വഡോദര: പാകിസ്ഥാനില്‍ നിന്ന് വെട്ടുകിളികള്‍ കൂട്ടത്തോടെ ഗുജറാത്തിലെ വയലുകളിലെത്തി വിളകള്‍ തിന്നുതീര്‍ക്കുന്നെന്ന് റിപ്പോര്‍ട്ട്. പ്രശ്നം രൂക്ഷമായതിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ ഗുജറാത്തിലേക്ക് അയച്ചിട്ടുണ്ട്.
മേയ് മാസം മുതലാണ് കൂട്ടത്തോടെയുള്ള വെട്ടുകിളി ആക്രമണം ശ്രദ്ധയില്‍പ്പെട്ടത്. ഇന്ത്യയില്‍ സാധാരണഗതിയില്‍ ഒക്ടോബര്‍ അവസാനത്തോടെ വെട്ടുകിളി ആക്രമണം കുറയേണ്ടതാണ്. എന്നാല്‍ ഈ വര്‍ഷം അതുണ്ടായില്ല. മാത്രമല്ല, പാക് പ്രദേശത്ത് നിന്ന് വെട്ടുകിളികള്‍ കൂട്ടത്തോട രാജസ്ഥാനിലേക്ക് എത്തുകയായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. പുല്‍ച്ചാടിക്ക് സമാനമായ ചെറുജീവികളാണ് വെട്ടുകിളികള്‍.
പടിഞ്ഞാറന്‍ രാജസ്ഥാനിലും വെട്ടുകിളി ആക്രമണം ശക്തമായിട്ടുണ്ട്. ജയ്സാല്‍മിര്‍, ബാര്‍മെര്‍, ജലോര്‍, ജോധ്പുര്‍, ബിക്കാനിര്‍, ശ്രീഗംഗാനഗര്‍ തുടങ്ങിയ ജില്ലകളിലാണ് ആക്രമണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേലോട്ട് പറഞ്ഞു. പാക്കിസ്ഥാനിലെ മരുപ്രദേശങ്ങളില്‍ നിന്നാണ് വെട്ടുകിളികള്‍ കൂട്ടത്തോടെ എത്തുന്നതെന്ന് വിദഗ്ധ സംഘം പറഞ്ഞു.
















