കോട്ടയം: ഭൗതിക ജീവിതത്തോടൊപ്പം ആത്മീയതയും പൈതൃകവും സംരക്ഷിക്കപ്പെടണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശേഖരന്‍. തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തില്‍ നടക്കുന്ന കോട്ടയം ഹിന്ദുധര്‍മ്മ പരിഷത്തിന്റെ 15-ാമത് പ്രഭാഷണ പരമ്പരയായ ഹിന്ദുവിചാര സത്രത്തില്‍ വിവിധ തലത്തില്‍ വ്യക്തിമുദ്രപതിപ്പിച്ചവരെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരള സൃഷ്ടിയില്‍ പൈതൃകത്തെ സംരക്ഷിക്കാന്‍ പദ്ധതിവേണം. ഭൗതിക ജീവിത സാഹചര്യം മാത്രമല്ല നവകേരള സൃഷ്ടി. പണംമുടക്കിയാല്‍ നമ്മുക്കെന്തും കിട്ടും. എന്നാല്‍ പണംമുടക്കിയാല്‍ കിട്ടാത്ത പൈതൃക സ്വത്തുകള്‍ നമ്മുക്ക് നഷ്ടമാകുന്നു. ഹിന്ദുത്വം സമഗ്രമാനവ ദര്‍ശനമാണ്. മൂല്യങ്ങള്‍ നഷ്ടപ്പെട്ടാല്‍ മനുഷ്യനല്ലാതെ പോകും. ഭൗതിക ജീവിതത്തില്‍ എല്ലാം നേടിയെന്ന് ചിന്തിക്കുന്നത് ശാശ്വതമല്ല. നമ്മുക്ക് രാഷ്‌ട്രമാണ് വലുത്. അഭയാര്‍ത്ഥികളെ സ്വീകരിച്ച പാരമ്പര്യമാണ് ഭാരതത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സത്രം കെ.ജി.ജയന്‍(ജയവിജയ) ഉദ്ഘാടനം ചെയ്തു. എം.രാജഗോപാലന്‍ നായര്‍ അധ്യക്ഷനായി.
ചടങ്ങില്‍ സി.പി.രവീന്ദ്രന്‍ നെടുംകുന്നം എഴുതിയ ശബരിമലയുടെ സവിശേഷതകളും കോടതിവിധയും പ്രത്യാഘാതങ്ങളും എന്ന പുസ്തകം കുമ്മനം അയ്യപ്പസേവാ സമാജം ദേശീയ സംഘടനാ കാര്യദര്‍ശി വി.കെ.വിശ്വനാഥന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. വന്ദേമാതരം ബുക്ക്‌സ് കോട്ടയമാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. കെ.ജി.ജയന്‍, മെഡിക്കല്‍ കോളേജ് ഹൃദ്രോഗ വിഭാഗം മേധാവി ഡോ.വി.എല്‍.ജയപ്രകാശ്, എം.കെ. തങ്കമ്മ, പി. ദാസപ്പന്‍ നായര്‍ എന്നിവരെ കുമ്മനം ആദരിച്ചു.
















