ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി ഇന്ന് ദല്‍ഹിയില്‍ നടക്കും. രാംലീല മൈതാനിയില്‍ നടക്കുന്ന വിശാല റാലിയെ നരേന്ദ്രമോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിക്ക് നേരെ വധശ്രമം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമീപകാല സംഭവങ്ങളിലെ നിലപാട് റാലിയില്‍ മോദി വ്യക്തമാക്കുമെന്നാണ് സൂചന. പൗരത്വ നിയമത്തെക്കുറിച്ച് രാജ്യവ്യാപകമായി ബിജെപി സംഘടിപ്പിക്കുന്ന വിശദീകരണ റാലികളില്‍ ആദ്യത്തേത് കൂടിയായിരിക്കും ഇന്നു നടക്കുന്നത്.
പൗരത്വ ഭേദഗതി നിയമതിനെതിരെ നടക്കുന്ന കലാപങ്ങള്‍ക്ക് എതിരെ ശക്തമായ പ്രചാരണം നടത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. നിയമം വിശദീകരിച്ച് അടുത്ത പത്ത് ദിവസത്തിനുള്ളില്‍ രാജ്യമൊട്ടുക്കും റാലികള്‍ സംഘടിപ്പിക്കും. ശക്തമായ പ്രചരാണ പരിപടികള്‍ക്കും ബിജെപി പദ്ധതി ഇട്ടിട്ടുണ്ട്. 250 വാര്‍ത്താസമ്മേളനങ്ങള്‍, പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യം, വീടുകയറിയുള്ള പ്രചാരണം എന്നിവ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
















