മാധ്യമങ്ങളിലും വേദികളിലും ആവര്‍ത്തിക്കപ്പെടുന്ന വാക്കുകളിലൊന്നാണ് ‘സാംസ്‌കാരിക നായകര്‍.’ ഇതിന്റെ ഏകവചനം ‘സാംസ്‌കാരിക നായകന്‍’ എന്നാണ്. എങ്കിലും ബഹുവചനമായ ‘സാംസ്‌കാരിക നായകര്‍’ക്കാണ് ഏറെ പ്രചാരം. ഒറ്റയ്‌ക്കു നില്‍ക്കാന്‍ തക്ക തലയെടുപ്പുള്ള ആരും സംസ്‌കാര കേരളത്തില്‍ ഇല്ലാത്തതുകൊണ്ടാവാം ഇക്കൂട്ടര്‍ ‘സാംസ്‌കാരിക നായകര്‍’ എന്ന കൊടിക്കീഴില്‍ അണിനിരക്കുന്നത്.
‘പ്രമുഖ സാഹിത്യകാരന്‍’, ‘മലയാളത്തിന്റെ പ്രിയകവി’, ‘കഥയുടെ കുലപതി’ എന്നൊക്കെ പലരെയും വിശേഷിപ്പിച്ചു കണ്ടിട്ടുണ്ട്. എന്നാല്‍ ‘കേരളത്തിലെ പ്രമുഖ സാംസ്‌കാരിക നായകന്‍’ എന്നോ ‘ജനമനസ്സുകളില്‍ ജ്വലിച്ചു നില്‍ക്കുന്ന സാംസ്‌കാരിക നായിക’ എന്നോ ആരും ആരെയും വിശേഷിപ്പിക്കാറില്ല.
‘സാദാ’ എഴുത്തുകാര്‍ക്ക് പലപ്പോഴും വിശേഷണം തന്നെ നിഷേധിക്കപ്പെടുന്നു. ‘നോവലിസ്റ്റ് കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്തു’, ‘കവി കരുണന്‍ കവിത ചൊല്ലി’, ‘കഥാകാരി വന്യ മുഖ്യാതിഥിയായിരുന്നു’ എന്നൊക്കെയാണ് എഴുത്തുകാര്‍ ‘സാദാ’യാണെങ്കിലുമുള്ള പ്രയോഗങ്ങള്‍.
ഈ പരിമിതമായ പരിഗണനപോലും സാംസ്‌കാരിക നായകര്‍ക്ക് കിട്ടുന്നില്ലെന്നത് പരിതാപകരമാണ്. ‘സാംസ്‌കാരിക നായകന്‍ സുഗുണന്‍ ഉദ്ഘാടനം ചെയ്തു’വെന്നോ ‘സാംസ്‌കാരിക നായിക ഗായിക മുഖ്യപ്രഭാഷണം നടത്തി’യെന്നോ ഒരു സാംസ്‌കാരിക വാര്‍ത്തയിലും കണ്ടിട്ടില്ല.
പറഞ്ഞുവരുന്നത് ഇതാണ്: കേരളത്തില്‍ സാംസ്‌കാരിക നായകനോ സാംസ്‌കാരിക നായികയോ ഇല്ല. ‘സാംസ്‌കാരിക നായകര്‍’ മാത്രമേ ഉള്ളൂ.
സാംസ്‌കാരിക നായകരില്‍ സാംസ്‌കാരിക നായികമാര്‍ ഉള്‍പ്പെടുമോ എന്നറിയില്ല. എഴുത്തുകാരില്‍ എഴുത്തുകാരികളും ഉള്‍പ്പെടും. അത് സാംസ്‌കാരിക നായകര്‍ എന്ന പ്രയോഗത്തിനും ബാധകമാണോ? ഭാഷയില്‍ നൂറ്റാണ്ടുകളായി നിലനിന്നു പോരുന്ന ‘ആണധികാര സംസ്‌കാരം’ ഈ പ്രയോഗത്തിലും പ്രതിഫലിക്കുന്നുണ്ടോയെന്ന് സാംസ്‌കാരിക നായികമാരും സ്ത്രീപക്ഷ ചിന്തകരും പരിശോധിക്കട്ടെ.
എഴുത്തുകാരോടും മാധ്യമപ്രവര്‍ത്തകരോടും ഒരഭ്യര്‍ത്ഥന: നിങ്ങള്‍ ഇടയ്‌ക്കെങ്കിലും ‘സാംസ്‌കാരിക നായകന്‍,’ ‘സാംസ്‌കാരിക നായിക’ എന്നീ ഏകവചനരൂപങ്ങള്‍ ഉപയോഗിക്കൂ. ഇല്ലെങ്കില്‍ ഈ രണ്ടു രൂപങ്ങളും താമസിയാതെ ഭാഷയില്‍ ഇല്ലാതാകും.
ഇനി അല്‍പം അര്‍ത്ഥവിചാരം: നായകന് നയിക്കുന്നവന്‍, കൊണ്ടുനടക്കുന്നവന്‍ എന്നൊക്കെ അര്‍ത്ഥം. അപ്പോള്‍ സംസ്‌കാരത്തെ നയിക്കുന്നവര്‍ സാംസ്‌കാരിക നായകര്‍. ജനങ്ങളെ നയിക്കുന്നവര്‍ ജനനായകര്‍. രാഷ്‌ട്രീയ നേതാക്കളെല്ലാം ജനനായകരില്‍പ്പെടും. സാംസ്‌കാരിക നായകരില്‍ ആരെല്ലാം ഉള്‍പ്പെടുമെന്നത് തര്‍ക്കവിഷയമാണ്. എഴുത്തുകാര്‍, പ്രഭാഷകര്‍, ചിന്തകര്‍, എഴുത്തുകാരും അല്ലാത്തവരുമായ ബുദ്ധിജീവികള്‍ തുടങ്ങിയവരൊക്കെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുമത്രേ. എഴുത്തുകാരുടേതിനെക്കാള്‍ മേലെയാണ് വായനക്കാരുടെ സ്ഥാനമെന്ന് ഈയിടെ ഒരു എഴുത്തുകാരന്‍ പറയുകയുണ്ടായി. ആ നിലയ്‌ക്ക്, വായനക്കാരും ഈ വിഭാഗത്തില്‍പ്പെടുമോ?
എന്തായാലും, ഇതര മേഖലകളിലെ നായകരില്‍നിന്ന് പല നിലയ്‌ക്കും വ്യത്യസ്തരാണ് സാംസ്‌കാരിക നായകര്‍. സിനിമയില്‍ നായകനു പുറമെ, പ്രതിനായകന്‍, നായിക എന്നിങ്ങനെ പലരുമുണ്ടാകും.
രാഷ്‌ട്രീയത്തിലെ നായകര്‍ക്ക് അവരുടെ പാര്‍ട്ടിയുടെയും വ്യക്തിത്വത്തിന്റെയും ശക്തിക്കനുസരിച്ച് അണികളുണ്ടാകും. എങ്കിലും രാഷ്‌ട്രീയത്തില്‍ നായകസ്ഥാനം ഭദ്രമല്ല. പാര്‍ട്ടിക്കുള്ളില്‍ പ്രതിനായകര്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ടാകും. ഒരു സുപ്രഭാതത്തില്‍ അവരിലാരെങ്കിലും നായകസ്ഥാനം കൈയടക്കിയേക്കാം. സിനിമയിലെ നായകര്‍ക്കും ആ പദവി ശാശ്വതമല്ല.
‘സംസ്‌കാര’ത്തില്‍ പ്രതിനായകരോ ഉപകഥാപാത്രങ്ങളോ അണികളോ ഇല്ല. എല്ലാവരും നായകര്‍. ഈ തുല്യതയല്ലേ യഥാര്‍ത്ഥ സംസ്‌കാരം?
സാംസ്‌കാരിക നായകര്‍ രാഷ്‌ട്രീയ നായകരെപ്പോലെ എപ്പോഴും പ്രതികരിക്കാറില്ല. എഴുത ാതിരിക്കാന്‍ വയ്യാത്തതുകൊണ്ടുമാത്രമാണ് എഴുതുന്നതെന്ന് ചില എഴുത്തുകാര്‍ പറയാറില്ലേ! ഒന്നും പ്രതികരിക്കാതിരിക്കാന്‍ വയ്യാത്തപ്പോള്‍ മാത്രമേ സാംസ്‌കാരിക നായകര്‍ പ്രതികരിക്കൂ. സമയവും സന്ദര്‍ഭവും അനുകൂലമാവുമ്പോള്‍ അവരുടെ ശക്തിയേറിയ പ്രതികരണം നൈസര്‍ഗികമായി കവിഞ്ഞൊഴുകും.
സാംസ്‌കാരിക നായകരുടെ പ്രതി കരണം പ്രസ്താവനയായാണ് കവിഞ്ഞൊഴുകാറുള്ളത്. ഒന്നിലേറെപ്പേര്‍ ഒപ്പിട്ടിട്ടില്ലെങ്കില്‍ പ്രസ്താവന അസാധുവാകും. (നേരത്തെ പറഞ്ഞതുപോലെ, ഈ രംഗത്ത് ഏകവചനത്തിന് നിലനില്‍പ്പില്ലാത്തതു തന്നെ കാരണം) എത്ര പേര്‍ക്കു വേണമെങ്കിലും ഒപ്പിടാം. അവരെല്ലാം സാംസ്‌കാരിക നായകര്‍. പ്രസ്താവനയിറക്കുന്നുവെന്നറിഞ്ഞാല്‍ ഒപ്പിടാന്‍ നായകര്‍ തടിച്ചുകൂടുമെന്നു ഭയന്ന്, ചില സാംസ്‌കാരിക നായക സംഘങ്ങള്‍ രഹസ്യമായാണ് പ്രതികരണം പത്രമോഫീസുകളില്‍ എത്തിക്കാറുള്ളതത്രെ.
പിന്‍കുറിപ്പ്: വാര്‍ത്തയില്‍ നിന്ന്:
”………എന്നിവരടക്കം മുന്നൂറോളം സാംസ്‌കാരിക നായകരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: