കൊട്ടാരക്കര: ഗോപിക യാത്രയായത് അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എഴുകോണ്‍ പുതുശേരിക്കോണം ശ്യാം വിലാസത്തില്‍ ശരത്തിന്റെ ഭാര്യ ഗോപികയുടെ (21) അവയവങ്ങളാണ് ദാനം ചെയ്തത്. എഴുകോണ്‍ പുതുശേരികോണം ശാഖാ മുഖ്യശിക്ഷകാണ് ശരത്.
13ന് രാത്രി 9ന് എഴുകോണ്‍ കല്ലുംപുറം ജങ്ഷനിലായിരുന്നു അപകടം. ചീരങ്കാവില്‍ നിന്നു എഴുകോണിലേക്ക് വരികയായിരുന്ന ശരത്തും ഗോപികയും സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാര്‍ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അതീവഗുരുതരാവസ്ഥയിലായ ഗോപികയെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയെങ്കിലും കഴിഞ്ഞദിവസം മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു.
തുടര്‍ന്നാണ് ഗോപികയുടെ വൃക്കകളും കരളും കണ്ണുകളുടെ കോര്‍ണിയകളും അഞ്ചുപേര്‍ക്കായി ദാനം ചെയ്തത്. ഇവ സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ അവയവങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നവരില്‍ അര്‍ഹരായവര്‍ക്കാണ് നല്‍കിയത്.
2018 ഡിസംബര്‍ 24നായിരുന്നു ഗോപികയും ശരത്തും വിവാഹിതരായത്. മുട്ടറ പൊടിയമ്മ സദനത്തില്‍ പ്രേംസിയുടെയും സുജാതയുടെയും മകളാണ്. ശരത് അപകടനില തരണം ചെയ്തു. ഗോപികയുടെ സംസ്‌കാരം നടത്തി.
















