ഉപനിഷദ്ദാര്‍ശനികരെപ്പോലെ ബൗദ്ധചിന്തകരും ഈ ആനന്ദത്തെ പരോക്ഷമായിട്ടാണെങ്കിലും അടിസ്ഥാനസത്തയായി കരുതി എന്നാണ് ദാസ്ഗുപ്തയുടെ നിഗമനം. ആത്മാവ് (പാലിയില്‍ അത്ത) എന്നൊന്നുണ്ടെങ്കില്‍ അത് ആനന്ദമാകണം എന്നു ബൗദ്ധര് ചിന്തിച്ചു. ആത്മാവ് നാശമില്ലാത്തതും നിത്യവുമാണെന്ന് ഉപനിഷത്തുകള്‍ ഉദ്ഘോഷിച്ചു. ആത്മാവ് ആനന്ദമാകുന്നത് അത് നിത്യമായതുകൊണ്ടാണ് എന്നതായിരുന്നു ബൗദ്ധരുടെ പരോക്ഷമായ നിലപാട്.
ആത്മാ വ് ആനന്ദമാണ് കാരണം അതു നിത്യമാണ് എന്ന ബൗദ്ധരുടെ ഈ യുക്തി ഉപനിഷത്തുകളിലൊന്നും പറഞ്ഞുകാണുന്നില്ല. എങ്കിലും അവയുടെയും അന്തരംഗനിലപാട് ഇതു തന്നെയാണെന്നുറപ്പിക്കാന്‍ ആഴത്തില്‍ ചിന്തിച്ചാല്‍ കഴിയുമെന്നു ദാസ്ഗുപ്ത പറയുന്നു. പക്ഷേ അതിന്റെ പ്രതിയുക്തിയായ നിത്യമല്ലാത്തതെല്ലാം ദു:ഖമാണ് എന്നത് ഉപനിഷത്തുകളിലൊരിടത്തും ഊന്നിപ്പറയുന്നില്ല. മാറ്റം ദുഃഖമാണ്; ദുഃഖമായതൊന്നും ആത്മാവല്ലഎന്നതാണല്ലോ ബുദ്ധോപദേശത്തിന്റെ കാതല്‍.
ഈ ആത്മാവിന്റെ അനുഭവങ്ങളെ വിലയിരുത്തുന്നിടത്തു നിന്നാണ് ഔപനിഷദന്മാരും ബൗദ്ധന്മാരും ആശയപരമായും അനുഷ്ഠാനപരമായും വേര്‍പിരിയുന്നത് എന്നു ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. ആത്മാവുമായി താദാത്മ്യപ്പെടുത്തുന്ന നിരവധി അനുഭവങ്ങളില്‍ പലതും അനിത്യങ്ങളാണ് എന്ന് ഉപനിഷത്തും കരുതുന്നുണ്ട്. പക്ഷേ ആത്മതാദാത്മ്യമുള്ള അനുഭവങ്ങളില്‍ ചിലത് നിത്യങ്ങളാണെന്നും അവയുടെ ഈ നിത്യസത്ത ആണ് സത്യവും മാറ്റമില്ലാത്തതും ആനന്ദഘനവും ആയ ആത്മാവ് എന്നും ഉള്ള വിശ്വാസം ഉപനിഷത്തുകള്‍ പുലര്‍ത്തുന്നു.
ശുദ്ധമായ ആനന്ദമാകുന്ന ഈ നിത്യനായ ആത്മാവിനെ നിര്‍വചിക്കാന്‍ കഴിയുകയില്ല എന്നും ഇതല്ല, ഇതല്ല (നേതി നേതി) എന്നു സൂചിപ്പിക്കുവാനേ കഴിയൂ എന്നും ഔപനിഷദന്മാര്‍ കരുതി. പക്ഷേ പ്രാചീനപാലിസാഹിത്യം പറയുന്നത് നമ്മുടെ അനുനിമിഷം മാറിമറിയുന്ന അനുഭവങ്ങളിലൊന്നും അത്തരത്തില്‍ സ്ഥിരമായ ആത്മാവെന്ന നിത്യസത്തയെ കണ്ടെത്താന്‍ കഴിയില്ല എന്നാണ്. എല്ലാം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന പ്രതിഭാസങ്ങളാണ്; അതിനാല്‍ ദുഃഖമാണ്; അതിനാല്‍ ആത്മാവല്ല;അനാത്മാവ് എന്റേതല്ല; ഞാന്‍ അതിന്റേതല്ല; ആത്മാവെന്ന നിലക്ക് അതെന്റേതുമല്ല എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: