ലഖ്‌നൗ/മുസാഫിര്‍നഗര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ച പ്രക്ഷോഭകാരികളില്‍നിന്ന് തുക ഈടാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിക്രമങ്ങള്‍ കാണിച്ച ഇവരുടെ സ്വത്തുക്കള്‍ കണ്ടുക്കെട്ടാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടങ്ങള്‍ നടപ്പാക്കി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം മുമ്പ് കലാപകാരികളുടെ സ്വത്തുക്കള്‍ ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ആരംഭിച്ചിരിക്കുന്നത്.
ഔദ്യോഗിക പരിപാടികളെല്ലാം ഒഴിവാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തലസ്ഥാനത്തു തങ്ങുകയാണ്. ‘അക്രമികളെ വെറുതേ വിടില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ സന്ദര്‍ശിച്ച് അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ 4500 ലേറെ പേര്‍ സംസ്ഥാനത്ത് കസ്റ്റഡിയിലുണ്ട്. 700 ലേറെപ്പേരെ അറസ്റ്റു ചെയ്തു. ഇതില്‍ സമൂഹമാധ്യമ പോസ്റ്റുകളുടെ പേരിലാണ് 102 പേരുടെ അറസ്റ്റ്.
അതേസമയം, കാന്‍പുരിലും റാംപുരിലും ഇന്നലെ വീണ്ടും ആക്രമണങ്ങളുണ്ടായി. സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ അമിതാബ് ബാജ്‌പേയി, മുന്‍ എംഎല്‍എ കമലേഷ് തിവാരി എന്നിവരെ മുന്‍കരുതലായി അറസ്റ്റ് ചെയ്തു. റാംപുരില്‍ ഇന്നലെ ബന്ദായിരുന്നു. പോലീസിനു നേരെ കല്ലെറ് വരെ ഉണ്ടായി. സംഘര്‍ഷത്തിനിടയില്‍ റാംപൂരില്‍ ഒരാള്‍ മരിച്ചു.
നാലു ദിവസത്തിനു ശേഷം അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ഇന്നലെ പ്രതിഷേധമുണ്ടായി. അധ്യാപകരും മറ്റു ജീവനക്കാരും പങ്കെടുത്തു. 15, 16 തീയതികളിലുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂര്‍ റിട്ട. ജസ്റ്റിസ് വി.കെ. ഗുപ്തയെ നിയോഗിച്ചു.
















