പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരം നടത്തുകയും, മതമൗലികവാദികളെ അക്രമാസക്ത സമരത്തിന് പ്രേരിപ്പിക്കുകയും ചെയ്ത സിപിഎമ്മും കോണ്‍ഗ്രസ്സും ഇപ്പോള്‍ പരസ്പരം നാടകം കളിച്ച് സ്വയം നാണംകെടുകയും, ജനങ്ങളെ നാണം കെടുത്തുകയുമാണ്. ഈ വിഷയത്തില്‍ സിപിഎമ്മിനൊപ്പം സമരം ചെയ്യാനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പ്രഖ്യാപിക്കുമ്പോള്‍, സംയുക്ത സമരം നടത്തണമെന്ന നിലപാടാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക്. മുല്ലപ്പള്ളിയെ പിന്തുണച്ച് വി.എം. സുധീരനും കെ. മുരളീധരനും അടക്കമുള്ളവര്‍ രംഗത്തുവരുന്നു. ഉമ്മന്‍ചാണ്ടിയും വി.ഡി. സതീശനും മറ്റും ചെന്നിത്തലയ്ക്കൊപ്പമാണ്. കോണ്‍ഗ്രസ് അധ്യക്ഷനായ താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടെന്ന് മുല്ലപ്പള്ളി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സിപിഎമ്മുമായി കൈകോര്‍ക്കുന്നതില്‍ എന്താണ് തെറ്റെന്ന മട്ടിലാണ് ഉമ്മന്ചാണ്ടിയെപ്പോലുള്ളവരുടെ പ്രതികരണങ്ങള്‍.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ മൊത്തമായും ചില്ലറയായും നേടി ഭൂരിപക്ഷം സീറ്റുകളിലും കോണ്‍ഗ്രസ്സും യുഡിഎഫുമാണ് ജയിച്ചത്. ഒരുതരി കനലായി ആലപ്പുഴയിലെ എ.എം. ആരിഫിനെ മാത്രമാണ് സിപിഎമ്മിനും എല്‍ഡിഎഫിനും ജയിപ്പിക്കാനായത്. ഇതുപോലും വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലമായിരുന്നു. ഭരണം സമ്പൂര്‍ണ പരാജയമാവുകയും, ജനദ്രോഹ നടപടികളുടെ കാര്യത്തില്‍ റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരിക്കെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അതിനുശേഷം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മുസ്ലിം പിന്തുണ നേടി വിജയിക്കാനാവുമോയെന്നാണ് പിണറായി നോക്കുന്നത്. മുസ്ലിം പിന്തുണ ഒറ്റക്കെട്ടായി സിപിഎമ്മിനും ഇടതുമുന്നണിക്കും പോകുന്നത് തടഞ്ഞ് പങ്കിട്ടെടുക്കുകയെന്നതാണ് ചെന്നിത്തലയുടെ ബുദ്ധി. അടുത്ത മുഖ്യമന്ത്രി താനാണെന്ന് ഉറപ്പിച്ച് അതിനുള്ള കുപ്പായം തുന്നിച്ചുവച്ചാണ് ചെന്നിത്തലയുടെ നടപ്പ്. മുടി കറുപ്പിക്കാനും മറ്റും ബ്യൂട്ടിപാര്ലറുകൡനിന്ന് ഇറങ്ങാതെ നടന്നയാള്‍ ഇപ്പോള്‍ കുറച്ചൊക്കെ നര പുറത്തുകാണിച്ച് ക്ലിഫ്ഹൗസിലെത്താനുള്ള ്രപായവും പക്വതയും പ്രകടിപ്പിക്കുന്നുണ്ട്. സ്വാഭാവികമായും ഇത് മുല്ലപ്പള്ളിക്ക് പിടിക്കുന്നില്ല. അവസരം വരുമ്പോള്‍ വെട്ടാമെന്ന ഉമ്മന്‍ചാണ്ടിക്കുള്ള ആത്മവിശ്വാസം മുല്ലപ്പള്ളിക്കില്ല. ആന്റണിയുടെ ആശ്രിതവത്സലന് എന്നതാണല്ലോ ആകെയുള്ള യോഗ്യത.
സിപിഎമ്മുമായി ചേര്‍ന്ന് ഇനി സമരത്തിനില്ലെന്ന് ഇപ്പോള്‍ വെളിപാടുണ്ടായിരിക്കുന്ന മുല്ലപ്പള്ളി ഡിസംബര്‍ പതിനാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ എന്തെടുക്കുകയായിരുന്നു? അന്ന് കൈകോര്‍ത്ത സിപിഎമ്മുമായി തൊട്ടുകൂടാതിരിക്കാന് ഒന്നര ആഴ്ചയ്ക്കുള്ളില്‍ എന്ത് മാറ്റമാണാവോ വന്നത്? രാജ്യത്തെ ഒരൊറ്റ പൗരനും ദോഷം ചെയ്യാത്ത, ഇസ്ലാമിക രാജ്യങ്ങളായ പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍നിന്ന് പീഡനങ്ങളെത്തുടര്‍ന്ന് പലായനം ചെയ്തു വരുന്നവര്‍ക്ക് പൗരത്വം നല്കുന്ന നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി അക്രമാസക്ത സമരം ചെയ്്തത് കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുപാര്‍ട്ടികളും ഒരുമിച്ചാണ്. സോണിയയും യെച്ചൂരിയും ഒറ്റക്കെട്ടായിരിക്കുമ്പോള്‍ മുല്ലപ്പള്ളിക്കെന്താണ് പ്രശ്നം? കോണ്‍ഗ്രസ്സിന്റെ കുടുംബവാഴ്ച തിരിച്ചുകൊണ്ടുവരാന്‍ പാര്‍ലമെന്റില്‍ കൈപൊക്കുന്നവരോട് കേരളത്തില്‍ മാത്രം അയിത്തമെന്തിന്? വംശനാശഭീഷണി നേരിടുന്ന പശ്ചിമബംഗാളില്‍ ഇരുപാര്‍ട്ടികളും മുന്നണിയായാണല്ലോ മത്സരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കള്ളപ്രചാരണം നടത്തി രാജ്യമെമ്പാടും കലാപം അഴിച്ചു വിട്ടവര്‍ സത്യസന്ധമായ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ മുഖംരക്ഷിക്കാന്‍ ഒാരോരോ വഴികള്‍ തേടുകയാണ്. അടുത്തിടെ ദല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ നടത്തിയ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തിന്റെ തനിനിറം തുറന്നുകാട്ടുകയുണ്ടായി. സകലവിധ ജനാധിപത്യ മര്യാദകളും കാറ്റില്‍പ്പറത്തി മോദി സര്‍ക്കാരിനെതിരെ എല്ലാം മറന്ന് കൈകോര്‍ക്കുന്നവര്‍ കേരളത്തില്‍ ഇരുമുന്നണികളായി മത്സരിക്കുന്നതുകൊണ്ടുമാത്രം പരസ്പരം എതിര്‍ക്കുന്നത് തികഞ്ഞ അവസരവാദമാണ്. ഈ രാഷ്ട്രീയത്തട്ടിപ്പ് അധികം വൈകാതെ ജനങ്ങള്‍ മനസ്സിലാക്കുകതന്നെ ചെയ്യും. അതുകൊണ്ട് നാടകം കളിച്ച് നാണംകെടാമെന്നല്ലാതെ വിടുവായത്തംകൊണ്ട് ഒന്നും നേടാനാവില്ലെന്ന് മുല്ലപ്പള്ളിയെപ്പോലുള്ളവര്‍ തിരിച്ചറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: