കോടാനുകോടി ഭക്തജനങ്ങള്‍ വര്‍ഷാവര്‍ഷം ദര്‍ശന സായുജ്യത്തിനെത്തുന്ന ശബരിമലയില്‍ വേണ്ട രീതിയിലുള്ള സൗകര്യങ്ങള്‍ ഇല്ലെന്നത് വസ്തുതയാണ്. ഈ തീര്‍ഥാടന വേളയിലും അങ്ങനെ തന്നെയാണ് സ്ഥിതി. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ എക്കാലത്തെയും നിലപാടും പ്രവര്‍ത്തന പദ്ധതികളും ആധ്യാത്മിക കേന്ദ്രങ്ങള്‍ തകര്‍ക്കുകയെന്നതത്രേ. അതില്‍ പക്ഷേ, ഒരു ഇളവ് കിട്ടുന്നത് ഹൈന്ദവേതര ആധ്യാത്മിക കേന്ദ്രങ്ങള്‍ക്കും ദേവാലയങ്ങള്ക്കുമാണ്. തികച്ചും വോട്ടുബാങ്ക് രാഷ്ട്രീയ കാരണങ്ങളാലാണത്.
ശബരിമലയെന്ന ആധ്യാത്മിക പ്രഭാപൂര്‍ണതയെ മുച്ചൂടും നശിപ്പിച്ചേ അടങ്ങൂ എന്നു കരുതുന്ന വിദ്വേഷ ശക്തികള്‍ക്ക് ആളും അര്‍ഥവും ആവേശവും പകരുന്നതാണ് സര്‍ക്കാരിന്റെ നടപടികള്‍. കഴിഞ്ഞ തവണ സുപ്രീംകോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ നോക്കിയവര്‍ ഇത്തവണ മറ്റു ചില നടപടികളിലൂടെ തന്ത്രപരമായി ഭക്തജനങ്ങളില്‍ സങ്കടം നിറയ്ക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഔദ്യോഗിക ഇടപെടലുകളിലൂടെ ഭീകരാവസ്ഥ സൃഷ്ടിക്കുകയും ഭക്തരെ അടിച്ചോടിക്കുകയും ചെയ്തവര്‍ ഇത്തവണ മതിയായ സൗകര്യം ഒരുക്കിക്കൊടുക്കാതെ അവരെ കഷ്ടപ്പെടുത്തുകയാണ്.
അനാവശ്യമായി ഭക്തരെ തടയുക, അവര്‍ വരുന്ന വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയോ ഒരു സൗകര്യവുമില്ലാത്തയിടങ്ങളില് തടഞ്ഞിടുകയോ ചെയ്യുക, അമാന്യമായി പെരുമാറുക, ഭീഷണിപ്പെടുത്തുക, അവഹേളിക്കുക, മര്‍ദ്ദിക്കുക തുടങ്ങി ഒരാധ്യാത്മികാന്തരീക്ഷത്തിന് ചേരാത്ത വളരെയേറെ പെരുമാറ്റദൂഷ്യങ്ങളാണ് ഉണ്ടാവുന്നത്. പതിവുപോലെ ഇക്കാര്യങ്ങളിലൊക്കെ ആരോപണത്തിന്റെ കുന്തമുന നീണ്ടുചെല്ലുന്നത് പോലീസ് വിഭാഗത്തിലേക്കാണ്. കൈയ് മെയ് മറന്ന് സന്നിധാനത്തും പമ്പയിലും ഒട്ടേറെ പോലീസുകാര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. അങ്ങേയറ്റം ആത്മാര്‍ഥതയോടെയാണ് അവര്‍ കര്‍മനിരതരാവുന്നത്. എന്നാല്‍ അവര്‍ക്കുപോലും അപമാനമുണ്ടാക്കുന്ന തരത്തില്‍ അതേ വകുപ്പിലുള്ളവര്‍ പെരുമാറുന്നു എന്നതാണ് സങ്കടകരമായ വസ്തുത.
ലാത്തിയും കാട്ടുകമ്പുകളും ഉപയോഗിച്ച് തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്ന പോലീസിന്റെ നടപടി വ്യാപക പ്രതിഷേധം വിളിച്ചുവരുത്തിയിട്ടുണ്ട്. ശരണപാതയില്‍ മാധ്യമശ്രദ്ധ അധികം പതിയാത്ത മരക്കൂട്ടത്തും ശരംകുത്തിയിലുമാണ് പോലീസിന്റെ പ്രാകൃത രൂപത്തിലുള്ള നിയന്ത്രണം. വ്രതം നോറ്റെത്തുന്ന തീര്‍ത്ഥാടകര്‍ മണിക്കുറുകള്‍ ക്യൂവില്‍ നില്ക്കുമ്പോള് പ്രാഥമിക ആവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനുമായി ക്യൂവിന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് പോലീസിന്റെ ലാത്തിപ്രയോഗം. ശനിയാഴ്ച തുടങ്ങിയ ഗതാഗതക്കുരുക്കിന് ദിവസങ്ങള്‍ പിന്നിടുമ്പോഴും പരിഹാരം കാണാന്‍ പോലിസിന് കഴിയാത്തത് ദുരിതം ഇരട്ടിയാക്കുന്നു. കെഎസ്ആര്‍ടിസി ബസ്സുകള്‍ പമ്പയിലേക്ക് കടത്തിവിടാതായതോടെയാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായത്. ദര്‍ശനം കഴിഞ്ഞ് പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മടങ്ങിപ്പോകുവാന്‍ ആവശ്യത്തിന് സര്‍വ്വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് ഇപ്പോഴും കഴിയുന്നില്ല. ശരണപാതയില്‍ പല സ്ഥലങ്ങളിലും വെള്ളവും ആഹാരവും കിട്ടാതെ തീര്‍ത്ഥാടകര്‍ വലയുകയാണ്.
പതിനെട്ടാംപടി കയറുകയെന്ന ഭക്തന്റെ ജന്മാഭിലാഷത്തിനു മുകളില്‍ കനല്‍കോരിയിടുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് അവിടെ ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ ഭാഗത്തു നിന്നുള്ളത്. നേരത്തെ കേന്ദ്രസേനയ്ക്കും മറ്റും പതിനെട്ടാംപടിയില്‍ ഡ്യൂട്ടി നല്കിയിരുന്നപ്പോള് എത്രമാത്രം ഉത്തരവാദിത്തത്തോടെയാണ് അവരത് നിര്വഹിച്ചിരുന്നതെന്നത് വ്യക്തമാണ്. പരിചയസമ്പന്നരായ പോലീസുകാരെയാണ് അവിടെ നിശ്ചയിച്ചിരുന്നത്. ഭക്തന്മാര്ക്ക് ഒരുപ്രയാസവും കൂടാതെ പടികയറി ഭഗവദ്ദര്‍ശനം സാധ്യമായിരുന്നു. എന്നാല്‍ ഇത്തവണ അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ നീക്കങ്ങളാണുണ്ടായത്. തേങ്ങ വലിച്ചെറിയുന്നത് പോലെയാണ് ഭക്തരെ വലിച്ചു കയറ്റുന്നത്. കുട്ടികളും വൃദ്ധരുമായവരുടെ കാല്‍മുട്ട് പടിക്കെട്ടില്‍ ഇടിക്കാന്‍ ഇത് കാരണമാവുന്നു. പതിനേഴാമത്തെപടിയില് നിന്ന് ഭക്തനെ പിടിച്ച് ഒറ്റ ഏറാണ്. തന്മൂലം പതിനെട്ടാമത്തെ പടി ചവിട്ടാനാവുന്നില്ല എന്നുമാത്രമല്ല കൊടിമരത്തിനടുത്ത ഇരുമ്പഴിയില്‍ തട്ടി വീഴുകയും ചെയ്യുന്നു. വേണ്ടത്ര പരിചയം ഇല്ലാത്ത പോലീസുകാരും ആധ്യാത്മികാന്തരീക്ഷത്തോട് താല്പര്യമില്ലായ്മയും ഇതിന് കാരണമാണ്. കേന്ദ്രസേനയും മറ്റുമുണ്ടായപ്പോള്‍ ഒരു തടസ്സവും കൂടാതെ മിനിറ്റില്‍ 90 പേര് വരെ പടിചവിട്ടുമ്പോള്‍ ഇപ്പോള്‍ ബുദ്ധിമുട്ടി കൂടിവന്നാല്‍ 60-65 പേരാണ് പതിനെട്ടാംപടി കയറുന്നത്. ബന്ധപ്പെട്ടവരുടെ ഗൗരവമില്ലായ്മയും നിസ്സംഗതയും ഇതില്‍ നിന്ന് വ്യക്തമാവുന്നുണ്ട്.
ഇത്തരം പ്രശ്നങ്ങളും അനാവശ്യമായ തടയലും മൂലം ദര്‍ശനത്തിനായി പതിനെട്ട് മണിക്കൂറോളം ഭക്തര്‍ വരിനില്‍ക്കേണ്ടി വരുന്നു. കഴിയുന്നത്ര ഭക്തരെ കഷ്ടപ്പെടുത്തി അവരില്‍ ശബരിമല ദര്‍ശനം ഒരു പേടിസ്വപ്നമാക്കാനാണ് അജണ്ടാധിഷ്ഠിത രാഷ്ടീയക്കാര്‍ ശ്രമിക്കുന്നത് എന്നുവേണം കരുതാന്‍. അതേ സമയം കൂടുതല്‍ പണം ഇത്തവണത്തെ മണ്ഡലകാലയളവില്‍ ലഭ്യമായെന്നും ദേവസ്വം ബോര്‍ഡ് അഭിമാനം കൊള്ളുന്നുണ്ട്. കഴിഞ്ഞ തവണ ഇതേ കാലയളവില്‍ 105 കോടിയാണ് പിരിഞ്ഞു കിട്ടിയതെങ്കില് ഇപ്പോള്‍ 157 കോടിക്കടുത്ത് ലഭിച്ചിട്ടുണ്ടത്രേ. എന്നാല്‍ 2017ല്‍ ഇതില്‍ കൂടുതല്‍ ഉണ്ടായിരുന്നു എന്ന കാര്യം സൗകര്യപൂര്‍വം വിസ്മരിക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കില്‍ ഈ വരുമാനത്തിന് കാരണക്കാരായവരോട് കച്ചവട മര്യാദ കാണിക്കാനെങ്കിലും ദേവസ്വം ബോര്‍ഡും അവരെ ചങ്ങലയിട്ടു പിടിക്കുന്ന ഭരണകൂടവും തയാറാവേണ്ടേ? എന്തായാലും ഭക്തജനങ്ങള്‍ അതൊക്കെ അയ്യപ്പന്റെ പേരില്‍ സഹിച്ചു കൊള്ളുമെന്ന ധാര്‍ഷ്ട്യം അനുവദിച്ചുകൊടുക്കാനാവുമോ? ആധ്യാത്മികതയുടെ കര്‍പ്പൂരഗന്ധം ഉയരേണ്ടയിടത്ത് ശാപവചനങ്ങള്‍ അലയടിക്കുന്നത് നന്നല്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: