ന്യൂദല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) രാജ്യവ്യാപകമായി നടപ്പാക്കാന്‍ തീരുമാനിച്ചത് ഒന്നാം യുപിഎ സര്‍ക്കാരെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ ജനസംഖ്യാ രജിസ്റ്ററിനെയും ദേശീയ പൗരത്വ രജിസ്റ്ററെന്ന് തെറ്റിദ്ധരിപ്പിച്ച് രാജ്യത്ത് കലാപമഴിച്ചുവിട്ട കോണ്‍ഗ്രസ്, രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. 2008-09ലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയ റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) 2011ല്‍ ആദ്യമായി നടപ്പാക്കിയതും രണ്ടാം യുപിഎ സര്‍ക്കാരാണ്. എന്‍പിആര്‍ നടപ്പാക്കിയ ശേഷം എന്‍ആര്‍സി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് 2008-09 കാലത്തെ ആഭ്യന്തരമന്ത്രാലയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനായി പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍പ്പെടുത്തി 300 കോടി രൂപയും യുപിഎ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു.
എന്‍പിആര്‍ നടപ്പാക്കുന്നത് എന്‍ആര്‍സിക്ക് മുന്നോടിയായാണെന്ന് 2012ല്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജിതേന്ദ്രസിങ് ലോക്‌സഭയിലെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി വ്യക്തമാക്കിയ രേഖയും പുറത്തുവന്നിട്ടുണ്ട്. 2012 ആഗസ്ത് 28ന് ലോക്‌സഭാംഗങ്ങളായ യോഗി ആദിത്യനാഥ്, ഹരീന്‍ പാഠക് എന്നിവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് ഇക്കാര്യം യുപിഎ സര്‍ക്കാര്‍ വിശദീകരിച്ചത്. എന്‍പിആര്‍ മാത്രമേ തങ്ങളുടേതുള്ളെന്നും എന്‍ആര്‍സി എന്ന ആശയം കോണ്‍ഗ്രസ്സിന്റേതല്ലെന്നുമായിരുന്നു ഇതുവരെയുള്ള വാദം. എന്നാല്‍ ഇതെല്ലാം തെളിയിക്കുന്നതാണ് പുറത്തുവന്ന രേഖകള്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയ കോണ്‍ഗ്രസ് നേതൃത്വം പുതിയ തെളിവുകള്‍ വന്നതോടെ പ്രതിരോധത്തിലായി.
കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരം അടക്കമുള്ളവര്‍ എന്‍പിആറിന് ശേഷം ദേശീയ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിരുന്നെന്നും ബിജെപി രേഖകള്‍ സഹിതം വിശദീകരിച്ചു. എന്‍പിആറിനെ എന്‍ആര്‍സിയുമായി യോജിപ്പിച്ചിട്ടുണ്ടെന്നും ചിദംബരം പത്രസമ്മേളനത്തിലും പറഞ്ഞിരുന്നു. പൗരത്വഭേദഗതി നിയമത്തെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്തെ മുസ്ലിങ്ങളെ തെരുവിലിറക്കിയ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്ന തെളിവുകളാണ് ഇന്നലെ വിവിധ ബിജെപി നേതാക്കള്‍ പുറത്തുവിട്ടത്. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് 2004ല്‍ ആവശ്യപ്പെട്ട രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് 2019ല്‍ ദേശീയ ജനസംഖ്യാ കണക്കെടുപ്പ് പോലും നടത്തില്ലെന്ന് പറയുന്നത് തമാശയാണെന്നും ബിജെപി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: