തിരുവനന്തപുരം: ജനസംഖ്യാ രജിസ്റ്റര്‍ പരിഷ്‌കരിക്കുന്ന ജോലികള്‍ നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശമില്ലെന്ന് റിപ്പോര്‍ട്ട്. സെന്‍സസ് നടപടികളുടെ ഭാഗമായി ശേഖരിക്കുന്ന ജനസംഖ്യാരജിസ്റ്ററിനു പൗരത്വരജിസ്റ്ററുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളില്‍ പേടിച്ച് തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇത് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി വേണമെന്നതാണ് വസ്തുത.
ഇന്നലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായതിനാല്‍ ഈ ഉത്തരവ് സംസ്ഥാനത്തെ സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടറേറ്റിന് കൈമാറിയിട്ടില്ല. ഇവിടുത്തെ ഉത്തരവിനു ശേഷമാകും ജനസംഖ്യാരജിസ്റ്ററിന്റെ വിവര ശേഖരണത്തെ കുറിച്ച് കേന്ദ്രത്തെ അറിയിക്കുക. അവിടെ നിന്ന് ലഭിക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാകും തുടര്‍നടപടികളെന്നും അധികൃതര്‍ വ്യക്തമാക്കി. 2020 ഏപ്രില്‍, മേയ് മാസങ്ങളിലാണ് വീടുകളുടെ പട്ടികയും ജനസംഖ്യാ രജിസ്റ്ററും പുതുക്കുക. 2021ലെ സെന്‍സസിനുള്ള പ്രാഥമിക നടപടികള്‍ക്കാണ് ഇപ്പോള്‍ തുടക്കമിട്ടിട്ടുള്ളത്. 2021 ഫെബ്രുവരിയില്‍ തന്നെയാണ് എന്യൂമറേഷന്‍ നടപടികളും നിശ്ചയിച്ചിട്ടുള്ളത്.
















