്. ഈ തടവറകള്‍ ഉണ്ടായതും രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയുടെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ആണ്, അവിടെ ആളുകളെ പാര്‍പ്പിച്ചിരുന്നതും ആ സംസ്ഥാനം കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കുമ്പോഴാണ്.
ഈ തടവുകാരെ പിന്നീട് ബംഗ്ലാദേശിന് തിരികെ കൈമാറാന്‍ ബംഗ്ലാദേശുമായി ധാരണയില്‍ എത്തി എന്നു പറയുന്നുണ്ട് എങ്കിലും പിന്നീട് അതേക്കുറിച്ച് അറിയില്ല, കേട്ടിട്ടുപോലും ഇല്ല എന്നൊക്കെയല്ലേ കോണ്‍ഗ്രസ് പറയുന്നത്..മേല്പറഞ്ഞ വിവരങ്ങള്‍ മുഴുവനും, ലോക്സഭയിലെ ചോദ്യോത്തര വേളയില്‍ അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് രേഖാമൂലം നല്കിയ മറുപടിയിലാണുള്ളത്. സഭാ രേഖയാണ്, മന്ത്രാലയ രേഖയാണ്. നിഷേധിക്കാന്‍ കഴിയില്ല..
ഇനി കോണ്‍ഗ്രസുകാര്‍ പറയട്ടെ ഈ ചോദ്യങ്ങള്‍ക്ക് മറുപടി: നിങ്ങള്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന അനധികൃത കുടിയേറ്റക്കാര്‍ എവിടെയാണ്? അവരെ ബംഗ്ലാദേശ് സര്‍ക്കാരിന് കൈമാറിയോ? അവര്‍ ജീവനോടെ ഉണ്ടോ, അതോ ഇപ്പോഴും ഏതെങ്കിലും തടവറയിലാണോ? അവരെ തിരിച്ചയച്ചില്ല എങ്കില്‍ എന്തു കൊണ്ട്? ഇനി ആവരെ വിട്ടയച്ചുവെങ്കില്‍, അനധികൃത തടവുകാരെ വിട്ടയച്ചത് ഏതു നിയമപ്രകാരമാണ്?
അതായത്, ബംഗ്ലാദേശില്‍നിന്നുവന്ന, അഭയാര്‍ഥികളുടെ ജീവിതം ഒടുക്കിയതിന്റെ, ആ ഫാസിസ്റ്റ് രക്തക്കറ കോണ്‍ഗ്രസുകാരുടെ കൈയില്‍ത്തന്നെയാണ്. ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ തുറന്നതും അവിടെ ആളുകളെ പാര്‍പ്പിച്ചതും അനധികൃത കുടിയേറ്റക്കാരെ പിടിച്ചതും എല്ലാം നിങ്ങള്‍ ആണ്, കോണ്‍ഗ്രസാണ്.
ഇനി കോണ്‍ഗ്രസിന്റെ പുതിയകാല മിത്രം കമ്യൂണിസ്റ്റുകളുടെ കാര്യമെടുക്കാം. ഒരുകനല്‍ത്തരിയായി ശേഷിക്കുന്ന കമ്യൂണിസ്റ്റ് ഭരണമുള്ള കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അസമിനു ശേഷം അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ ‘തടങ്കല്‍ പാളയങ്ങള്‍’ (ഡിറ്റന്‍ഷന്‍ സെന്ററുകള്‍) ഉണ്ടാക്കുന്നത്.
കേരളത്തിലെ സാമൂഹ്യ ക്ഷേമ വകുപ്പിനാണ് ഇത്തരം തടവറകള്‍ ഉണ്ടാക്കുന്നതിന് ഉള്ള ചുമതല. നിലവില്‍ സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ ഇത്തരം തടവറകള്‍ ഇല്ലാത്തത് കൊണ്ട് എത്രയും വേഗം അത്തരത്തില്‍ ഒന്നു പണിയുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യും എന്നാണ് ‘ദ് ഹിന്ദു’ പത്രത്തിന്റെ ലേഖകനോട് കേരള സാമൂഹ്യ വകുപ്പിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന് വെൡപ്പെടുത്തിയത്. എന്തായാലും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അത് മുന്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നുവെന്ന് വാദത്തിന് പറയുമായിരിക്കാം. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീറിന്റെ തീരുമാനപ്രകാരമായിരുന്നുവെന്നും വിശദീകരിച്ചേക്കാം. പക്ഷേ, ഈ പത്ര വാര്‍ത്തവരുംവരെ ആ തീരുമാനം നടപ്പാക്കുകയായിരുന്നു പിണറായി വിജയനും സിപിഎമ്മും എന്നതാണ് പ്രധാനം.
ഇത്തരത്തില്‍ തടവറകള്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും തുടങ്ങണം എന്നും രേഖകള്‍ ഇല്ലാതെ രാജ്യത്തു കഴിയുന്നവരെ പിടികൂടി ഇത്തരം തടവില്‍ പാര്‍പ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ 2008, 2011, 2014 എന്നീ സമയങ്ങളില്‍ ഉത്തരവുകള്‍ ഇറക്കിയിരുന്നു. ഡിറ്റന്‍ഷന്‍ സെന്ററുകള്‍ തുറക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കുന്ന ആദ്യ സര്‍ക്കുലര്‍ ഇറങ്ങിയത് 2008ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. ഒന്നാം യുപിഎ സര്‍ക്കാരില്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുമുണ്ടായിരുന്നുവെന്നോര്‍ക്കണം. അതായത് പിണറായി വിജയന്റെയും നേതാവായിരുന്ന പ്രകാശ് കാരാട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന കാലം, ഇന്നത്തെ ജനറല്‍ സെക്രട്ടറിയും കേന്ദ്ര സര്‍ക്കാരിന് ഒപ്പമായിരുന്ന കാലം എടുത്തതാണ് തടവറകള്‍ പണിയല്‍ തീരുമാനം എന്നര്‍ഥം. ബംഗ്ലാദേശികള്‍ക്ക് പൗരത്വം നല്‍കണമെന്ന് കത്തെഴുതിയ പ്രകാശ് കാരാട്ടുതന്നെയാണ് ബംഗ്ലാ അഭയാര്‍ഥികളെ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ അടയ്ക്കാന്‍ രാജ്യമെമ്പാടും തടവറ പണിയാന്‍ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് തീരുമാനമെടുപ്പിച്ചത്. ബംഗ്ലാ അഭയാര്‍ഥികളുടെ ചോര കോണ്‍ഗ്രസിന്റെ കൈകളില്‍ മാത്രമല്ല, കമ്യൂണിസ്റ്റുകളുടെ മേലാകെയുമുണ്ടെന്നു വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: