ഡാവിഞ്ചിയുടെ ക്യാന്‍വാസും കവിഞ്ഞൊഴുകിയ ലോകവിസ്മയമാണ് മൊണാലിസയുടെ നിഗൂഢസ്മിതം. ലോകമെങ്ങും പഠനഗവേഷണങ്ങള്‍ കയറിയിറങ്ങിയ അപൂര്‍വ ചിത്രം. മൊണാലിസയോളം വരില്ലെങ്കിലും അത്തരം നൂറുകണക്കിന് ഗൂഢസ്മിതങ്ങള്‍ കാണാം കംബോഡിയയിലെ ബയോണ്‍ ക്ഷേത്രശില്‍പങ്ങളില്‍. ശില്‍പ്പങ്ങളല്ല, ‘ശിലാമുഖ’ങ്ങളെന്ന് പറയുന്നതാണ് അഭികാമ്യം. വശ്യം, വിഷാദം,ദുഃഖം, ചാരുത എല്ലാം സമന്വയിക്കുന്ന മുഖങ്ങള്‍. നിറങ്ങളുടെ വശ്യതയില്ലാതെ, 54 ഗോപുരങ്ങളുടെ നാലുവശങ്ങിലുമായി പരുക്കന്‍ കല്ലിലുറങ്ങുന്ന ഈ ചിരിക്കുന്ന മുഖങ്ങള്‍ അറിയപ്പെടുന്നത് ‘’തെക്കുകിഴക്ക് ഏഷ്യ’യുടെ മൊണാലിസയെന്നാണ്.
പുരാതന ക്ഷേത്രനഗരമായ അങ്കോര്‍ തോമിന്റെ ഹൃദയഭൂമിയിലാണ് പന്ത്രണ്ടാംശതകത്തില്‍ പണിത ബയോണ്‍ക്ഷേത്രം. ഖമര്‍രാജവംശത്തിന്റെ തിരുശേഷിപ്പുകള്‍ ഉറങ്ങുന്ന അങ്കോര്‍തോമില്‍ രാജാ ജയവര്‍മന്‍ ഏഴാമന്‍ പണിതതാണ് ഈ ബുദ്ധക്ഷേത്രം.
ബയോണ്‍ ക്ഷേത്രത്തിന്റെ പൂര്‍വനാമം ജയഗിരി( വിജയപര്‍വതം)യെന്നായിരുന്നു. വിദേശാധിപത്യത്താല്‍ കംബോഡിയയില്‍ രാജഭരണത്തിന് അന്ത്യമായതോടെ ക്ഷേത്രങ്ങളുടെ പ്രതാപകാലവും അസ്തമിച്ചു. ജയഗിരിയെന്നറിയപ്പെട്ട ക്ഷേത്രം ഫ്രഞ്ച് അധിനിവേശത്തിനുശേഷം ‘ബന്യാന്‍ (ആല്‍മരം) ക്ഷേത്ര’മായി മാറി. ബുദ്ധന് ബോധോദയമുണ്ടായത് ആല്‍മരത്തിനു കീഴെയെന്ന കഥയാവാം പേരുമാറ്റത്തിന് കാരണം. ക്ഷേത്രത്തിന് ചുറ്റിലുമുള്ള ആല്‍മരക്കൂട്ടങ്ങള്‍ ഇത് ശരിവയ്‌ക്കുന്നു. കാലാന്തരത്തില്‍ ബന്യാന്‍ ലോപിച്ച് ‘ബയണ്‍’ എന്നായി മാറി.
വിഖ്യാതമായ അങ്കോര്‍വാത് ക്ഷേത്രമുള്‍പ്പെടെ ഖമര്‍ രാജാക്കന്മാര്‍ പണിത എണ്ണമറ്റ ക്ഷേത്രങ്ങളുടെ സമുച്ചയമാണ് അങ്കോര്‍ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്. സഞ്ചാരികള്‍ അണമുറിയാതെത്തുന്ന അങ്കോര്‍ പാര്‍ക്കിന്റെ തലയെടുപ്പത്രയും ബയോണിലെ കൂറ്റന്‍ ശിലാമുഖങ്ങളില്‍ ദൃശ്യമാണ്.
ക്ഷേത്രഗോപുരങ്ങളുടെ നാലുവശങ്ങളിലായി കൊത്തിയിരിക്കുന്ന ശില്‍പ്പങ്ങള്‍ക്കു കീഴെ നില്‍ക്കുമ്പോള്‍ ആകാര താരതമ്യത്തില്‍ മനുഷ്യന്‍ ഉറുമ്പിന് സമാനമാകുന്നു. ഏതു ദിശയില്‍ നിന്ന് നോക്കിയാലും നിങ്ങള്‍ക്കു നേരെ ഈ കല്‍മുഖങ്ങള്‍ നിഗൂഢസ്മിതം
പൊഴിക്കുന്നു. ഇവയ്‌ക്കു പുറമേ, ചരിത്രവും ഐതിഹ്യവും കംബോഡിയക്കാരുടെ ദൈനംദിന ജീവിതവും വായിച്ചെടുക്കാവുന്ന ചെറുതും വലുതുമായ 200 ലേറെ ശില്‍പങ്ങളുണ്ട് ക്ഷേത്രത്തിനകത്ത്. ക്ഷേത്രമതില്‍ക്കെട്ടില്‍ 11,000 ത്തിലേറെ. രണ്ടു മണിക്കൂറെങ്കിലും വേണം അവയത്രയും കണ്ടാസ്വദിക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: